സ്നേഹിക്കപ്പെടുന്നവരുടേതായാലും, നിർമ്മലസ്നേഹത്താൽ തോറ്റു പോയവരുടേതായാലും, ശരി അസാധ്യസ്നേഹത്തിന്റെ ലോകം അമർത്തി വച്ച അനേകം കരച്ചിലുകളുടേതാണ്, അതിലേറെ ഡിപ്രസ്സുചെയ്യപ്പെട്ടതാണ്, അങ്ങനെയേറ്റ മാരകമായ സ്നേഹക്ഷതങ്ങളോടെ ജീവിച്ച്, രോഗാതുരമായ സ്നേഹത്തെക്കുറിച്ച് മാത്രം നൂറ് കണക്കിന് കവിതയെഴുതിയ ഒരാൾ ഏറെ നാൾ ജീവിച്ചിരിക്കില്ലല്ലോ, 2018 മെയ് 5 ന് ജിനേഷ് മടപ്പള്ളി ആത്മഹത്യ ചെയ്തു,ഇന്ന് 2020 മെയ് 5 ജിനേഷിന്റെ ഓർമ്മ ദിവസമാണ്, അത്മഹത്യക്കൊരുങ്ങുന്ന ഒരാൾ എത്രയോ ദിവസങ്ങൾക്ക് മുൻപിൽ മരിച്ചിട്ടുണ്ടാവും എന്നെഴുതി വച്ച് അതേ മട്ടിൽ തിരിച്ചു പോയ ഒരു പച്ച മനുഷ്യന്റെ ഓർമ്മ ദിവസം ……. ജിനേഷിന്റെ ഏറ്റവും പ്രശസ്തമായ ഒരു കവിത നോക്കുക
“സ്നേഹത്തിൽ പെട്ട മനുഷ്യർ
ഖനിയിൽ കുരുങ്ങിയ മനുഷ്യരേപ്പോലെയാണ്,
പ്രാണവായുവും
ലഘു പാനീയങ്ങളും
മനസ്സ് തകരാതിരിക്കാനുള്ള
മരുന്നുകളും മാത്രമേ പുറത്ത്
നിന്ന് നൽകാവു
പുതുതായ് എന്തെങ്കിലുമൊന്ന്
ചെയ്യണമെങ്കിൽ,
അവർ രക്ഷപ്പെട്ടേ മതിയാകു ….
സ്നേഹത്തിൽ പെട്ടവർ മാത്രം ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല,
സ്നേഹം സ്നേഹം എന്ന് നിലവിളി വിളംബരം ചെയ്തു കൊണ്ട് എല്ലാക്കാലത്തും
അവർ മാത്രം മുറിവേറ്റവരായ് ജീവിക്കും!
നോക്കൂ:
” നിന്നെ സ്നേഹിക്കാൻ ഒരുങ്ങിയ ദിവസം
തൊട്ടിലാട്ടുന്ന കാറ്റിനെ
കിളിക്കൂടെന്ന പോലെ
മുറിവുണക്കുന്ന സൂചിയെ
കുട്ടിയെന്ന പോലെ
പേടിച്ച്
അകലം സൂക്ഷിക്കാൻ തുടങ്ങി
നേരം തെറ്റിയ നേരത്ത്,
വരാതിരിക്കാൻ
നിന്റെ വീട്ടിലേക്കുള്ള വഴികളെ മറന്നു
നേരം തെറ്റിയ നേരത്ത് വിളിക്കാതിരിക്കാൻ,
നിന്റെ ശബ്ദം സൂക്ഷിക്കുന്ന
സംഖ്യകളെ മായ്ച്ചു കളഞ്ഞു,
ഉൻമാദികൾ
ഇഷ്ടത്തിൽ പെടുമ്പോൾ,
സെല്ലിലാവാതിരിക്കാൻ
കൂടുതലായ മുൻകരുതലുകൾ
ആവശ്യമാണന്ന് തോന്നുന്നു; ” ………
പ്രണയിക്കുന്നവർക്കെന്ത് ഡിഫൻസ്,
എല്ലാ ഡിഫൻസുകളും നിരന്തരം പൊട്ടി
തകർന്ന് നീറ്റിലോടുന്ന കപ്പലുകൾ
ആത്മഹത്യ മുനമ്പിൽ തട്ടി തകരുന്നത് ,,,,,
ഒരു കിളികൊട്ടാരത്തിനോളം പോന്ന
അവരുടെ കരുതലുകൾ ……
പ്രണയിനികൾ സന്ദേഹികളല്ലന്ന്
ആർക്കാണ് മനസ്സിലാക്കാത്തത്
തീമുനയിൽ വച്ച മനസ്സ്’
എന്തു കണ്ടാലും വെറുതേ കണ്ണു നിറക്കുന്ന ഡിഫക്ടീവ് ഹെഡ്സ്,
മാനുഫാക്ടറിംഗ് ഡിഫക്ടുള്ളവർ
ഒരു കവിയുടെ അവസാന കവിതയാണ് ആത്മഹത്യയെന്ന് ആരാണ് പറഞ്ഞത്
മരിച്ചുകളയാം എന്നു തോന്നിപ്പിക്കുന്നതും ജീവിതാവസ്ഥകൾ തന്നെയാണന്ന് തോമസ് ചെസ്റ്റേർട്ടൻ…..
അവന്റെ അവസാന കവിത നോക്കുക……
” ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
തന്നിലേക്കും മരണത്തിലേക്കും
നിരന്തരം സഞ്ചരിക്കുന്ന
ഒരു വഴിയുണ്ട്.
അവിടം മനുഷ്യരാല്‍ നിറഞ്ഞിരിക്കും
പക്ഷെ, ആരും അയാളെ കാണില്ല
അവിടം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരിക്കും
പക്ഷെ, അയാള്‍ അത് കാണില്ല
അതിന്‍റെ ഇരുവശങ്ങളിലും
ജീവിത്തിലേക്ക് തുറക്കുന്ന
നിരവധി ഊടുവഴികളുണ്ടായിരിക്കും
കുതിക്കാന്‍ ചെറിയ പരിശ്രമം മാത്രം
ആവശ്യമുള്ളവ
അവയിലൊന്നിലൂടെ
അയാള്‍ രക്ഷപ്പെട്ടേക്കുമെന്ന്
ലോകം ന്യായമായും പ്രതീക്ഷിക്കും
കണ്ടിട്ടും കാണാത്തവനെപ്പോലെ
അലസനായി നടന്ന്
നിരാശപ്പെടുത്തും അയാള്‍
മുഴുവന്‍ മനുഷ്യരും
തന്‍റെമേല്‍ ജയം നേടിയിരിക്കുന്നു
എന്നയാള്‍ ഉറച്ച് വിശ്വസിക്കും
അവരില്‍
കോടിക്കണക്കിന് മനുഷ്യരുമായി
അയാള്‍ പോരാടിയിട്ടില്ലെങ്കിലും
അവരില്‍
അനേകം മനുഷ്യരെ അയാള്‍
വലിയ വ്യത്യാസത്തിന് തോല്ർപ്പിച്ചിട്ടുണ്ടെങ്കിലും
വീട്ടുകാരും അടുത്ത സുഹൃത്തുക്കളും
വലുതായി വലുതായി വരും
നാട്ടുകാരും ബന്ധുക്കളും
ചെറുതായി ചെറുതായി പോകും
ഭൂമി
സമുദ്രങ്ങളെയും വന്‍കരകളെയും
ഉറക്കപ്പായപോലെ മടക്കി എഴുന്നേറ്റ്
ചുരുങ്ങിച്ചുരുങ്ങി
തന്നെമാത്രം പൊതിഞ്ഞ് വീര്‍പ്പ് മുട്ടിക്കുന്ന
കഠിന യാഥാര്‍ത്ഥ്യമാകും
ആത്മഹത്യാക്കുറിപ്പില്‍
ആരോ പിഴുതെറിഞ്ഞ
കുട്ടികളുടെ പുഞ്ചിരികള്‍ തൂക്കിയിട്ട
ഒരു മരത്തിന്‍റെ ചിത്രം മാത്രമുണ്ടാകും
ഇടയ്ക്കിടെ
ജീവിച്ചിരുന്നാലെന്താ എന്നൊരു ചിന്ത
കുമിളപോലെ പൊന്തിവന്ന്
പൊട്ടിച്ചിതറും
ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
മരിച്ചിട്ടുണ്ടാവും
അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
തീരുമാനിച്ചിരുന്നതിനാല്‍
മരിച്ച ഒരാള്‍ക്കാണല്ലോ
ഭക്ഷണം വിളന്പിയതെന്ന്
മരിച്ച ഒരാളുടെ കൂടെയാണല്ലോ
യാത്ര ചെയ്തതെന്ന്
മരിച്ച ഒരാളാണല്ലോ
ജീവനുള്ള ഒരാളായി
ചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്
കാലം വിസ്മയിക്കും
അയാളുടെയത്രയും
കനമുള്ള ജീവിതം
ജീവിച്ചിരിക്കുന്നവര്‍ക്കില്ല
താങ്ങിത്താങ്ങി തളരുന്പോള്‍
മാറ്റിപ്പിടിക്കാനാളില്ലാതെ
കുഴഞ്ഞുപോവുന്നതല്ലേ
സത്യമായും അയഞ്ഞുപോവുന്നതല്ലേ
അല്ലാതെ
ആരെങ്കിലും
ഇഷ്ടത്തോടെ……
അല്ലെങ്കിലും ഒരിക്കലെങ്കിലും ആത്മഹത്യയേക്കുറിച്ച് ചിന്തിക്കാത്ത ഒരാൾ മനുഷ്യനല്ല എന്നാണ് ഞാൻ കരുതുന്നത്……