ഗ്രൂപ്പിലിടംകാലുവച്ചു കയറുമീ
ക്രീച്ചറെക്കാക്കണേ അഡ്മിനാളേ
പാട്ടിന്നപസ്വരം കൂട്ടിനുണ്ടാകുമേ
വാക്കിലഹമ്മതി തീഷ്ണമാണേ….
നേർത്തു നനുത്ത വികാരബിന്ദുക്കളാൽ
കോർത്തതാകാം നിങ്ങൾ തന്ന ഹാരം
ഓർക്കാതെയാകിലും എൻ കരസ്പർശന-
മാത്രയിൽത്തന്നെയാ മാല പൊട്ടാം!
ആത്മരക്തത്തിൻ തുടുപ്പു കലർത്തിയേ
തീർത്തതാകാം നിങ്ങൾ കാവ്യഖണ്ഡം
ആർത്തിയെഴുന്നൊരെന്നാസ്വാദനത്തിന്റെ
ധൂർത്തിലതിൻ മൂല്യമാണ്ടു പോകാം!
ആർത്തവത്തിൽ പേരിലമ്മയെ , പെങ്ങളെ
ക്ഷേത്രം വിലക്കുമീ കെട്ടകാലം
മൂർത്തിയെക്കാക്കുവാനായിക്കുറുവടി –
ക്കോപ്പുകൂട്ടീടും വിചിത്ര കാലം!
ആസുരമാകുമീ കാലത്തിലാകുമോ
ആസ്വദിച്ചീടാൻ, മധുരഗീതം?