ഫുട്ബോൾ പ്രേമികൾ മൈതാനത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്ന താരം. 1977 മുതൽ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുൽമൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും, ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊൽപ്പടിക്ക് നിർത്താനുള്ള അസാമാന്യ കഴിവും കൊണ്ട് മൈതാനത്ത് ഒരു ദൈവത്തിനു മാത്രം സാധ്യമാകുന്ന പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധക മനസുകളിൽ ഇന്നും സ്ഥാനംപിടിച്ചിരിക്കുന്നയാൾ.

ഫുട്ബോൾ മൈതാനത്തെ ഓരോ പുൽനാമ്പുകളെ പോലും ത്രസിപ്പിച്ചിരുന്ന ആ വ്യക്തി ആണ് ഡീഗോ അർമാൻഡോ മാറഡോണ .1960 ഒക്ടോബറിൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിൽ ജനനം. ഡോൺ ഡീഗോ ഡാൽമ സാൽവദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായിരുന്നു ഡീഗോ അർമാൻഡോ മാറഡോണ. റോമൻ കാത്തലിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.

മാറഡോണയുടെ പേരിലെ അർമാൻഡോ എന്ന ഭാഗത്തിന്റെ അർഥം സൈന്യത്തിലെ അംഗം എന്നായിരുന്നു.ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. ആ ടൗണിലെ ഏറ്റവും ദരിദ്രരായ കുടുംബം. ഫാക്ടറി ജീവനക്കാരനായിരുന്ന അച്ഛൻ ഡോണിന് മൂന്ന് ആൺകുട്ടികളും, അഞ്ചു പെൺകുട്ടികളും അടങ്ങുന്ന ആ കുടുംബം പുലർത്താൻ സാധിച്ചിരുന്നില്ല.
ഫുട്ബോളുമായുള്ള കുഞ്ഞു മാറഡോണയുടെ ബന്ധം ആരംഭിക്കുന്നത് അവന്റെ മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയിൽ നിന്ന് ഒരു പന്ത് സമ്മാനമായി ലഭിച്ചതോടെയാണ്. ആ പന്ത് മറ്റാരും എടുക്കാതിരിക്കാൻ കുഞ്ഞ് മാറഡോണ അത് ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കിടന്നുറങ്ങാറ്. എപ്പോഴും പന്തും കൊണ്ട് നടക്കുന്ന അവനെ പഠിത്തമടക്കമുള്ള മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കാനായി അമ്മ ഡാൽമ ചീത്ത പറയുന്നതും പതിവായിരുന്നു. പലപ്പോഴും ആ പന്ത് അവരെടുത്ത് ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്യും.

എന്നാൽ അതുകൊണ്ടൊന്നും കാര്യമുണ്ടായിരുന്നില്ല. ഒടുവിൽ അവർക്ക് മനസിലായി ഫുട്ബോളാണ് അവന്റെ ജീവിതമെന്ന്.ഒമ്പതാം വയസിൽ തന്നെ ആ പ്രദേശത്തെ നല്ല ഫുട്ബോൾ കാളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്ബോൾ ടീമായിരുന്ന ‘ലിറ്റിൽ ഒനിയനി’ലേക്ക് അവൻ തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞൻ മാറഡോണ ടീമിലെത്തിയ ശേഷം തുടർച്ചയായ 140 മത്സരങ്ങളാണ് ലിറ്റിൽ ഒനിയനിയൻ ജയിച്ചുകയറിയത്. അവന്റെ അസാമാന്യ വേഗവും, ഡ്രിബിളിങ് പാടവവും, മികച്ച അസിസ്റ്റുകളും അളന്നുമുറിച്ച പാസുകളുമെല്ലാം തന്നെ കുഞ്ഞ് മാറഡോണയെ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ടവനാക്കി.

തന്നേക്കാൾ പ്രായം കൂടിയവരുടെ കൂടെ കളിക്കുന്ന കുട്ടിയുടെ അസാമാന്യമായ കഴിവ് ശ്രദ്ധയിൽപ്പെട്ട ബണസ് ഐറിസിലെ ഒരു ന്യൂസ് ഔട്ട്ലെറ്റ് അവനെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പക്ഷേ അന്ന് അവൻ മാറഡോണയുടെ പേര് തെറ്റിച്ചാണ് കൊടുത്തത്. കാറഡോണ എന്ന്.എന്നിരുന്നാലും അതോടെ അവന്റെ തലവര മാറി.

12-ാം വയസിൽ ലിറ്റിൽ ഒനിയനിയൻസിൽ നിന്ന് മാറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അർജന്റിനോസ് ജൂനിയേഴ്സ് ടീമിലേക്ക്. അങ്ങനെ 1976-ൽ 16 വയസ് തികയാൻ 10 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മാറഡോണ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. 2003 വരെ അർജന്റീനയിൽ പ്രൊഫഷണൽ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മാറഡോണയുടെ പേരിലായിരുന്നു.

1976 മുതൽ 1981 വരെയുള്ള കാലയളവിൽ അർജന്റിനോസ് ജൂനിയേഴ്സിനായി 166 മത്സരങ്ങൾ കളിച്ച താരം 111 ഗോളുകളും സ്വന്തം പേരിലാക്കി. ഒന്നാം ഡിവിഷനിൽ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മാറഡോണയുടെ വരവോടെ 1980-ൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.പിന്നീട് 1977-ൽ തന്റെ 16-ാം വയസിൽ ദേശീയ ടീമിന്റെ നീലക്കുപ്പായം മാറഡോണയെ തേടിയെത്തി. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം.

പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താൽ 1978-ലെ അർജന്റീനയുടെ ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂൺ രണ്ടിന് സ്കോട്ട്ലൻഡിനെതിരേ നടന്ന മത്സരത്തിൽ രാജ്യത്തിനായുള്ള ആദ്യ ഗോൾ മാറഡോണ കുറിച്ചു.അതേ വർഷം തന്നെ യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള അർജന്റീന ടീമിനെ നയിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ മാറഡോണ, അർജന്റീനയെ ജേതാക്കളാക്കിയ ശേഷം കപ്പുമായാണ് മടങ്ങിയെത്തിയത്.

1986 ലോകകപ്പിലെയും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ മാറഡോണയ്ക്കായിരുന്നു. യൂത്ത് ലോകകപ്പിലും, സീനിയർ ലോകകപ്പിലും ഗോൾഡൻ ബോൾ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമാണ്.1981-ൽ 1.96 ദശലക്ഷം ഡോളറിന് അദ്ദേഹത്തെ ബൊക്ക ജൂനിയേഴ്സ് സ്വന്തമാക്കി. അതേ വർഷം തന്നെ ബൊക്ക ജൂനിയേഴ്സിനൊപ്പം അർജന്റീന ലീഗ് ക്ലബ്ബ് ഫുട്ബോൾ കിരീടവും മാറഡോണ സ്വന്തമാക്കി. 1982-ൽ അർജന്റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ്. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഇറ്റലിയോടും, ബ്രസീലിനോടും തോറ്റ് അർജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരൻ ജോവോ ബാറ്റിസ്റ്റാ ഡസിൽവയെ ചവിട്ടിവീഴ്ത്തിയതിന് മാറഡോണ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു.

ലോകകപ്പിനു പിന്നാലെ മാറഡോണയെ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളർ മുടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സ്വന്തമാക്കി. 1983-ൽ ബാഴ്സയ്ക്കൊപ്പം കോപ്പ ഡെൽ റേ കപ്പും, സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. ബാഴ്സയിൽ മികച്ച രണ്ടു വർഷങ്ങളായിരുന്നു താരത്തിന്റേത്. 58 മത്സരങ്ങളിൽ നിന്നായി ബാഴ്സയ്ക്കായി 38 ഗോളുകളും സ്വന്തമാക്കി. പക്ഷേ പിന്നീട് പരിക്കും വിവാദങ്ങളും അദ്ദേഹത്തെ അലട്ടി. സഹതാരങ്ങളുമായും ക്ലബ്ബ് അധികൃതരുമായും പ്രശ്നങ്ങൾ ഉടലെടുത്തു. ഒടുവിൽ 1984-ൽ ബാഴ്സ വിട്ട് ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയിലേക്ക്.

അന്നത്തെ റെക്കോഡ് തുകയായിരുന്ന 13.54 ദശലക്ഷം ഡോളറായിരുന്നു കൈമാറ്റ തുക.ബാഴ്സയിലായിരുന്ന കാലത്താണ് താൻ കൊക്കെയ്ന് അടിമയായതെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു.1984 നവംബർ ഏഴിനാണ് മാറഡോണയുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം നടക്കുന്നത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ക്ലോഡിയ വില്ലഫെയ്നെ താരം ജീവിതത്തിലേക്ക് കൂട്ടി. 1987 ഏപ്രിൽ രണ്ടിന് ഇരുവർക്കും ആദ്യ കുട്ടി ജനിച്ചു. ഡാൽമ നെരിയ. 1989 മേയ് 16-നായിരുന്നു രണ്ടാമത്തെ മകൾ മകൾ ജിയാനിന്ന ഡിനോരയുടെ ജനനം.
എന്നാൽ മയക്കുമരുന്നിന്റെ ഉപയോഗവും മറ്റ് ബന്ധങ്ങളും താരത്തിന്റെയും, ക്ലോഡിയയുടെയും ജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തി. 15 വർഷക്കാലത്തെ ദാമ്പത്യത്തിനു ശേഷം 2004-ൽ ഇരുവരും വേർപിരിഞ്ഞു. ഡിവോഴ്സ് നടപടികൾക്കിടെയാണ് തനിക്ക് മറ്റൊരു ബന്ധത്തിൽ ഒരു മകനുണ്ടെന്ന് മാറഡോണ വെളിപ്പെടുത്തുന്നത്.

1984 മുതൽ 1991 വരെ നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളിൽ നിന്ന് 81 തവണ സ്കോർ ചെയ്തു. മയക്കുമരുന്നിന്റെ ഉപയോഗവും, അവിഹിത ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളും മാറഡോണയെ പത്രങ്ങളിലെ സ്ഥിരം തലക്കെട്ടാക്കി.ഇതിനിടെ 1986-ൽ തന്റെ രണ്ടാം ലോകകപ്പിൽ അർജന്റീനയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. 1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ നടന്ന ക്വാർട്ടർ ഫൈനലിൽ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ) ചരിത്രത്തിൽ ഇടംനേടി. ഫൈനലിൽ പശ്ചിമ ജർമനിയെ തോൽപ്പിച്ച് കീരിടവുമായാണ് മാറഡോണയുടെ ടീം മടങ്ങിയെത്തിയത്.

ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയതും മാറഡോണ തന്നെ.1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. രാജ്യത്തിനായി നാലു ലോകകപ്പുകൾ കളിച്ച മാറഡോണ 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. അർജന്റീനയ്ക്കായി 91 മത്സരങ്ങളിൽ നിന്ന് 34 തവണ അദ്ദേഹം സ്കോർ ചെയ്തു.പിന്നീട് 1991 മാർച്ച് 17-ന് ഒരു ഫുട്ബോൾ മത്സരത്തിന് ശേഷം നടന്ന പരിശോധനയിൽ താരം കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് 15 മാസത്തെ വിലക്ക്.

അർജന്റീനയിൽ മടങ്ങിയെത്തിയതിനു പിന്നാലെ കൊക്കെയ്ൻ കൈവശം വെച്ചതിന് താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊക്കെയ്ൻ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു.1992-ൽ വിലക്ക് അവസാനിച്ചെങ്കിലും നാപ്പോളിക്ക് കളിക്കാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് നാപ്പോളി വിട്ട് സ്പാനിഷ് ക്ലബ്ബ് സെവിയ്യയിലേക്ക് കൂടുമാറി. ഒരു സീസണിൽ സെവിയ്യയ്ക്കായി കളിച്ച താരം പിന്നീട് ക്ലബ്ബുമായി തെറ്റിപ്പിരിഞ്ഞ് 1993-ൽ നാട്ടിലെ നേവൽസ്സ് ഓൾഡ് ബോയ്സിൽ ചേർന്നു. പിന്നീട് 1994-ൽ ക്ലബ്ബിന്റെ പരിശീലനത്തിൽ പങ്കെടുക്കുന്നില്ലെന്നാരോപിച്ച് താരത്തെ നേവൽസ്സ് ഓൾഡ് ബോയ്സ് പുറത്താക്കുകയായിരുന്നു. തുടർന്ന് വീണ്ടും ബൊക്ക ജൂനിയേഴ്സിലേക്ക്.

1994-ൽ പത്രക്കാരെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചത് വിവാദമായി. ഇതിന്റെ പേരിൽ നിയനടപടിയും നേരിട്ടു. 1994 അമേരിക്ക ലോകകപ്പിൽ രണ്ടു കളികളിൽ മാത്രമേ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചുള്ളൂ. ഗ്രീസുമായുള്ള കളിക്കു ശേഷം നടത്തിയ പരിശോധനയിൽ എഫെഡ്രിൻ എന്ന മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്താക്കി.1996-ൽ മയക്കുമരുന്ന് ഉപയോഗത്തിന് ഒരു സ്വിസ് ഡ്രഗ് ക്ലിനിക്കിൽ ചികിത്സയ്ക്ക് വിധേയനായി. വീണ്ടും ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ 1997-ലെ പിറന്നാൾ ദിനത്തിൽ അദ്ദേഹം ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു.

എങ്കിലും മയക്കുമരുന്നിന്റെ ഉപയോഗം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളഷാക്കി. 2000-ൽ കൊക്കെയ്ൻ ഉപയോഗത്തെ തുടർന്ന് ഹൃദയത്തിനുണ്ടായ പ്രശ്നങ്ങൾ കാരണം തളർന്നുവീണ അദ്ദേഹം യുറഗ്വായിലെ ആശുപത്രിയിൽ ചികിത്സ നടത്തി. പിന്നീട് ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷ നേടാൻ ക്യൂബയിൽ. നാലു വർഷത്തോളം അവിടെ കഴിഞ്ഞു.അതേ വർഷം ഫിഫ നടത്തിയ വോട്ടെടുപ്പിൽ 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ രണ്ടാമത്തെ ഗോൾ നൂറ്റാണ്ടിന്റെ ഗോളായി തിരഞ്ഞെടുത്തു.2004-ൽ ഫുട്ബോൾ മത്സരം കാണുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹം ബ്യൂണസ് ഐറിസിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായി.

പിന്നീട് 2005-ൽ നൈറ്റ് ഓഫ് ടെൻ എന്ന പരിപാടിയുടെ അവതാരകനായി മാറഡോണയെത്തി.2008-ൽ അദ്ദേഹത്തെ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. 2010 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റ് അർജന്റീന ടീം പുറത്തായതോടെ മാറഡോണയുമായുള്ള കരാർ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പുതുക്കിയില്ല.പിന്നീട് അൽ വാസൽ, ഡിപോർട്ടിവോ റിയെസ്ട്ര, ഫുജെയ്റ, ഡൊറാഡോസ് ഡെ സിനാലോ, ജിംനാസിയ ഡെ ലാ പ്ലാറ്റ ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ചു.


1986 ലോകകപ്പിലെ മറഡോണയുടെ വിഖ്യാതമായ വിവാദ ഗോൾ ‘ദൈവത്തിന്റെ കൈ’ എന്ന പേരിൽ അറിയപ്പെടാൻ കാരണം എന്ത്?
1986 ലോകകപ്പിലെ സൂപ്പർ താരമായിരുന്നു മറഡോണ. ജൂൺ 22ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു മറഡോണയുടെ ഏറ്റവും ‘കുപ്രസിദ്ധവും’ ‘സുപ്രസിദ്ധവു’മായ ഗോളുകൾ പിറന്നത്. രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു ‘ദൈവത്തിന്റെ കൈ’ എന്ന പേരിൽ വിഖ്യാതമായ വിവാദ ഗോൾ.
പെനൽറ്റി ബോക്‌സിനു പുറത്ത് വച്ച് ഉയർന്നെത്തിയ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്‌റ്റീവ് ഹോഡ്‌ജിന് പിഴച്ചു. അടിച്ചകറ്റാൻ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോൾമുഖത്തേയ്‌ക്കാണ് ഉയർന്നെത്തിയത്. പന്തു തട്ടിയകറ്റാൻ ചാടിയുയർന്ന ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടനൊപ്പമെത്തിയ മറഡോണയുടെ ഇടംകൈയ്യിൽ തട്ടി ഗോൾ വീഴുകയായിരുന്നു. ഇംഗ്ലണ്ടിന്റെ കളിക്കാർ ഹാൻബോൾ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും ടുണീസിയക്കാരൻ റഫറി അലി ബെന്നസീർ ഗോൾ അനുവദിച്ചു. ഉപായത്തിൽ നേടിയതാണെങ്കിലും ആ ഗോളിലേക്കു വഴിയൊരുക്കിയത് മറഡോണയുടെ തന്നെ ഒറ്റയാൻ മുന്നേറ്റമായിരുന്നു.ആദ്യ ഗോളിന്റെ നാണക്കേടു മുഴുവൻ കഴുകിക്കളഞ്ഞ അനശ്വര മുഹൂർത്തം നാലു മിനിറ്റുകൾക്കു ശേഷം പിറന്നു. മറഡോണ സ്വന്തം ഹാഫിൽനിന്നാരംഭിച്ച ഒറ്റയാൻ മുന്നേറ്റത്തിന്റെ പരിസമാപ്തി ‌‌‌‌‌അതിമനോഹരമായ ഗോളിലാണ് അവസാനിച്ചത്. സെൻട്രൽ സർക്കിളിൽനിന്ന് ഒന്നിനു പിന്നാലെ ഒന്നായി നാലു ഡിഫൻഡർമാരെ ഡ്രിബിൾ

ചെയ്‌ത് മുന്നിലെത്തുമ്പോൾ പ്രതിബന്ധം ഇംഗ്ലിഷ് ഗോളി പീറ്റർ ഷിൽട്ടൻ മാത്രം.
അദ്ദേഹത്തെയും ഡ്രിബിളിൽ മറികടന്ന് മുന്നിലെ ഗോൾ വലയത്തിലേക്ക് പന്തെത്തിക്കുമ്പോൾ മാറഡോണ കുറിച്ചത് ചരിത്രം. ഫുട്‌ബോൾ ആരാധകർക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്‌ചയായ ആ ഗോളിന്റെ ഓർമയ്‌ക്കായി പിറ്റേന്നു തന്നെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ സ്‌മരണിക ഫലകം സ്‌ഥാപിച്ചു. മറഡോണ നേടിയ ആ ഉജ്ജ്വലമായ ഗോളാണ് അർജന്റീനയെ സെമിയിലേക്കും, തുടർന്ന് ഫൈനലിലേക്കും കിരീടത്തിലേക്കും നയിച്ചത്.‘ദൈവത്തിന്റെ’ ആ കൈ കാണിച്ച കുസൃതിയെക്കുറിച്ച് മറഡോണ പിന്നീട് കുറ്റസമ്മതം നടത്തി.‘‘മാപ്പു പറയുകയും കാലത്തിനു പിന്നോട്ടു നടന്ന് ചരിത്രത്തെ മാറ്റിയെഴുതുകയും ചെയ്യാൻ കഴിയുമെങ്കിൽ ഞാനതു ചെയ്യുമായിരുന്നു. പക്ഷേ, അതു സാധ്യമല്ലല്ലോ. ഗോൾ ഗോളായിത്തന്നെ നിലനിൽക്കും. അർജന്റീന ചാംപ്യൻമാരായും ഞാൻ മികച്ച കളിക്കാരനായും ചരിത്രത്തിൽ നിലനിൽക്കും.’’
🎉 മഹാനായ ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവിന് ആദരാജ്ഞലികൾ🎉

By ivayana