പുലർകാല മഞ്ഞൊഴിഞ്ഞു,
കുളിരൊഴിഞ്ഞു, നനവൊഴിഞ്ഞു
പൊയ്പ്പോയ പുലരികൾതൻ
നിറമാർന്ന നിനവൊഴിഞ്ഞു
മഞ്ഞുപെയ്യും രാവുകൾതൻ
നനവുപെയ്യും പുലരികളോ
നിനവുകളിൽ മാത്രമായി,
കനവുകളിൽ മാത്രമായി
പുലർകാല വന്ദനത്തിൻ
തുടികൊട്ടും പാട്ടൊഴിഞ്ഞു
പൂങ്കുയിലിൻ പാട്ടു കേട്ട
പുലർകാലം പോയ് മറഞ്ഞു
പുലരിപ്പൂ മഞ്ഞിലാടും
പുന്നെല്ലിൻ കതിരുകളിൽ
പൂപ്പുഞ്ചിരി തൂകിനിൽക്കും
പുലർമഞ്ഞിൻ കുടമെവിടെ..!
പുലർകാല മഞ്ഞു പെയ്യും
പുലരികളുടെ നനവെവിടെ
നന്മകൾതൻ കുളിരു തൂവും
പുലരിത്തൂമഞ്ഞെവിടെ..!
(ഗീത.എം.എസ്.)