കാസർകോട്ടെയും ഓസ്ട്രിയയിലെയും ഗ്രാമങ്ങൾ തമ്മിൽ എന്താണ് ബന്ധം?. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ അൽപം പിറകിലേോട്ട് പോകേണ്ടതുണ്ട്. കാസർകോട് ജില്ലയിലെ എൺമകജെയിലെ ഒരു സ്ഥലമാണ് ഷേണി. എന്നാല്‍ നാലുവർഷങ്ങൾക്ക് മുൻപ് ഷേണിക്ക് ആ പേരായിരുന്നില്ല. Maire എന്നായിരുന്നു പഴയ പേര്. തുളുഭാഷയിലാണ് ഈ പേര് വന്നത്. മയൂരപ്പാറ ലോപിച്ചാണത്രെ maire ആയത്. ഇവിടെ മയിലുകൾ നൃത്തമാടിയിരുന്നതിനാലാണത്രെ ഈ സ്ഥലത്തിനു മയൂരപ്പാറ എന്നു വന്നത്. ഇവിടെയുള്ളവരിൽ അധികവും കന്നഡയും തുളുവും സംസാരിക്കുന്നവർ ആയിരുന്നു. ഈ പേര് അഭിമാനമായി കൊണ്ടുനടന്നവരായിരുന്നു ഇവർ.
എന്നാൽ കാലക്രമേണ സ്ഥിതി മാറി. തെക്ക് നിന്ന് പണിഷ്മമെന്റ് ട്രാൻസ്ഫർ വാങ്ങി ഒട്ടേറെ മലയാളി ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തി. അപ്പോഴാണ് പേരിന്റെ പേരിലുള്ള ബുദ്ധിമുട്ട് അവർക്ക് ബോധ്യമായത്. മലയാളത്തിൽ സർവസാധാരണമായൊരു തെറിവാക്ക് ആയതിനാൽ എവിടേക്കാണ് സ്ഥലംമാറ്റം കിട്ടിയതെന്ന് ബന്ധുക്കളോട് പറയാൻ പോലും ഇവർ മടിച്ചു. അപ്പോഴും കന്നഡയും തുളുവും സംസാരിക്കുന്ന നാട്ടുകാർക്ക് പേരിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ല. അവിടെ എത്തിയ മലയാളിയിൽ നിന്നാണ് പേര് മലയാളത്തിലെ ഒരു തെറിവാക്കാണെന്ന് നാട്ടുകാർ അറിഞ്ഞത്. അങ്ങനെ പേരുമാറ്റണമെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനൊപ്പം നാട്ടുകാരും ചേർന്നു. അങ്ങനെ 2016 ഡിസംബറിൽ ഷേണി എന്ന പേരും വന്നു.
കാസർകോട് പട്ടണത്തിൽനിന്നും 27 കിലോമീറ്റർ അകലെയാണ് ഷേണിസ്ഥിതി ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ ഇവിടെയാണ് ചിത്രീകരിച്ചത്. കന്നഡ, തുളു എന്നിവയാണ് പ്രധാന ഭാഷ. മലയാളം ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടി വരുന്നുണ്ട്. കാർഷികപ്രധാനമായ പ്രദേശമാണ്. പറങ്കിമാവ്, കവുങ്ങ് എന്നിവയാണ് പ്രധാന കൃഷി.
കാസർകോട്ടിലെ ഷേണി ഗ്രാമത്തെ അനുകരിച്ചിരിക്കുകയാണ് ഇപ്പോൾ ഓസ്ട്രിയയിലെ ഒരു ഗ്രാമം. ഏറെക്കുറെ സമാനമാണ് ഈ ഓസ്ട്രിയയിലെ ഗ്രാമത്തിന്റെ പേരുമാറ്റവും. വിയന്നയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമത്തിന്റെ പേര് Fucking എന്നാണ്. ഇംഗ്ലീഷുകാരുടെ പതിവ് തെറിയായത് കാരണം സോഷ്യൽമീഡിയയിൽ അടക്കം ഒട്ടേറെ അപമാനമാണ് നാടിന് ഏറ്റുവാങ്ങേണ്ടിവന്നത്. സഹിക്കാൻ വയ്യാതെ വന്നതോടെയാണ് 11 നൂറ്റാണ്ടിൽ വന്ന ഈ പേര് മാറ്റാൻ തീരുമാനമായത്. ജനുവരി 1 മുതൽ Fugging എന്നായിരിക്കും ഈ ഗ്രാമത്തിന്റെ പേര്. കഴിഞ്ഞ ദിവസം ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗമാണ് പേരുമാറ്റാൻ തീരുമാനമെടുത്തത്.
കർട് പാമിന്റെ നോവലിൽ പേരുവന്നതോടെയാണ് ഈ ഗ്രാമം വാർത്തകളിൽ നിറയുന്നത്. പിന്നീട് ഇതു സിനിമയുമായി. ഇവിടെ എത്തുന്ന ഇംഗ്ലീഷുകാരായ വിനോദ സഞ്ചാരികള്‍ പലരും ഈ ഗ്രാമത്തിന്റെ സൈൻ ബോർഡിനൊപ്പം ഫോട്ടോ എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെ പേരിന്റെ പ്രശസ്തി ലോകമാകെ പരന്നു. നാണക്കേട് കാരണം സൈൻ ബോർഡുകൾ മോഷണം പോകുന്നത് പോലും ഇവിടെ പതിവായി. ഇതിനൊടുവിലാണ് പേരുമാറ്റാൻ തീരുമാനമായത്. ഗ്രാമത്തിന്റെ പേരുമാറ്റാൻ തീരുമാനിച്ചതായി ടാർസ്ഡോർഫ് മുനിസിപ്പൽ കൗൺസിലിലെ മേയർ ആൻഡ്രിയ ഹോൾസ്നർ സ്ഥിരീകരിച്ചു.