വറ്റിവരണ്ടൊരു നദിപോലെൻമനം
ചുറ്റി കറങ്ങവേ ഞാൻ ‘ നിയമജ്ഞനായ് ‘
ചുറ്റിലും നോക്കി നമ്രശിരസ്‌കനായ്
വറ്റൊട്ടും ഉണ്ണാത്തോരുദരം കാണവേ.
‘പറ്റില്ലിവിടെ കിടക്കുവാൻ ആർക്കുമേ
വഴി തേറ്റിവന്ന പക്ഷി കൊറ്റിയാണെങ്കിലും’
എന്ന,ഹങ്കാരം മുറ്റിയ കരാള ഭാഷയിൽ
തെറ്റില്ലെന്നശു രോഷേണ ചൊല്ലിനാൻ.
ഒട്ടിയ കവിളും പീളമൂടിയ നയനവും
എരിയുന്ന നെഞ്ചിൽ പിടയുന്ന ഹൃദയവും
പൊരിയുന്ന വയറോളം തൂങ്ങും സ്തനങ്ങളും
പാണിയാൽ മറച്ചു കേഴുന്നു വയോധിക.
ആരോരുമില്ലാതെ പാതതൻ ഓരത്തു
മനുഷ്യാകാരം പൂണ്ടു പുലരുന്നോൾ
പ്രത്യഹം മാനുഷ്യർ പ്രതികരിച്ചീടാതെ
ദേവദർശനാർഥം പ്രയാണമാകുന്നു.
ദ്വിഗ്‌വിജയത്തിനു കൊതിച്ചോരശ്വമായ്
പെറ്റുവളർത്തിയ വയറിനെ പോറ്റാതെ
മാറ്റത്തിൻ കൊടി മുറ്റത്തു പാറിച്ചി –
ട്ടറ്റ കൈക്കു ഞാൻ തിരുനടയിൽ തള്ളിയോ?
കണ്ണുനീർ വറ്റിയ പുഴയും കാർമേഘവും
സാക്ഷികളായൊരു ദുർദിനവറുതിയിൽ
‘അവകാശിയില്ലാത്തയമ്മ’ യെ കണ്ടാളുക-
ളെന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയോ?
പൊലിയുന്ന പകലിൽ ഏകാന്തപഥികനായ്
തെരുവിൽ മരിച്ച പ്രാണന്റെ പ്രേതംപോൽ
കവിത മുറ്റിയ അധരം കടിച്ചു ഞാൻ
ചിറകൊതുക്കി കൂടണയും പക്ഷിപോൽ.