അങ്ങനെ ഏഴിലക്കര ഗ്രാമവും തിരഞ്ഞെടുപ്പ് ചൂടിലമർന്നതൊടെ മെമ്പർ പപ്പിനിയുടെ വർഷങ്ങൾ നീണ്ട അപ്രമാദിത്ത്വം അവസാനിപ്പിക്കുവാൻ ആരുവേണം സ്ഥാനാർഥിയെന്ന ചർച്ചയിലാണ് ഏഴിലക്കരയിലെ പപ്പിനിവിരുദ്ധർ.

കഴിഞ്ഞ നാലുതവണയായി അതായത് ഏതാണ്ട് ഇരുപത് വർഷത്തോളമായി വനിതാസംവരണമെന്നോ ജനറൽ സീറ്റെന്നോ വ്യത്യാസമില്ലാതെ ഏഴിലക്കരയിലെ മെമ്പർപദം അലങ്കരിക്കുന്നത് പാണ്ടിത്തറയിൽ പപ്പനാവാൻ പപ്പിനിയെന്ന, പി. പി. പപ്പിനിയാണ്.

ഒരുമുന്നണിയുടെയും ലേബലിലല്ലാതെ സർവ്വതന്ത്ര സ്വതന്ത്രയായാണ് ഏഴിലക്കരയിലെ പപ്പിനിയുടെ തേരോട്ടം, അതും നെറ്റിപട്ടംക്കെട്ടിയ ആന അടയാളത്തിൽ.
സ്വഭാവത്തിൽ ഏതാണ്ടൊരു പി സി ജോർജ്ജ്-ശിവൻകുട്ടി-രാജ്‌മോഹൻഉണ്ണിത്താൻ മിശ്രിതമായി വരും പപ്പിനിയും.
നാവിൽനിന്ന് നദീജലപ്രവാഹം പോലെ പുറത്തേക്കൊഴുകുന്ന പപ്പിനിവചനങ്ങൾ പഞ്ചായത്തിനകത്തും പുറത്തും പ്രശസ്തമാണ്, സൂര്യാഘാതത്തെക്കാൾ പൊള്ളിക്കുന്ന പപ്പിനിവചനങ്ങൾ ഏറ്റുവാങ്ങാത്ത ഏഴിലക്കരക്കാർ കുറവാണ്, എന്നിട്ടും ഇലക്ഷനിൽ ജയിക്കുന്നത് പപ്പിനിമാത്രം.

പോയകാലങ്ങളിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏഴിലക്കരയിൽ മത്സരിച്ച പലപ്രമുഖരും പപ്പിനിയുടെ തുമ്പികൈയ്യിൽ നെരിഞ്ഞമർന്നിരുന്നു , ആയതിനാൽ ഇത്തവണ പപ്പിനിക്ക് പറ്റിയ ശക്തനായ എതിരാളിയെ കണ്ടെത്തണമെന്ന് മുന്നണി വ്യത്യാസമില്ലാതെ തത്വത്തിൽ ധാരണയായി,
“കഴിഞ്ഞ തവണ വനിതാ സംവരണമാണ് കുഴപ്പിച്ചത്, അബ്കാരി ശാന്തയെ നിർത്തിയത് തന്നെ അവളുടെ കയ്യിൽ നിന്ന് വാറ്റ് ചാരായം കുടിക്കുന്ന ഈ ഏഴിലക്കരയിലെ സകല പുരുഷോത്തമൻമാരുടെയും വോട്ട് കിട്ടുമെന്ന് കരുതിയാണ്, പക്ഷേ ശാന്തയുടെ ചാരായം കുടിച്ചവന്മാർ എല്ലാം പോയി കുത്തിയത് ശാന്തയുടെ കുക്കറിനല്ല, പപ്പിനിയുടെ ആനക്കാണ്, അല്ലായിരുന്നേൽ കഴിഞ്ഞതവണയേ പപ്പിനിയെ നമുക്ക് ഷെഡ്‌ഡിൽ കേറ്റാമായിരുന്നു “

ആരാകണം സ്ഥാനാർഥിയെന്ന ചർച്ച ഹൈദർ കാക്കയുടെ ചായക്കടയിൽ പുരോഗമിക്കവേ പ്രദേശത്തെ “പപ്പിനിവിരുദ്ധരിൽ” പ്രമുഖനായ രാമച്ചന്റെ നിരാശ കലർന്ന നെടുവീർപ്പ് പുറത്തേക്ക്,
“ഇനി പണ്ടുണ്ടതും പാളെൽ തൂറിയതും പറഞ്ഞിട്ട് കാര്യമില്ല രാമച്ചാ, ഇത്തവണ എങ്ങനെ പപ്പിനിയുടെ ആനയെ തളക്കാമെ ന്ന് ചിന്തിക്ക് “
റൈറ്റർ വാസു വെപ്രാളിതനായി,

“കാര്യം പപ്പിനി അഹങ്കാരത്തിൽ ഡോക്ട്ടറേറ്റും, അഴിമതിയിൽ ബിരുദാനന്തര ബിരുദവും, എടുത്തവളാണേലും നാട്ടുകാർക്ക് അവരുടെ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്, അതോണ്ട് പപ്പിനിയെ ഇത്തവണ തളക്കണമെങ്കിൽ ശക്തനായ സ്ഥാനാർഥി വേണം, നിങ്ങൾക്ക് ആർക്കും എതിർപ്പില്ലങ്കിൽ ജനങ്ങൾക്കിടയിൽ നിലയും വിലയും, ഒരു രക്തസാക്ഷി പരിവേഷവുമുള്ള ഞാൻ തന്നെ സ്ഥാനാർഥിയാകാം “
ഹൈദർകാക്കയുടെ കടയിൽ നിന്ന് വാങ്ങിയ സിസർഫിൽറ്ററിന് തീകൊളുത്തിക്കൊണ്ട് രാമച്ചൻ തന്റെ മനസ്സിലിരുപ്പറിയിച്ചു,

” പഷ്ട്ട്, ശക്തനായ സ്ഥാനാർഥിപോലും, പപ്പിനി നേരെനിന്ന് ഒരു ഏമ്പക്കം വിട്ടാൽ അത് നേരിടാൻ കഴിവില്ലാത്തവനാണ് പപ്പിനിയെ തളക്കാൻ മത്സരിക്കുന്നത് “
ഗോപിമാഷ് രാമച്ചന്റെ മനസ്സിൽ വിത്തിട്ട മോഹത്തിന് മേൽ ചൂടുവെള്ളമൊഴിച്ചു.

വാഴക്കന്ന് വിതരണത്തിൽ പപ്പിനി അഴിമതി നടത്തിയെ ന്നാരോപിച്ച് രാമച്ചന്റെ നേതൃത്വത്തിൽ ഏതാനുമാളുകൾ, കഴിഞ്ഞ ഗ്രാമസഭയിൽ,ഗ്രാമസഭ നടക്കുന്ന അങ്കണവാടിയിലേക്ക് മാർച്ച്‌ ചെയ്തു.
“മാലൊരെ നിങ്ങളിതറിയണം, പി. പി. പപ്പിനി യെന്ന പഞ്ചായത്ത് മെമ്പറുടെ കെടുകാര്യസ്ഥതയും, അഴിമതിയും,
ഈ വാർഡിലെ എല്ലാ വീട്ടിലും അഞ്ച് വാഴക്കന്ന് വിതരണം ചെയ്തപ്പോൾ, എന്ത്‌ കൊണ്ട് പാലാഴിയിൽ പാർത്ഥന് മാത്രം പത്തെണ്ണം നല്കി?”

സോസൈറ്റി പ്രസിഡന്റും, അമ്പലക്കമ്മറ്റി ജോയിന്റ് സെക്രട്ടറിയും സർവ്വോപരി അർജ്ജുനന് കൃഷ്ണനെന്നപോലെ, മോഡിക്ക് അമിത്ഷായെന്നപോലെ, ജോബിഡന് കമലാ ഹരിസെന്നപോലെ,എല്ലാ തിരഞ്ഞെടുപ്പുകളിലും പപ്പിനിയുടെ പ്രചരണത്തിന്റെ തേര്തെളിക്കുന്ന പാർത്ഥന്റെ വീട്ടിലേക്ക് മാത്രം പത്ത് വാഴക്കന്ന് വിതരണം ചെയ്ത പപ്പിനിയുടെ നടപടിയെ ഗ്രാമസഭയിൽകൂടിയ ജനങ്ങളെ സാക്ഷിനിർത്തി രാമച്ചൻ ചോദ്യം ചെയ്തു.

” രാമച്ചൻ സീറ്റിലിരിക്കുക, ഞാൻ വിശദീകരിക്കാം.”
മൈക്കിലൂടെ പപ്പിനിയുടെ കിളിനാദം മുഴങ്ങിയതോടെ അന്തരീക്ഷം ശാന്തമായി.
“പാലാഴിയിൽ പാർത്ഥന് ഭാര്യമാർ രണ്ടാണ്, രണ്ടിലുംകൂടെ മക്കൾ ആറും. അവിടുത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വഴക്കന്ന് കൂടുതൽ നല്കിയത്.”

വിശദീകരണം കേട്ട്,പപ്പിനി ഭക്തർ കയ്യടിച്ചതോടെ ഗ്രാമസഭ വാഴക്കന്നിനെ വിട്ട് മറ്റൊരു വിഷയത്തിലേക്ക് കടന്നതും, രാമച്ചൻ “ശിവൻകുട്ടി മോഡലിൽ” ഉടുമുണ്ട് മടക്കിക്കുത്തി, ഇരുന്ന കസേരക്ക് മുകളിൽ കയറി, മറ്റൊരു കസേരയിലേക്ക് ചാടി, കരണംമറിഞ്ഞു വേദിയിലേക്ക്.

ഗ്രാമസഭയുടെ മിനിറ്റ്സ് മേശപ്പുറത്ത് നിന്നും വലിച്ചെടുക്കുന്ന നിമിഷത്തിൽ തന്നെ മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റെടുത്ത് പപ്പിനി രാമച്ചന്റെ ന്യൂ ഡൽഹിയിൽ തന്നെ ആഞ്ഞിടിച്ചു.ഇടിയുടെ ആഘാതത്തിൽ മലക്കംമറിഞ്ഞ രാമച്ചൻ സ്റ്റേജിൽ നിന്ന് താഴേക്ക് വീണതോടെ വാഴക്കന്ന് വിവാദത്തിന് വിരാമമായി.

“പപ്പിനിയുടെ ഇടികൊണ്ട രക്തസാക്ഷി പരിവേഷമൊന്നും വോട്ടായി മാറില്ല രാമച്ചാ അതുകൊണ്ട് നമുക്ക് വേറേ സ്ഥാനാർഥിയെ നോക്കാം”
പ്രദേശത്തെ “പപ്പിനി വിരുദ്ധരുടെ ഹൈക്കമാണ്ട്” എന്നറിയപ്പെടുന്ന റിട്ടയേഡ് വളം വകുപ്പ് ഉദ്യോഗസ്ഥൻ ഉത്തമൻ തന്റെ തീരുമാനം അറിയിച്ചതോടെ, രാമച്ചനിൽ മുളപൊട്ടിയ സ്ഥാനാർഥിമോഹം പാലാരിവട്ടം പാലംപോലെ തകർന്നടിഞ്ഞു.
പിന്നെയും പല പേരുകളും ഹൈദർകാക്കയുടെ ചായക്കട ചർച്ചയിൽ കടന്നുവന്നെങ്കിലും പപ്പിനിയെ തോൽപ്പിക്കാൻ പറ്റിയ സ്ഥാനാർത്ഥികളായിരുന്നില്ല അവരാരും,
“നിങ്ങൾക്ക് എല്ലാം സമ്മതമാണേൽ ഞാനൊരു അഭിപ്രായം പറയാം “
ആരാണ് സ്ഥാനാർഥി എന്നറിഞ്ഞിട്ടു നാട്ടിലാകെ വാർത്ത പരത്താൻ ഹൈദർകാക്കയുടെ ചായക്കടക്ക് മുന്നിൽ കാത്തുകെട്ടി കിടന്ന “ഏഴിലക്കരയിലെ പ്രശാന്ത് രഘുവംശം” എന്നറിയപ്പെടുന്ന ബാപ്പുട്ടി സഹികെട്ട് ഇടയിൽ കയറി,
” നല്ലൊരു സ്ഥാനാർഥിയൂണ്ട്, പപ്പിനിക്ക് പറ്റിയൊരു എതിരാളി “
ചർച്ചിച്ചു കൊണ്ടിരുന്ന ഏവരുടെയും കണ്ണുകൾ ബാപ്പുട്ടിയുടെ നേർക്ക്,

” പട്ടാളം ഭരതൻ,
ആൾ ഇന്നലെ ഗൾഫിൽ നിന്ന് വന്നിട്ടുണ്ട് “
പട്ടാളത്തിൽ നിന്ന് പെൻഷനായ ശേഷം ഗൾഫിൽ പോയ ഭരതന്റെ പേര് ബാപ്പുട്ടി നിർദ്ദേശിച്ചതോടെ ഏവരുടെയും മുഖം തെളിഞ്ഞു, അതിന് കാരണവുമുണ്ട്,
തൈപ്പറമ്പിൽ അശോകനും -അരശുമൂട്ടിൽ അപ്പുക്കുട്ടനുമെന്നപോലെ,
അർജന്റീനയും – ബ്രസീലുംപോലെ, റയൽമാഡ്രിഡും – ബാഴ്സിലോണയുംപോലെ, വെള്ളാപ്പള്ളിയും -ഗോകുലം ഗോപാലനും പോലെ,
നോർത്ത് കൊറിയയും – തെക്കൻകൊറിയയും പോലെ
പപ്പിനി മെമ്പറും , പട്ടാളം ഭരതനും തമ്മിലുളള ഉടക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്,

പപ്പിനി മെമ്പറുടെ പതിനെട്ടുകാരി മകൾ ഫാഷൻഡിസൈനിങ്ങുകാരി പാറുവിനെ , പാടവരമ്പത്തിരുന്നു പാട്ടുപാടി പട്ടാളംമകൻ പ്രവീൺ വളച്ചതോടെ തുടങ്ങിയതാണ് ഇരുവീട്ടുകാരും തമ്മിലുള്ള ഗുസ്തി,
പണിയേതുമില്ലാത്ത പത്താംക്ലാസ്സും ഗുസ്തിയും കൈമുതലാക്കി പാടവരമ്പത്തു കോലംപോലെ വായ്നോക്കിയിരിക്കുന്ന പട്ടാളപുത്രനൊപ്പം പുന്നാരമകൾ പാറുക്കുട്ടി സർജിക്കൽ സ്ട്രൈക്ക് നടത്തിയതോടെ തണ്ടൊടിഞ്ഞു പോയത് പപ്പിനിമെമ്പറുടെ സ്വപ്‌നങ്ങളായിരുന്നു,

അന്ന് തുടങ്ങിയ പപ്പിനി- പട്ടാള ശീതസമരം ഇന്നും തുടരുന്നു,
“പട്ടാളം ഭരതൻ നല്ലൊരു ചോയിസാണ്, പപ്പിനിക്ക് മൂക്ക് കയറിടാൻ പറ്റിയ എതിരാളി, മുടക്കാൻ ഭരതന്റെ കയ്യിൽ കാശുമുണ്ട് “
ഏവരും ഭരതന്റെ സ്ഥാനാർത്ഥിത്വം കയ്യടിച്ചു പാസാക്കി,
തൊട്ടടുത്ത ദിനം മുതൽ ഏഴിലക്കരയാകെ നെറ്റിപട്ടം കെട്ടിയ ആന ചിഹ്നം ആലേഖനം ചെയ്ത പപ്പിനിയുടെ പുഞ്ചിരി തൂകുന്ന ഫ്ലക്സ് ബോർഡുകൾക്കും പോസ്റ്ററുകൾക്കുമൊപ്പം തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഒതളങ്ങ ഇരു കയ്യിലുമേന്തിയ ഭരതന്റെ വർണ്ണപോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളുമിടംനേടി,
തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ തനിക്ക് പപ്പിനിയെ മലർത്തിയടിച്ചു വിജയതിലകമണിഞ്ഞ ശേഷമേ ഇനി വിശ്രമമുള്ളൂവെന്ന് ഭരതനും,

വോട്ടെണ്ണുമ്പോൾ ഭരതനും ഒതളങ്ങയും നാഷണൽ പെർമിറ്റ്‌ കയറിയ തവളയെപോലെ ചിതറിതെറിക്കുമെന്ന് പപ്പിനിയും പ്രഖ്യാപിച്ചു,
കൊട്ടിക്കലാശത്തിന്റന്ന് നെറ്റിപ്പട്ടം കെട്ടിയ ആനയെ ഏഴിലക്കരയിലൂടെ എഴുന്നള്ളിച്ചു പപ്പിനിമെമ്പറുടെ റോഡ്ഷോ അരങ്ങേറിയപ്പോൾ , എല്ലാവീട്ടിലും പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ ഒതളങ്ങയുടെ മോഡൽ വിതരണം ചെയ്തു ഭരതനും നിറഞ്ഞു നിന്നു,
തിരഞ്ഞെടുപ്പ് ദിവസം പപ്പിനി മെമ്പർ ഏഴിലക്കരക്കാർക്ക് സദ്യ വിളമ്പിയപ്പോൾ ഭരതൻ ഒരുപടി കൂടി കടന്ന് ചിക്കൻബിരിയാണിയാണ് വിളമ്പിയത്,
അങ്ങനെ ഏഴിലക്കരക്കാർ നാളിതുവരെ ദർശിച്ചതിൽ ഏറ്റവും വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് അവസാനിച്ചു,

“ആകെ പോൾ ചെയ്ത വോട്ട് ആയിരത്തി ഇരുന്നൂറ്
നമുക്ക് എണ്ണൂറു ബിരിയാണി ചിലവായി, വെജിറ്റേറിയൻ ഊണ് പതിനഞ്ചും അതായത് എണ്ണൂറ്റി പതിനഞ്ച് വോട്ട് നമുക്കുറപ്പാണ്, അപ്പോൾ ഇത്തവണ പപ്പിനിയുടെ ആനചരിയും നമ്മൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും “
തിരഞ്ഞെടുപ്പ് ദിവസം രാത്രി ഭരതനും കൂട്ടരും കണക്കുകൾ കൂട്ടി വിജയമുറപ്പിച്ചു,

തൊട്ടടുത്ത പുലരിയിൽ നേടാൻ പോകുന്ന വൻവിജയം സ്വപ്‍നംകണ്ട് പട്ടാളംഭരതൻ സുഖനിദ്രയിലാണ്ടു,
തൊട്ടടുത്ത ദിവസം,
“പട്ടാളം ഭരതന്റെ മോന്ത കണ്ടാൽ, ഒതളങ്ങാ വെട്ടിപൊളിച്ച പോലെ “
ആനപ്പുറത്തു പപ്പിനിയുടെ ആഹ്ലാദ പ്രകടനം ഹൈദർകാക്കയുടെ ചായക്കടക്ക് മുമ്പിലൂടെ കടന്ന് പോകുന്നു,
മുദ്രാവാക്യം വിളിച്ചുകൊടുക്കുന്ന ആളെകണ്ട് പപ്പിനിവിരുദ്ധർ കണ്ണുതള്ളി,

ഇലക്ഷൻ തലേന്ന് വരെ തങ്ങൾക്കൊപ്പം നിന്ന ഏറ്റവും വലിയ പപ്പിനി വിരുദ്ധനായിരുന്ന രാമച്ചൻ.
ചിക്കൻ ബിരിയാണിയും ഊണും എണ്ണൂറ്റി പതിനഞ്ച് പേര് കഴിച്ചെങ്കിലും ഭരതന്റെ ഒതളങ്ങക്ക് വോട്ട് കുത്തിയത് നൂറ്റിപത്തുപേർ മാത്രം,
” എന്റെ കയ്യിൽനിന്ന് വാങ്ങി നക്കിയിട്ട് പപ്പിനിയുടെ ആനക്ക് കുത്തിയ നാറികളൊ ന്നും ഒരുകാലത്തും ഗുണംപിടിക്കില്ല “
ഹൈദർകാക്കയുടെ കടയ്ക്കകത്തിരുന്നു വോട്ടിന്റെ കണക്ക് നോക്കുമ്പോഴും പട്ടാളം ഭരതന്റെ നാവിൽ നിന്ന് നാട്ടുഭാഷ ഒഴുകിക്കൊണ്ടിരുന്നു,

പപ്പിനിയോട് തോറ്റതിന്റെ നാണക്കേടിൽ ലീവ് ക്യാൻസൽ ചെയ്തു ഗൾഫിലേക്ക് മടങ്ങുമ്പോൾ പട്ടാളം ഭരതൻ നാട്ടുകാർക്കിടയിൽ ഒതളങ്ങാഭരതനായി മാറിക്കഴിഞ്ഞിരുന്നു.
അപ്പോഴും ഒറ്റ രാത്രികൊണ്ടുള്ള രാമച്ചന്റെ കൂറുമാറ്റത്തിന്റെ കാരണം ഏഴിലക്കരക്കാർക്ക് മുന്നിൽ ചോദ്യചിഹ്നമായി നിറഞ്ഞു നിന്നു.

കെ.ആർ.രാജേഷ്

By ivayana