കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്കെതിരായ പ്രതിഷേധം ദില്ലിയിൽ ശക്തിപ്രാപിക്കുന്നതിനിടെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കുന്നതിനുള്ള നീക്കത്തിന് അനുമതി നിരസിച്ച് ദില്ലി സർക്കാർ. പഞ്ചാബിൽ നിന്നും ഹരിയാണയിൽ നിന്നും പ്രതിഷേധത്തിനായി ദില്ലിയിലെത്തിയിട്ടുള്ള കർഷകരെ മാറ്റുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തെ ഒമ്പത് സ്റ്റേഡിയങ്ങളെ താൽക്കാലിക ജയിലുകളാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ദില്ലി പോലീസ് ദില്ലി സർക്കാരിനെ സമീപിച്ചത്. സെപ്തംബറിലാണ് കേന്ദ്ര സർക്കാർ മൂന്ന് കാർഷിക നിയമങ്ങൾക്ക് അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ തന്നെ രാജ്യത്തെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രതിഷേധക്കാരെ നേരിടുന്നതിനായി നേരത്തെ തന്നെ ദില്ലി പോലീസ് സംസ്ഥാന സർക്കാരിൻറെ അനുമതി തേടിയിരുന്നു. അതിർത്തിയിലെ സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ തടവുകാരെ നിലനിർത്താൻ ഞങ്ങൾക്ക് ഇത്തരത്തിൽ സ്റ്റേഡിയം പോലുള്ള സ്ഥലം ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നുവെന്ന് പ്രതികരിച്ച ദില്ലി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യത്തിൽ സർക്കാരിൽ നിന്ന് ഇതുവരെ ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് ‘ദില്ലി ചാലോ’ പ്രക്ഷോഭത്തിന്റെ ഭാഗമായി തലസ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്. യാത്രാമധ്യേ വ്യാഴാഴ്ച പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. തുടർന്ന് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയ കർഷകർ മാർച്ച് പുനരാരംഭിച്ച് വെള്ളിയാഴ്ച രാവിലെ ദില്ലി അതിർത്തിയിലെത്തുകയും ചെയ്തിട്ടുണ്ട്.