മുറിവുകൾ ചീന്തിയിട്ട
ആകാശത്തിന് താഴെ
അസ്വസ്ഥതയുടെ
നെടുവീർപ്പുകൾ കുടിച്ചിറക്കിയ
തലകുത്തി മറിഞ്ഞ
ചിന്തകൾക്കിടയിൽ
തീമഴ കുടിച്ച് വറ്റിച്ച
പുതിയ കാലത്തിന്റെ
നെഞ്ചിലൂടെ
പേയിളകിയ അന്ധവിശ്വാസങ്ങൾ
ഉയർത്തെഴുന്നേറ്റ്
വെളിച്ചം കൊത്തി വിഴുങ്ങുന്നു.
നന്മകൾ വറ്റിവരളുന്ന
രാജ്യത്തിന്റെ ഭൂപടം
വരയ്ക്കുന്നതിനിടെ
പൊതിഞ്ഞ് വച്ച
നിലവിളികൾക്കിടയിലൂടെ
തല പുറത്തേക്കിട്ട്
പല്ലിളിക്കുന്ന അനാചാരങ്ങൾ.
കാൺപൂരിലേക്ക്‌ നമ്മെ വീണ്ടും
വലിച്ചിഴച്ച് കൊണ്ടുപോകുന്ന
നെഞ്ചിടിപ്പുകൾ.
എത്ര തുന്നിച്ചേർത്താലും
അടുപ്പിക്കാനാവാത്ത
വിടവുകൾ നമ്മൾക്കിടയിൽ
പറന്നിറങ്ങുന്നു.
കൂർത്ത് നിൽക്കുന്ന
കുപ്പിച്ചില്ലുകൾക്കിടയിലൂടെ
മുടന്തി നടക്കുന്ന
കാലത്തിന്റെ വിങ്ങലുകളിൽ
ചോരയിറ്റുന്ന ഓരോ പിടച്ചിലിലും
അപരിഷ്‌കൃതത്വം
ദുർമന്ത്രവാദത്തിന്റെ
മുറിവുകൾ കൊത്തുന്നു.
അടഞ്ഞ വാതിലുകൾക്കുള്ളിൽ
നിന്നും മാനഭംഗത്തിന്റെ വ്യഥപൂണ്ട
കുഞ്ഞ് നിലവിളികൾ
കുതറി പിടയുന്നു.
ചെകുത്താന്മാരുടെ നാടിതെന്ന്
നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്ന
വൈകൃതങ്ങൾ
പരിഷ്‌കൃതയുഗത്തിന്റെ
തളിരിലകളെ പോലും പിച്ചിചീന്തുന്നു
ഉറക്കം നടിക്കാതെ
പ്രതികരണത്തിന്റെ
ബ്രഹ്‌മാസ്‌ത്രങ്ങളാൽ
കാടത്തത്തെ നെടുകെ പിളർത്തി
തീകൊടുങ്കാറ്റായ് കടപുഴക്കി
പോരാട്ടവീര്യത്തിന്റെ
ഉൾക്കരുത്തുമായ് ഓരോ മനസ്സിലും
പിറവിയെടുക്കട്ടെ വാക്കുകൾ.

( ഷാജു. കെ. കടമേരി )

By ivayana