ദു:ഖം മനുഷ്യനെ രോഷത്തിലേക്കും കലാപത്തിലേക്കുമാണ് നയിക്കുക. രാജ്യത്തിന്റെ ജനസംഖ്യയിൽ മുക്കാൽ പങ്കും സാധാരണക്കാരും ജീവിക്കാൻ മാർഗ്ഗമില്ലാതെ കഷ്ടപ്പെടുന്നകർഷകത്തൊഴിലാളികളുമാണ്. പ്രകൃതിയോടും കാലാവസ്ഥയോടും മഹാമാരികളോടും പട പൊരുതിയാണ് അവർ ഇന്ത്യ മഹാരാജ്യത്തിന്റെ വിശപ്പിന് പരിഹാരം കണ്ടെത്തുന്നത്. അള മുട്ടിയാൽ ചേരയും കടിയ്ക്കും.
കൃഷിപ്പണി ഉപജീവനമാർഗ്ഗമാക്കിയ തൊഴിലാളികൾ നിലനിൽപ്പിന് വേണ്ടി സമരരംഗത്തിറങ്ങിയിരിക്കുന്നു.അവരുടെ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണാതെ, പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്തുന്ന ഭരണ സംവിധാനത്തെ ചെറുത്ത് തോൽപ്പിക്കേണ്ടത് സ്വാതന്ത്ര്യദാഹികളായ ഓരോരുത്തരുടേയും കടമയാണ്.കഴിത്ത കർഷ സമര കാലത്ത് ഇട്ട കുറിപ്പ് ഷെയർ ചെയ്യുന്നു. സവാളയും ഉറുളക്കിഴങ്ങുമൊക്കെ കൃഷി ചെയ്യുന്ന നാസിക്കിലെ ഗ്രാമീണർക്കൊപ്പമായിരുന്നു എന്റെ തൊഴിൽ പ്രവാസത്തിന്റെ ആദ്യ നാളുകൾ. വിളകൾക്ക് വില ലഭിക്കാതെ നരകയാതന അനുഭവിക്കുന്ന കർഷകരുടെ ദൈന്യം നേരിൽ കണ്ടിട്ടുള്ളതാണ്.
നാസിക്.…………..പതിനാറാമത്തെ വയസ്സിൽ ഞാൻ ചെന്ന് ചേർന്ന വിദൂര നഗരം,നാസിക്ക്.ഇന്ത്യയിലെ ഏറ്റവും വലിയ സൈനീകത്താവളത്തിന്റെ തൊട്ടുമുമ്പിലായിരുന്നു പകലന്തിയോളം പണിയെടുത്ത് പാതിരയ്ക്ക് ചുരുണ്ട് കൂടി കിടന്ന് നേരം വെളുപ്പിച്ചിരുന്ന ആ ഒറ്റമുറി. പട്ടാളക്കാരുടെ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ഡിപ്പാർട്ട്മെന്റ് സ്റ്റോർ. മിലിട്ടറിയുടെ കവചിത വാഹനങ്ങൾ കടന്നു പോകുന്ന ദേവലാലി ഗേററിലേയ്ക്ക് നൂറ് മീറ്റർ അകലമേയുള്ളു.. മിലിട്ടറി ക്യാമ്പിന്റെ സ്ഥാപനത്തിന്കൃഷി ഭൂമി വിട്ടുകൊടുത്ത കർഷകർക്ക് അവർ അദ്ധ്വാനിച്ചുണ്ടാക്കുന്നകാർഷിക വിളകൾ നഗരത്തിലെ ചന്തയിൽ കൊണ്ടുപോയി വിൽക്കാൻ പട്ടാള ഉദ്യോഗസ്ഥരുടെ അനുമതി വേണം !ക്യാമ്പിനകത്തു കൂടി ഒരേയൊരു ബസ് സർവ്വീസേ ഉള്ളു. കർശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് ബസ്സ് അകത്തേക്ക് കടത്തിവിടുന്നത്.
അഞ്ച് അഞ്ചര മണിയോടെ കർഷകർ കൊട്ടയും ചാക്കുമായി പൂപ്പരുത്തി മരത്തിന്റെ ചോട്ടിൽ ഇരിപ്പുറപ്പിക്കും. ആറ് മണിക്ക് എത്തുന്ന ബസ്സ് യാത്രക്കാരെ ഇറക്കി ഉടൻ തിരിച്ച് പോകും. പെട്ടന്ന് ചാക്ക് കെട്ടുകളും കൊട്ടകളും കയറ്റി വച്ച് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന സംഘം ബസ്സിൽ സ്ഥലം പിടിക്കും.പിറ്റേന്ന് കാലത്ത് ഒമ്പത് മണിക്ക് തിരിച്ചെത്തുന്ന അതേ ബസ്സിൽ അവർ അവശരായി തിരിച്ചെത്തും.നാസിക് ആണ് മഹാരാഷ്ട്രയുടെ ശീതസ്ഥലി. മുക്കാൽ ഭാഗവും കൃഷിഭൂമിയാണ്. മഹാരാഷ്ട്രത്തെ തീറ്റിപ്പോറ്റുന്ന കാർഷികവിളകളുടെ മുഖ്യ ശ്രോതസ്സ്, നിരക്ഷരരായ പാരമ്പര്യ കർഷകരുടെ ഈ പാടശേഖരങ്ങളാകുന്നു.
എല്ലുമുറിയെ പണിയെടുത്തിട്ടും കുടുംബം പോറ്റാൻ പാടുപെടുന്ന സാധുക്കൾ.താരതമ്യേന ശാന്ത സ്വഭാവക്കാരാണ് മഹാരാഷ്ട്രയിലെ ഗ്രാമീണർ.അവർ തലമുറകളായനുഭവിച്ച് പോന്ന അവഗനയ്ക്ക് ഇന്നും അറുതിയായിട്ടില്ല.പക്ഷേ,അവകാശങ്ങളെക്കുറിച്ച് അവർ ഇപ്പോൾ വിജ്ഞരാണ്. മുഷിഞ്ഞ വേഷത്തിലല്ലാതെ ഒരിക്കലും അവരെ കണ്ടിട്ടില്ല.നാലര പതിറ്റാണ്ടിനിപ്പുറം ഒരു രാജ്യത്തിന്റെ ഭാഗധേയം നിശ്ചയിക്കാൻ പ്രാപ്തരാണ് തങ്ങളെന്ന് അവർ തെളിയിച്ചിരിക്കുന്നു. അഭിവാദ്യങ്ങൾ…