ഉച്ചക്കുമുമ്പൊരു വൃശ്ചികമാസത്തിൽ
അച്ഛൻ വിടചൊല്ലി വേദി വിട്ടു.
വർഷം പതിനേഴു പോയിട്ടും ഓ൪തൻ
ചില്ലിട്ട ചിത്രങ്ങള്‍ക്കില്ല മാറ്റം!
പിന്നിട്ട കാലത്തിൻ ഒരോ വരമ്പിലും
പൊന്നിട്ടപോലെ പിതൃമുദ്രകൾ
ശൈശവമുറ്റവും ബാല്യകൗമാരവും
വർണ്ണങ്ങളാടിയ ഉത്സവങ്ങൾ!
മുന്നിൽപിടിച്ച വിളക്കിൻ തിരിനാളം
മങ്ങിമങ്ങിക്കെട്ട മാത്രയിങ്കൽ
മുന്നോട്ടുനീങ്ങുവാനാവാതെ യൗവനം
നിന്നനില്പിൽ അന്ധകാരാവൃതമായ്.
ചേലിൽ കൊരുത്തൊരു മുത്തുഹാരത്തിന്റെ
നൂലറ്റുവീണു, വംശാവലി നശിച്ചു
നാദംനിറഞ്ഞ ഗൃഹസ്ഥസോപാനത്തിൻ
നാഥൻ മറഞ്ഞു, വിളക്കണഞ്ഞു.
ആട്ടിത്തെളിക്കുവാൻ ഇടയനില്ലാതെ കു-
ഞ്ഞാടുകൾ കൂട്ടംപിരിഞ്ഞുപോയി
ആൽത്തണൽപറ്റി വളർന്ന കാലത്തിന്റെ
ആത്മാവിൽ ഓർമ്മകൾ മാത്രമായി.

‘കുലവെച്ച മലയന്റെ മാടത്തിൻ മുറ്റത്ത്
മഴപെയ്ത രാത്രിയിൽ….’ സങ്കടത്താൽ
കഥകേട്ടുറങ്ങാത്ത മക്കളെ നെഞ്ചോടു
കരുണമായ് ചേർത്തു പിടിക്കുമച്ഛൻ.
[കഥകേട്ടു താതന്റെ നെഞ്ചത്തു കാലിട്ടു
പതിവുള്ള രാത്രിയുറക്കങ്ങൾ, പാട്ടുകൾ….
ഏതേതുമറിയാതെൻ ഉണ്ണി വളരുമ്പോൾ
ഖേദമോടച്ഛനെ ഓർത്തിടാറുണ്ടു ഞാൻ]
വിരലിന്റെ തുമ്പിൽ പിടിച്ചു നടന്നൊരാ
പകലിന്റെ പൂരപ്പറമ്പുകൾ, കാവുകൾ….
സർക്കസ്സും ബലൂണും കടലവറുത്തതും
ട്രൗസറിട്ടോടിയ കോലൈസുകാലങ്ങൾ!

[കൊമ്പും കുഴലും വെഞ്ചാമരംവീശും
അമ്പലമുറ്റങ്ങൾ, പഞ്ചാരിമേളങ്ങൾ…..
ഒന്നുമറിയാത്തെന്‍ പുത്രനെ കാണുമ്പോൾ
അച്ഛന്റെ വാത്സല്യചിത്രം തെളിഞ്ഞിടും]
ഓണമായാൽ മുടങ്ങാതെ വാങ്ങാറു-
ള്ളോണപ്പുടവകണ്ടു ചോദിച്ചു ഞാൻ:
‘എന്തിനാണീ ഡബിൾമുണ്ടെനിക്കച്ഛാ
പണ്ടേ ഞാൻ ‘കാലുറ’ക്കാരനല്ലേ?’

[ഓണം വിഷു വിശേഷദിവസങ്ങളിൽ
വേഷമില്ലാത്ത പിതാവുഞാനെങ്കിലും
ഉണ്ണിക്കു വല്ലതും വാങ്ങുന്ന വേളയിൽ
അന്നത്തെ ചോദ്യത്തിനുത്തരം കിട്ടുന്നു]
‘കുഞ്ഞാ, നിനക്കിന്നവധിയല്ലേ, ഒരു
ഞായറാഴ്ച വീട്ടിലിരുന്നകൂടെ?’
‘ആകെയുള്ളൊരു ദിവസമല്ലേയച്ഛാ
കാര്യങ്ങളനവധി ചെയ്യാനില്ലേ’

[യുദ്ധഭൂവിൽ മുറിവേറ്റു വീഴ്കയാൽ
വൃദ്ധനായതും കർമ്മങ്ങളറ്റുപോയ്
ഇന്ന്, ഒച്ചയില്ലാവീട്ടിൽ ഒറ്റക്കിരിക്കുമ്പോൾ
അച്ഛന്റെ ചിത്രം ചുമരിൽ ചിരിക്കുന്നു.]
മൂന്നാലു മക്കളെ നോക്കിവളർത്തുവാൻ
അന്ന് പ്രാരാബ്ധമേറെയുണ്ടായിരുന്നു.
ഏന്നാലുമൊന്നിനും കുറുവുവരുത്താതെ
പൊന്നുപോൽ മക്കളെ നോക്കി താതൻ.
[ഉണ്ണി ഒന്നേയുള്ളുവെങ്കിലും ഇന്നു നാം
എണ്ണിപ്പെറുക്കുന്നു നൂറുനൂറായിരം!
A+ കിട്ടേണം ഡോക്ടറാക്കീടേണം
ഒത്താൽ കലക്ടറും….. നോക്കീടേണം]

വിത്തവും ശക്തിയും ജീർണ്ണിച്ചു ജീവിതം
ചിത്തഭ്രമത്തിന്റെ പാതയിൽ നീങ്ങവെ
തൊട്ടും തലോടിയും ആശ്വാസമേകുവാൻ
മക്കളേ, അച്ഛനെ മറന്നുപോകല്ല നാം.
നല്ലപ്രായത്തിന്റെ ഉല്ലാസമാത്രകൾ
തെല്ലുപോയാൽ തീരുന്ന യാത്രകൾ
പിന്നിലായെത്തും വാർദ്ധക്യനൗകയും
പിന്നെയെല്ലാവരും നാരായണാ ഹരേ!

വൃശ്ചികക്കുളിരിന്റെ തർപ്പണശുദ്ധിയിൽ
അച്ഛന്റെ ആത്മാവുതൊട്ടുവന്ദിക്കവെ
ആ ദീപ്തസ്മരണയിലാമഗ്നമാനസം
മേഘരൂപങ്ങളായ് മാനത്തു നീന്തുന്നു!
വീണ്ടും ജനിക്കുകിൽ ആ വിരൽതുമ്പത്തു-
തൂങ്ങിനടക്കുവാൻ പുണ്യമുണ്ടാവണം
പൂരവും വേലയും പൂമ്പാറ്റകൾ പാറും
ബാല്യകൗമാരങ്ങൾ നെഞ്ചോടു ചേർക്കണം.

[മായാത്തമുദ്രകൾ ചാർത്തിയ കാലത്തിൻ
ചക്രംതിരിഞ്ഞ വഴികളിൽ പിന്നെയും
ചിക്കിച്ചിനക്കി നടക്കുന്നു ഓർമ്മതൻ
നെന്മണികൊത്തിപ്പെറുക്കുന്ന പ്രാവുകൾ]
പൂജ്യ പിതാവേ, പ്രണാമം പ്രണാമം
ആത്മപാദങ്ങളിൽ സാഷ്ടാംഗവന്ദനം

By ivayana