മെയ്മാസം അവസാനം രാജ്യത്തെ ലോക് ഡൌൺ ഒഫീഷ്യലി അവസാനിച്ചതോടെ, മറ്റു സംസ്ഥാനങ്ങളിലേക്കുൾപ്പെടെ പല സ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. ആദ്യമൊക്കെ പാസ് ചെക്കിങ് തുടങ്ങിയ ബഹളങ്ങളൊക്കെ ഉണ്ടായിരുന്നു. പോകെപ്പോകെ ചെക്കിങ്ങും ചോദ്യങ്ങളുമൊക്കെ കുറഞ്ഞു വന്നു , പ്രത്യേകിച്ച് അയൽ സംസ്ഥാനങ്ങളിൽ.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പഞ്ചാബിലേക്കു പുറപ്പെട്ടത്.
എറണാകുളം സൗത്തിൽ നിന്നും ഡെൽഹിക്കുള്ള രാജധാനിയിൽ കേറി. കോവിഡ് പ്രമാണിച്ചു റെയിൽവേ തലയിണയും ലിനനുമൊന്നും തരില്ല, തണുത്ത് കോഞ്ഞാട്ട ആ വേണ്ടെങ്കിൽ പുതപ്പും തലയിണയുമൊക്കെ കരുതിക്കോണം എന്ന് റെയിൽവേ തന്നെ മൈക്കിൽ കൂടി വിളിച്ചു പറഞ്ഞിരുന്നതു കൊണ്ട് അത്തരം സാമഗ്രികളുമായാണ് പോയത്.
സാധാരണ വണ്ടി, സാധാരണ തിരക്ക്. വളരെ കുറച്ചു സ്റ്റോപ്പുകൾ മാത്രമേ ഉള്ളൂ. അതുകൊണ്ട് ശാപ്പാടൊക്കെ വണ്ടിയിൽ തരുന്നത് വാങ്ങിക്കോണം. രാവിലെ വെങ്കീസിന്റെ ഓംലൈറ്റ് ബ്രെഡ്, ഉച്ചയ്ക്ക് ടാറ്റായുടെ ചിക്കൻ ബിരിയാണി, വൈകുന്നേരം ഹാൽദിറാമിന്റെ ദാൽ ചാവൽ ഇങ്ങനെ പ്രമാദമായ ഊണായിരുന്നു. ഇതിൽ ടാറ്റായുടെ ബിരിയാണി മെഷീനിൽ അടിച്ച എന്തോ ഒരു സംഭവമാണ്. രണ്ടായിരത്തി മുന്നൂറിൽ വരേണ്ട ബിരിയാണി ഇപ്പോഴേ അവതരിപ്പിച്ചതാണെന്നു തോന്നുന്നു. ബിരിയാണി പെട്ടിയിൽ ലൈറ്റൊക്കെ മിന്നുന്നുണ്ടായിരുന്നു. പക്ഷെ പെട്ടി തുറന്നു ബിരിയാണി പുറത്തെടുക്കുന്നത് അങ്ങേയറ്റം കഠിനവുമായിരുന്നു.
ഡൽഹിയിൽ ഇറങ്ങിയപാടെ നാഗ്പൂരിൽ നിന്നും അമൃത്സറിലേക്കു പോകുന്ന ട്രെയിനിന് ടിക്കറ്റു കിട്ടി. അമൃത്സറിനുള്ള ടിക്കറ്റാണ് കിട്ടിയത്. മുഴുവൻ തുകയും എണ്ണിക്കൊടുക്കുകയും ചില്ലറ കൃത്യമായും ചോദിച്ചു വാങ്ങുകയും ചെയ്തു. പ്രസ്തുത വാഹനത്തിൽ ഇരുന്നും കിടന്നുമൊക്കെ അമ്പാലയിലെത്തിയപ്പോൾ വണ്ടി പാളത്തിന്റെ ഒത്ത നടുക്ക് തന്നെ നിർത്തി, എൻജിനും ഓഫ് ചെയ്ത്, ഡ്രൈവൻ സ്ഥലം വിട്ടു.
പുറത്തിറങ്ങി ചോദിച്ചപ്പോൾ, ഇതാണ് നാട്ടുനടപ്പു പോലും. അമൃത്സറിലേക്കുള്ള വണ്ടികൾ ക്യാൻസൽ ചെയ്തിട്ട് ഒരുമാസമായെന്ന്! പിന്നെന്തര് കേശത്തിനാണ് അമൃത്സർ വരെ ടിക്കറ്റെഴുതിയതും അതിന്റെ കാശെണ്ണി വാങ്ങിച്ചതും എന്ന് അവിടെ കണ്ട ഒരു റെയിൽവെയനോട് ചോദിച്ചപ്പോൾ ഒക്കെയൊരു രസം എന്നായിരുന്നു മറുപടി.
അന്നവിടെ തങ്ങി പിറ്റേന്ന് രാവിലെ ബസ്സു പിടിച്ചു ജലന്ധറിലേക്കു പോയി. കുറച്ചു കർഷകരെ കാണാനുള്ള ഏർപ്പാടുണ്ടായിരുന്നു. അതിനായി തലങ്ങും വിലങ്ങും സഞ്ചരിച്ചു. മൂന്നു ദിവസത്തിനുള്ളിൽ ഏതാണ്ട് രണ്ടായിരം കിലോമീറ്റർ സഞ്ചരിച്ചു കാണുമെന്നാണ് തോന്നുന്നത്. അതുപോലുള്ള ഓട്ടമായിരുന്നു.
പഞ്ചാബിൽ ജനജീവിതം സാധാരണപോലെ. കർഷകർ പാടത്തു പണിയെടുക്കുന്നു, റോഡരുകിൽ തട്ടുകടകൾ, കടകളിലൊക്കെ സാധാരണ പോലെ കച്ചവടം. പിള്ളേര് യൂണിഫോമിട്ടു സ്‌കൂളിൽ പോകുന്നു. വൈകുന്നേരം ജിമ്മിലും ബാറിലും പബ്ബിലുമൊക്കെ ആൾക്കൂട്ടം. ഉത്സവങ്ങളും കല്യാണങ്ങളുമൊക്കെ നല്ലരീതിയിൽ നടക്കുന്നുണ്ട്.
ഒരൊറ്റ മനുഷ്യൻ പോലും മാസ്ക് വെച്ചിട്ടില്ല. മാസ്കില്ലാത്തവരെ പോലീസ് പിടിക്കുന്നുണ്ടോ എന്നു നോക്കിയപ്പോൾ പോലീസിനും മാസ്കില്ല. അവിടെ കൊറോണ എങ്ങനുണ്ട് എന്ന് ചോദിച്ചപ്പോൾ കഴിഞ്ഞ കൊല്ലം വന്ന ദീനമല്ലേ എന്ന ലൈനിൽ മറുപടി.
അവിടെ മിക്കവാറും സാധാരണമട്ടിൽ തന്നെയാണ് കാര്യങ്ങൾ. ഒന്നുകിൽ രോഗം എല്ലാവർക്കും വന്നുപോയിരിക്കണം. അല്ലെങ്കിൽ ഇവർക്കൊന്നും രോഗം വരില്ലായിരിക്കാം.
പഞ്ചാബിൽ കർഷകരുടെ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. വാസ്തവത്തിൽ കൊറോണയുടെ പേരിൽ നടപ്പാക്കിയ പല നിയന്ത്രണങ്ങളും, ട്രെയിനുകൾ ക്യാൻസൽ ചെയ്തതുൾപ്പെടെ, കർഷക മാർച്ചിനെ തടയാൻ വേണ്ടിയുള്ളതായിരുന്നു. എങ്കിലും അവർ ദില്ലിയിലേക്ക് പോകും. കാര്യങ്ങൾ അങ്ങനെയാണ്.
വ്യാഴാഴ്ച ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സമരം രൂക്ഷമാവാൻ സാധ്യതയുള്ളതിനാൽ അവിടെ നിന്ന് ബുധനാഴ്ച രാത്രി തന്നെ സ്ഥലം വിടാൻ വളരെ ബുദ്ധിപരമായ ഒരു തീരുമാനമെടുത്തത് ഏതായാലും നന്നായി. അമൃത്സറിൽ നിന്നും രാത്രി പത്തേമുക്കാലിന് ഡൽഹി വഴിയുള്ള ബാംഗ്ലൂർ ഫ്‌ളൈറ്റിൽ കേറി. നാരോ എസ്കേപ് ആയിരുന്നു. ഇന്നലെ നേരം വെളുത്തു നോക്കുമ്പോൾ ഇൻഡിഗോ ഉൾപ്പെടെയുള്ള മിക്ക ഫ്‌ളൈറ്റുകളും ക്യാൻസൽ ചെയ്തിരിക്കുന്നു. ഫ്ളൈറ്റിനകത്തും അങ്ങനെ വിശേഷമൊന്നുമില്ല, മുഖത്തുവെക്കാൻ ഒരു ഫേസ് ഷീൽഡ് തരും; മിഡിൽ സീറ്റിൽ ഇരിക്കുന്നവർക്ക് ഒരു വെള്ളക്കുപ്പായം തരും. അത് ചിലർ ഇടും, ചിലർ ഇടുന്നില്ല. ആരും അത് മൈൻഡ് ചെയ്തതായി കാണുന്നില്ല.
ബംഗളൂരു വന്നിറങ്ങി, ഒന്നു പുറത്തൊക്കെ കറങ്ങിനടന്നിട്ടു തിരിച്ചു കയറി കൊച്ചിക്കുള്ള ഫ്‌ളൈറ്റ് പിടിച്ചു. കണ്ട കാഴ്ചയിൽ ബാംഗ്ലൂരിനു വലിയ മൗനമൊന്നും ഇല്ലായിരുന്നു. നല്ല തിരക്കുണ്ട്, എങ്കിലും ചിലരൊക്കെ മാസ്കും വെച്ചിട്ടുണ്ട്. ഉച്ചയോടെ കൊച്ചിയിലെത്തി പുറത്തിറങ്ങാൻ നോക്കുമ്പോൾ മാരക ക്യൂ. ഒരു ചെറിയ സംഘം പിപിഇ കിറ്റൊക്കെയിട്ട് പുറത്തോട്ടു പോകുന്നവരെ തടഞ്ഞു നിർത്തി എന്തൊക്കെയോ രേഖകൾ ചോദിക്കുന്നു, മാറ്റി നിർത്തുന്നു. പിടിയാവിലയ്ക്കു ടിക്കറ്റെടുത്ത് കയറിവന്ന ഉത്തരേന്ത്യൻ ഭായിമാർ കണ്ട്രോള് പോയി അവിടെകിടന്നു ഒച്ചവെക്കുന്നു.
കുറേനേരം കാത്തു നിന്ന് ക്യൂ അടുത്തത്തിയപ്പോൾ ഞാൻ ഡെസ്‌കിലിരിക്കുന്നവരോട് ചോദിച്ചു.
എന്താ സംഭവം?
കേരളത്തിലേക്കു വരാനുള്ള പാസുണ്ടോ? ഡെസ്‌കിലിരുന്നയാൾ ചോദിക്കുന്നു.
ഇന്നലെ, അഥവാ രണ്ടായിരത്തി ഇരുപത് നവംബർ ഇരുപത്താറാം തീയതി , ഞാൻ ലാൻഡ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ എയർപോർട്ടാണ് കൊച്ചിയിലേത്. പുലർച്ചെ ഒരുമണിക്ക് ഡൽഹിയിൽ ഇറങ്ങുമ്പോഴോ രാവിലെ ഒൻപതു മണിക്ക് ബാംഗ്ലൂർ ഇറങ്ങുമ്പോഴോ ഇങ്ങനെയൊരു പരിശോധന കണ്ടില്ല, കേരളത്തിലേക്ക് വരാൻ പാസുവേണം എന്ന് എവിടെനിന്നും ഒരു സൂചനയും കിട്ടിയില്ല. ബാംഗ്ലൂരിൽ നിന്നും ഇൻഡിഗോ ഫ്‌ളൈറ്റിന് ചെക്കിൻ ചെയ്യുമ്പോൾ നമ്മുടെ പേരും നമ്പറും മെയിൽ ഐഡിയും കൊടുത്തു കോവിഡ് പേഷ്യന്റ് അല്ല എന്ന് ഒരു ഡിക്ളറേഷനും വാങ്ങിക്കുന്നുണ്ടായിരുന്നു. അതല്ലാതെ മറ്റു ചടങ്ങൊന്നും ഉണ്ടായിരുന്നില്ല.
ഈ പാസ് എവിടുന്നു കിട്ടും?
അതിനൊരു വെബ്‌സൈറ്റ് ഉണ്ടുപോലും. പക്ഷെ അവർക്കു കൃത്യമായി പറയാൻ നേരമില്ല. തടഞ്ഞു നിർത്തിയിരിക്കുന്ന ജനങ്ങൾ ഒരുപാടുണ്ട്. അവർ ബഹളം വെക്കുന്നു.
ഇതിനിടെ മറ്റൊരാൾ വന്നു ഒരു ചെറിയ തുണ്ടു കടലാസിൽ പ്രിന്റ് ചെയ്ത ഒരു ഫോം കയ്യിൽ തന്നിട്ട് പാസില്ലെങ്കിൽ ഇത് ഫിൽ ചെയ്തിട്ട് പൊയ്ക്കോ എന്നു പറഞ്ഞു. ശരി ഫിൽ ചെയ്യാം. നമ്മുടെ പേരും അഡ്രസും ഒക്കെയാണ്, അതിനൊരു പേന കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് ചോദിച്ചപ്പോൾ പേന അവിടെ കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞ് പുറത്തോട്ടു ചൂണ്ടിക്കാട്ടുന്നു.
ചൂണ്ടിയ ഡയറക്ഷനിൽ ഇരിക്കുന്ന ഒരു പ്രൈവറ്റ് സ്ഥാപനത്തിന്റെ കൗണ്ടറിൽ ചെന്ന് ചോദിച്ചപ്പോൾ, അയാളുടെ കയ്യിൽ പേനയൊന്നും ഇല്ലെന്നു മറുപടി. അയാൾ വേറെന്തോ കച്ചവടവുമായി ഇരിക്കുന്ന ആളാണ്.
ഞാൻ നോക്കുമ്പോൾ പുറത്തിറങ്ങാൻ കാത്തുകാത്തു നിന്ന് കാലു കഴച്ചിട്ട്, ഈ ഫോമും വാങ്ങി വരുന്നവർ ഫില് ചെയ്യാനൊന്നും നിൽക്കുന്നില്ല . അതുകൊണ്ടു നേരെ പുറത്തേക്കു പോകുന്നു, പുറത്തിറങ്ങിയപാടെ ചുരുട്ടിക്കൂട്ടി ഊക്കിൽ ദൂരേക്ക് വലിച്ചെറിയുന്നു. ആരും ഫോമിനെപ്പറ്റി ഒന്നും ചോദിക്കുന്നില്ല.
ഒരു പ്രകാരത്തിൽ എയർപോർട്ടിന്റെ വെളിയിലിറങ്ങിയപ്പോൾ ജാഗരൂകരായി പോലീസ് , മാസ്കില്ലാതെ യാത്ര ചെയ്‌താൽ പറന്നുവന്നു പിടിക്കാൻ തയാറായി നിൽക്കുന്നു.
തിരിച്ചു വന്നപ്പോൾ വെറുതെ നോക്കി. കഴിഞ്ഞ കുറച്ചു നാളായി റോഡരുകിൽ ബിരിയാണിയും പൈനാപ്പിളും മുട്ടയും റമ്പുട്ടാനും ഒക്കെയായി നിന്നവരുടെ എണ്ണം നല്ലപോലെ കുറഞ്ഞിട്ടുണ്ട്. അവരൊക്കെ റോഡരുകിൽ കച്ചവടം ചെയ്തു കാശുകാരായതുകൊണ്ടല്ല, വന്നു നിന്നിട്ടു പ്രയോജനമൊന്നുമില്ല.
ആളുകൾ സാധനങ്ങൾ വാങ്ങാൻ മടിക്കുന്നു. പണം ചിലവാക്കാൻ പിശുക്കു കാണിക്കുന്നു. എല്ലാവർക്കും അരക്ഷിതത്വമാണ്. കടയിലൊന്നും കച്ചവടമുണ്ടായിട്ടു തുറന്നു വെക്കുന്നതല്ല. വെറുതെ വന്നു ഇരിക്കുന്നതാണ്.
എത്രയോ കടകളും സ്ഥാപനങ്ങളും പൂട്ടിപ്പോയി ! പട്ടണങ്ങളിൽ നിന്നും എത്രയോ പേർ വാടക വീടുകൾ ഒഴിഞ്ഞ് അവരവരുടെ നാട്ടിലെ വീട്ടിലേക്കു മടങ്ങി ! മിക്കവരുടെയും സമ്പാദ്യവും സ്വർണ്ണവുമൊക്കെ തീർന്നു. ഇപ്പോഴും കൃത്യമായി ശമ്പളം ലഭിക്കുന്ന ഒരു വിഭാഗത്തിന്റെ മുഖത്തല്ലാതെ അങ്ങനെ വലിയ ചിരിയൊന്നും കാണുന്നില്ല.
നമ്മളിവിടെ ക്ഷേമ പെൻഷനുകളെക്കുറിച്ച് അഭിമാനപൂർവ്വം പറയുന്നതു കേൾക്കുന്നുണ്ട്. അഭിമാനിക്കേണ്ട കാര്യമാണ്. പക്ഷെ ഈ പെൻഷനൊന്നും അർഹതയില്ലാത്ത, കഴിഞ്ഞ മാർച്ചു വരെ പലതരം തൊഴിലും സംരംഭങ്ങളുമായി മാന്യമായി ജീവിച്ചിരുന്ന ഒരുപാട് പേർ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്. സൗജന്യ റേഷനുണ്ടായിട്ടൊന്നും ഇവർക്കു കാര്യമില്ല, കാരണം റേഷൻകാർഡുള്ളവരായിരിക്കില്ല ഇവരിൽ പലരും.
ക്ഷേമ പെൻഷനുകളും സൗജന്യങ്ങളും സമൂഹത്തിന്റെ ദുർബ്ബല വിഭാഗത്തെ താങ്ങി നിർത്തുവാനാണ്. അത് കോവിഡ് ഇല്ലെങ്കിലും കൊടുക്കേണ്ടതുമാണ്. പക്ഷെ വ്യവസായവും കച്ചവടവും മറ്റു പലതരം സേവനങ്ങളുമായി നമ്മുടെ എക്കണോമിയെ മുന്നോട്ടു കൊണ്ടുപൊയ്ക്കൊണ്ടിരുന്ന ഒരു വലിയ ഭാഗം കേരളത്തിൽ ഇപ്പോഴും നിശ്ചലമാണ്. മറ്റു സംസ്ഥാനങ്ങൾ പതിയെ പഴയ പേസിലേക്കു വരുമ്പോൾ നമ്മളിപ്പോഴും റിവേഴ്‌സ് ഗിയറിൽ തന്നെയാണ്. ഇതിനിടെ കോവിഡ് മൂലം പൗരന്റെ നെഞ്ചത്തു കേറാനുള്ള സുവർണ്ണാവസരം കൈവന്ന ചില പോലീസുകാർ അതങ്ങു ആഘോഷമാക്കുന്നതും കണ്ടു.
കോവിഡിനെ പ്രതിരോധിക്കാനുള്ള പല അടവുകളും പയറ്റിക്കഴിഞ്ഞു. ഇനി കോവിഡ് വരുമ്പോൾ വരട്ടെ, അപ്പോൾ ചികിത്സിയ്ക്കാം എന്ന മനോഭാവത്തിൽ മുന്നോട്ടു പോകുന്നതാവും നല്ലത്.
ആളുകൾ പട്ടിണി കിടന്നു ചാവാതിരിക്കാനുള്ള വഴി നോക്കുകയാണ് ഇനിയെങ്കിലും വേണ്ടത്. സമൂഹം ചലനാത്മകമാവണം. ആളുകളുടെ വിക്രയ ശേഷി കൂട്ടണം. ജനങ്ങൾ ഇപ്പോൾ എന്തും ചെയ്യാൻ തയാറാണ്. അവർക്കു എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള അവസരം സർക്കാരായിട്ടു ഉണ്ടാക്കിക്കൊടുക്കണം. പ്രതിരോധം വേണ്ടെന്നല്ല, അതിജീവനത്തിനുള്ള വഴികളും പ്രതിരോധവും ഒന്നിച്ചു പോണം.
മുൻപൊക്കെ വെറ്റയും അടയ്ക്കയും വെച്ചു തൊഴുതു താണുവീണു വിളിച്ചാൽ പോലും ഫാമിലെ പണിക്കൊക്കെ ഒരാളെ കിട്ടാൻ പ്രയാസമായിരുന്നു. ഇപ്പോൾ ഫാമിൽ വല്ല പണിയുമുണ്ടോ ചേട്ടാ എന്ന് ചോദിച്ചുകൊണ്ട് മിനിമം ഇരുപതു മെസേജെങ്കിലും വരുന്നുണ്ട്. അതും ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നുപോലും. കാണുമ്പോൾ പൊള്ളൽ തോന്നുന്നതു കൊണ്ട് അതിനു മറുപടിയൊന്നും അയയ്ക്കാറില്ല.
നമ്മളിവിടെ എത്ര കുശാലായാണ് ജീവിക്കുന്നത് എന്നതിന്റെ തെളിവാണ് ദിനം പ്രതി കൂടി വരുന്ന ഇത്തരം മെസ്സേജുകൾ.
പറയുന്നതുകൊണ്ട് വേറൊന്നും തോന്നരുത്, ഇനിയിപ്പം തോന്നിയാലും കുഴപ്പമില്ല. ഇപ്പോൾ ഇവിടെ നടക്കുന്ന കോവിഡ് പ്രതിരോധ പരിപാടികളിൽ പലതും വെറും പ്രഹസനമാണ്. റിസോഴ്‌സസ് വെറുതെ പാഴാക്കലാണ്.
കൊറോണയ്ക്കെതിരെ നമ്മുടെ കയ്യിലുള്ളത് പഴകിയ ആയുധങ്ങളാണ്. (Mohanan Pc Payyappilly)