അക്രമാസക്തരായ ജനത
അവരുടെ സ്വത്വം തിരിച്ചു ചോദിക്കും.
ആത്മരക്ഷയ്ക്കവർ
മഴുവീശും
തോക്കിനും പീരങ്കിക്കുമവരെ
ഭയക്കേണ്ടി വരും
ഇങ്ങനെ പോയാൽ
തിമിരം ബാധിച്ച ഭരണകൂടങ്ങളുടെ
കണ്ണുകളവർ പിഴുതെടുക്കും.
മുദ്രാവാക്യങ്ങളാൽ മുഖരിതമായ
അവളുടെ കുഞ്ഞിനെ
ഒളിവിലിരുന്നുമവർ പാലൂട്ടും
പതറുന്ന കാലുകളിൽ അവർ
ഇരുമ്പ് കാലുകൾ പണിയും
ജനഹിതമറിയാത്ത നിയമങ്ങൾ
തെറ്റിച്ചു കൊണ്ടേയിരിക്കും
നന്മ പ്രവർത്തിക്കാത്തവൻ്റെ
ഇച്ഛാശക്തിയെ അവർ
കാർക്കിച്ച് തുപ്പും
ജനത്തെ തെരുവിലാക്കുന്ന
നിയമ പുസ്തകങ്ങളവർ
പകല് കത്തിക്കും
ഇങ്ങനെ പോയാൽ
ആർക്കും മുന്നോട്ടു പോകാനാവില്ല.
കുഴിവെട്ടി ജനങ്ങൾ ഭരണകൂടങ്ങളെയോ?
ഭരണകൂടങ്ങൾ ജനങ്ങളെയോ മൂടേണ്ടി വരും
ഇങ്ങനെ പോയാൽ
കവികൾ മഷിയിൽ കുതിർന്ന്
നടക്കുന്നിടത്തെല്ലാം
വിപ്ളവം വിളയിക്കും.
ഇങ്ങനെയേ പോകൂ,വെങ്കിൽ
ഇങ്ങനെ പോകാത്തവരുടെ
എണ്ണം കൂടിക്കൊണ്ടേയിരിക്കും.
താഹാ ജമാൽ