താഴെ വീണ പൂക്കളെ
മറക്കരുതേ
താഴെ വീണ പൂക്കളെ
ചവിട്ടരുതേ
താഴെ വീണു പോയിട്ടും
പുഞ്ചിരിക്കുവോർ
ധന്യ ജീവിതത്തിന്നി-
തന്ത്യരംഗമേ!

സ്ഥാനം മാനം നോക്കിയോ
സ്നേഹിപ്പതു നാം?
ത്യാഗപൂർണ്ണരാണവർ
പൂക്കളാകിലും!

ക്ഷണിക ജീവിതത്തിൽ
ക്ഷമയോടേറെ
ക്ഷേമ കർമ്മ വ്യാപൃതർ
ലോക സേവകർ

വശ്യസ്മിതം കൊണ്ടെത്ര
നൈരാശ്യം മാറ്റി
പുഷ്പഗന്ധമേകിയെ –
ത്ര, പുത്തനൂർജ്ജം

പുഷ്പത്തേനൂട്ടി,യെത്ര
പൂമ്പൊടിയേകി
ഭക്ഷ്യധാന്യകേദാരം
വിളയിച്ചവർ !

അർച്ചനയ്ക്കു ഭക്തർക്ക്
അഗ്നിസാക്ഷികൾ
അലങ്കാര വേദിയിൽ
രക്തസാക്ഷികൾ.

പൂക്കളായ് പിറപ്പതു
സദ് ഹൃദയങ്ങൾ
തീക്കനൽ വേനലിലും
കള്ളിമുള്ളിലും!

മുൾ കിരീടം ചൂടിയോൻ
നന്മയുള്ളവൻ
മുള്ളണിഞ്ഞ പൂക്കളും
നന്മയുള്ളവർ !

വിശ്വപ്രഭാതങ്ങൾക്ക-
ഴകേകി പൂക്കൾ
സ്വയമാത്മ പ്രകാശ-
നം ചെയ്‌വൂ നിത്യം.

നിശതന്നിരുളിലും
നിശാഗന്ധികൾ
നിശാശലഭങ്ങൾക്ക-
ന്നമൊരുക്കുന്നു.

നിശ തൻ കാമപ്രലോ-
ഭനങ്ങൾ തള്ളി
നിരുപമ ശാലീന
ശുഭ്രാംഗനകൾ.

ഹ്രസ്വജീവിതപ്രഭ
കൊണ്ടന്യ നേത്രം
ഹർഷമേകി വിടർത്തു –
വതെത്ര ധന്യം!

പ്രകൃതി തൻ സുസ്മേര
മധുമൊഴികൾ
ഹൃദയത്തിലെഴുതും
പൂവധരങ്ങൾ

“അരനാഴിക നീളും
ജീവിത നിലാവ്
അടരാടാതാറാടി
ആഘോഷിക്കുവിൻ

പോരാടിയൊടുങ്ങുവാ
നല്ലീ ജന്മം, നീ
വേരോടി പാരിലെങ്ങും
സ്നേഹപ്പൂവാകൂ”.

By ivayana