അശ്വതി നാൾ കഴിഞ്ഞേ വിത്തെറിഞ്ഞില്ല.
കണിക്കൊന്ന കൊഴിഞ്ഞേ പോയ് വിഷുവെത്തീല.
കുളക്കോഴി വന്നില്ല മഴ വന്നേ പോയ്
പുഴ പിഴച്ചെന്നു തേങ്ങി പരലും ചത്തേ
മുക്കുറ്റി, തുമ്പയെല്ലാം പിഴുതെറിഞ്ഞു
പൊന്നോണത്തേപ്പോലും വിലക്കെടുത്തു
തായ്വഴിയറിയാത്ത ചെടിക്കുഞ്ഞുങ്ങൾ
നിലം തൊടാതെങ്ങും നിന്നു കളിയാടുന്നു.
പാണ്ഡുള്ള രാവിൻ്റെ ഇടനെഞ്ചിലോ
ഇലഞ്ഞിപ്പു വിടരാൻ മടിച്ചുനിന്നു.
മുണ്ടകൻ കൊയ്തൊരോർമ മെതിച്ചും കൊണ്ടേ
പാടം നീർ കുടിക്കാതെ തളർന്നിരിക്കെ
തപസ്സാണരികിലൊരു ഒറ്റമൈന
ദുശ്ശകുനക്കുറ്റം പേറി മൗനയായി
ആഴക്കടലിനും തിരയിളക്കം
ആകാശച്ചോർച്ചക്കും രൗദ്രഭാവം
മണ്ണിൻ്റെ വിരിമാറിൽ ഇഴുകിച്ചേരാൻ
അമ്മച്ചൂടേറ്റ് വിരിഞ്ഞിറങ്ങാൻ
കൊതിക്കുന്നു വിത്തുകൾ, നന്മകളും
പുനർജ്ജനി തേടുന്നു ഭൂമിമാനസം