പഴയ താമസസ്ഥലത്ത് നിന്നും ഒരുപാട് കിലോമീറ്ററുകൾ അകലെയുള്ള പോർട്ടബിൾ ക്യാബിന്റെ, കമ്പനി പറഞ്ഞ “സുരക്ഷിതത്ത്വത്തി” ലേക്ക് ചേക്കേറുമ്പോൾ, അപരിചിതത്ത്വവും, ആശങ്കകളും, അസൗകര്യങ്ങളും, ആവോളം മനസ്സിനെ അലട്ടിയതിനാൽ ഉറക്കം തെല്ലുമുണ്ടായിരുന്നില്ല പോയ രാത്രിയിൽ,

ആയതിനാൽ, പതിവ് തെറ്റിച്ചു, ഇന്നത്തെ വ്യാഴാഴ്ച്ച രാത്രിയിൽ ഒമ്പത് മണിക്ക് തന്നെ, ക്യാമ്പിലെ അത്താഴവും കഴിച്ചു, പോർട്ടബിൾ ക്യാബിനിൽ ഉറങ്ങാനായി തലചായ്ക്കുമ്പോൾ , നല്ലൊരു ഉറക്കം, കടന്നുവരുന്ന പ്രഭാതത്തെ പുത്തൻ ഊർജ്ജത്തോടെ നേരിടുക, തുടങ്ങിയ പ്രതീക്ഷകൾ ,അപ്പോഴും കയ്യിൽ കള്ളനും പോലീസും കളിക്കുന്ന നെറ്റ് വർക്കിനോട് പൊരുതി മൊബൈൽ സജീവമായിരുന്നു
ബ്ലാങ്കറ്റിന്റെ സ്വയം പ്രഖ്യാപിത ടെറിട്ടറിയിലേക്ക് ചേക്കേറുമ്പോൾ,
ക്യാബിനിലെ സഹമുറിയൻ മൊബൈലിൽ കുത്തികളിച്ചു അവന്റേതായ ലോകത്താണ്,

ക്യാബിനകത്തും പുറത്തും, പിശുക്ക് കാട്ടുന്ന മൈബൈൽ നെറ്റ് വർക്കിനെയും,ഇനിയും ഇവിടേക്ക് വിരുന്നെത്താത്ത വൈഫൈയെകുറിച്ചും ഓർത്ത്, നാളെമുതൽ പ്രിയപ്പെട്ട ചങ്കൻ സഖാവിന്റെ വാർത്താസമ്മേളനം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ഉണ്ടാകുകയുള്ളൂവല്ലോ എന്നും ചിന്തിച്ചു, പിന്നെയും കുറച്ചു സമയം, മൊബൈൽ ബാറ്ററിയുടെ ആയുസ്സ് പതിനെട്ടു ശതമാനം എന്ന് കണ്ടതോടെ, അവനെ “ചാർജ്ജർ ഐസൊലേഷനിലേക്ക് ” താത്ക്കാലികമായി മാറ്റി, എപ്പോഴോ ഉറക്കത്തിലേക്ക്,

ഉറക്കത്തിൽ സ്വപ്നങ്ങൾക്ക് യാതൊരു പഞ്ഞവും ഉണ്ടായില്ല,

സമയം രാത്രി പത്തിനോട്‌ അടുക്കുന്നു, പഴയ ഫ്രഞ്ച് വാസ്തുശില്പ സൗന്ദര്യങ്ങളെ അനുസ്മരിപ്പിക്കുന്ന ഇരുനില വീടുകൾ നിരനിരയായി ഇരുവശങ്ങളിലും, അവക്ക് നടുവിലൂടെ കടന്നുപോകുന്ന ഭംഗിയാർന്ന നടപ്പാതയും , അതിലൊരു വീടിന്റെ ഉമ്മറത്ത് വായും പൊളിച്ചു മാനം നോക്കിയിരിക്കുന്ന ഞാൻ, മഞ്ഞു പെയ്യുന്ന ആ രാത്രിയിൽ ആ നടപ്പാത ഏകദേശം വിജനമാണ്,

” വായ് നോക്കാതെ പോയി കിടന്നുറങ്ങടെ @##@@#### “

നടപ്പാതയിലൂടെ ലക്ഷ്യമൊന്നുമില്ലാതെ നടന്നു നീങ്ങുന്ന ശ്വാനപുത്രന്റെ ഫ്രഞ്ച് തെറി എനിക്ക് നേരാ,

പോടാ മൈ..

കാരണം ഒന്നുമില്ലേലും നമ്മുടെ സിദാന്റെയും, എംബാപ്പയുടെയും ( സ്വന്തം വാപ്പക്ക് ചായ മേടിച്ചു കൊടുത്തില്ലേലും, ഈ ബാപ്പ ഗോളടിക്കുമെന്ന് ബിരിയാണിക്കും, കറക്ക് കോഴിക്കുമൊക്കെ പന്തയം വെക്കുന്നവരെല്ലേ നമ്മൾ മലയാളികൾ ) ഒക്കെ നാട്ടിലെ പട്ടിയല്ലേ

മറുപടിയായി പറയാൻ തുടങ്ങിയ തെറിയെ പാതി വഴിയിൽ ചുവപ്പ് കാർഡ് കൊടുത്ത് മടക്കിയയച്ചു ,

അപ്പോഴേക്കും ക്യാബിനുള്ളിലെ എലി തട്ടിൻപുറത്ത് കയറിയതരത്തിലുള്ള ശബ്ദം എന്റെ ഉറക്കത്തിനും, സ്വപ്നത്തിനും ബാലമരണം വിധിച്ചു,

മൊബൈലിൽ കളിച്ചിരുന്ന സഹമുറിയൻ മൂത്രമൊഴിക്കാൻ പോകുന്നതാണ്, പട്ടിക്ക് കൊടുക്കാൻ വെച്ച തെറി സഹമുറിയനു മനസ്സിൽ സമ്മാനിച്ചു, ഒരു ഫ്രഞ്ച് സുന്ദരിയെപോലും ദർശിക്കാൻ കഴിയാത്ത നിരാശയിൽ, സ്ഥാനം തെറ്റികിടന്ന ലുങ്കിയെ നേരെയാക്കി വീണ്ടും ബ്ലാങ്കറ്റിനുള്ളിലേക്ക്,

വീണ്ടും പതിവ്തെറ്റിച്ചു കൊണ്ട് പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക്, കൂടെ കൂട്ടിന് മടിയേതുമില്ലാതെ സ്വപ്നവും,

സാഹചര്യങ്ങളും, സമയവും ഒക്കെ പഴയത് തന്നെ, ലൊക്കേഷൻ മാത്രം മാറി,

പൊട്ടിപൊളിഞ്ഞ നടപ്പാതയും, പാതയോരത്ത് കവറുകളിൽ അടക്കം ചെയ്തു നിക്ഷേപിക്കപെട്ട ഗാർഹിക മാലിന്യങ്ങളും, വൃത്തികെട്ട ഓരിയിടലുമായി കടന്നുപോകുന്ന ഒരുപാട് പട്ടികളും, ഇത്തവണ ഫ്രാൻസിൽ അല്ല ലൊക്കേഷൻ , കേരളത്തിലെ ഏതോ സ്ഥലമാണ് എന്ന് എന്നോട് പറഞ്ഞുതന്നു ,

അതാ അങ്ങ് ദൂരെ നിന്ന് ഒരാൾ നടന്നു വരുന്നുണ്ട്, ഏകദേശം അടുത്തെത്തിയപ്പോൾ ആളെ മനസിലായി എന്റെ മുഖപുസ്തക സുഹൃത്തായ ആലപ്പുഴക്കാരൻ തന്നെയായ ഒരു എഴുത്തുകാരൻ ആണ്,

” എന്താ ഉറക്കമൊന്നുമില്ലേടാ കെ ആറേ “

മറുപടി പറയും മുമ്പ് തന്നെ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കവർ ഉയർത്തികാട്ടി അടുത്ത ചോദ്യവും ഉയർന്നു,

” വരുന്നോ? “

മറു ചോദ്യങ്ങൾ ഒന്നുമില്ലാതെ എഴുത്തുകാരന്റെ പിന്നാലെ ഞാൻ നടന്നു നീങ്ങി ,

രണ്ടാമത്തെ വീടിന്റെ സമീപത്ത് എത്തിയപ്പോൾ, വീടിന്റെ വാതിൽ തുറന്ന്, എന്റെ മറ്റൊരു മുഖപുസ്തക സുഹൃത്ത്കൂടെ ഞങ്ങൾക്കൊപ്പം ചേർന്നു, അദ്ദേഹം സോഷ്യൽമീഡിയയിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ പോരാളിയാണ് ഇഷ്ട്ടൻ,

ഞങ്ങളുടെ നടത്തം അവസാനിച്ചത് അഞ്ചാമത്തെ വീടിന്റെ മുന്നിലാണ്, അതുവരെ ഞങ്ങൾ ആരും പരസ്പരം ഒരു വാക്ക് പോലും ഉരിയാടിയിരുന്നില്ല, ഏതാണ്ട് മൗനജാഥ പോലെയായിരുന്നു നടത്തം,

അഞ്ചാമത്തെ വീടിന്റെ ചാരിയിട്ടിരുന്ന പ്രധാനവാതിൽ തുറന്നു എഴുത്തുകാരൻ ആദ്യവും, പിന്നാലെ ഞാനും കോൺഗ്രസ്സുകാരനും വീടിനകത്തേക്ക്,

സ്വീകരണ മുറിയിലെ സോഫയിൽ ചാരികിടന്നു ടിവി കാണുന്ന, എന്റെ ഫേസ്ബുക്ക് സുഹൃത്തായ ഒരു എഴുത്തുകാരി ,

അപ്രതീക്ഷിതമായ ഞങ്ങളുടെ കടന്നുവരവിനിടയിലും ഞങ്ങളെ സ്വീകരിച്ചു ഇരുത്തുന്ന എഴുത്തുകാരി,

എഴുത്തുകാരൻ കയ്യിലെ കവറിൽ നിന്നും ഒരു കുപ്പി ഷിവാസ്റീഗിൽ എടുത്ത് മേശപ്പുറത്ത് വെച്ചതോടെ, എന്റെയും, കോൺഗ്രസ്സ്കാരന്റെയും, എഴുത്തുകാരിയുടെയും മുഖം ഒരേപോലെ തിളങ്ങി,

” ആഹാ ഇതിന് പറ്റിയ ടച്ചിങ്‌സ് ഇവിടെ ഉണ്ട് “

അടുക്കളയിൽ നിന്ന് കക്കഇറച്ചി ഫ്രൈ എടുത്ത് വെച്ച് എഴുത്തുകാരി സജീവമായി,

നാലുപേരും മൂന്ന് റൗണ്ട് ഷിവാസ് റീഗിളിനെ പ്രണയിച്ചു കഴിഞ്ഞു, നാലാമത്തെയും അവസാനത്തെയും റൗണ്ട് ഒഴിപ്പിനായി കോൺഗ്രസുകാരൻ തയ്യാറാവുന്ന നേരത്ത് തന്നെയാണ് അത് സംഭവിച്ചത്,

എന്റെ എതിർവശത്തെ കസേരയിൽ ഇരുന്ന എഴുത്തുകാരിഅമ്മ ഫ്ലാറ്റ്, ഒരു വലിയ വാളിന്റെ അകമ്പടിയോടെ ആയമ്മ തറയിലേക്ക്, പുള്ളിക്കാരി തറയിൽ വീണെങ്കിലും വാൾ ഒരു തുള്ളി തറയിൽ വീണില്ല, എല്ലാം എന്റെ മടിയിലും കയ്യിലുമായി ഭദ്രം,

” അയ്യേ…… “

എന്റെ പരിവേദനം ഇത്തിരി ഉറക്കെ ആയിരുന്നു

” എന്ത് പറ്റി “

ക്യാബിനിൽ അപ്പോഴും മൊബൈൽ നോക്കി കിടന്ന സഹമുറിയന്റെ ചോദ്യം, എന്നെ ക്യാബിനിൽ തിരികെ എത്തിച്ചു,

ലൈറ്റ് ഇട്ട് എഴുത്തുകാരനും, എഴുത്തുകാരിയും, കോൺഗ്രസ്സ്കാരനും,ഷിവാസ് റീഗിലും ഒന്നുമേയില്ല, എങ്കിലും എന്റെ കയ്യ് അറിയാതെ മൂക്കിലേക്ക് പോയി,

വാളിന്റെ വൃത്തികെട്ട മണം വല്ലതും ഉണ്ടോ എന്നറിയാൻ,

” എന്താ നീ കാണിക്കുന്നത്, ഈ കൊറോണക്കാലത്ത് കയ്യൊന്നും മുഖത്തേക്ക് കൊണ്ടുപോകരുത് എന്നറിയില്ലേ “

സഹമുറിയൻ വക ഉപദേശം,

അപ്പോഴേക്ക് ഉറക്കം എവിടെയോ പോയി മറഞ്ഞിരുന്നു, അല്ലേലും ഒരു മര്യാദ വേണ്ട ഒരു രാത്രിതന്നെ രണ്ടു തവണയൊക്കെ അങ്ങേരെ കളിപ്പിച്ചാൽ, അങ്ങേര് പോകില്ലേ,

“ചാർജ്ജർഐസൊലേഷനിൽ” വിശ്രമിച്ചിരുന്ന എന്റെ മൊബൈൽ അപ്പോഴേക്കും പൂർണ്ണആരോഗ്യം കൈവരിച്ചിരുന്നു,

സമയം പന്ത്രണ്ടര, മൊബൈലും, ചെറുതായി തോന്നിതുടങ്ങിയ വിശപ്പിനെ കൊല്ലാൻ രണ്ട് ബിസ്കറ്റുമായി ക്യാബിനു പുറത്തെ വരാന്തയിലേക്ക്,

“ഉറക്കം നഷ്ട്ടപെട്ടരാത്രി” യെന്ന് ടൈപ്പ് ചെയ്തു തുടങ്ങുമ്പഴേക്കും, ഗൗരവംകലർന്ന തുറിച്ചു നോട്ടവുമായി, ഒരു ഒമാനി പട്ടി അരികിൽ, ആ ഫ്രഞ്ച് പട്ടിയെ വിളിക്കാതെ മടക്കിയ തെറി മടിയേതുമില്ലാതെ അവനെ വിളിച്ചുകൊണ്ട്, എഴുത്തിലേക്ക്,

By ivayana