കുരുന്നുകൾക്കുള്ളിൽ തുളുമ്പുന്ന കൗതുകം,
കതിരണിപ്പാടം കിനിയുന്ന കൺസുഖം,
കമനീയമാം കേളി കൽക്കണ്ട മധുരിമ,
ക്രീഡകനായ് മദിക്കും മനസ്സിനെ.
കുതറിയോടും കിടാങ്ങൾ മുറ്റത്ത്,
കൊടിയറ്റ് വീണ് നിമിഷങ്ങൾക്കുള്ളിലായ്,
കിളിമരത്തിൽ കിളിർക്കുമിലകളിൽ,
കുടമുല്ലമൊട്ടുകൾ തലയുയർത്തും പോലെ .
കൊഞ്ചും മൊഴികളിൽ കിനിയും മിഴികളിൽ,
കാലികമാകും കളങ്കമില്ലായ്മകൾ,
കനിവെഴും ദൈവീക രൂപങ്ങളാകുമ്പോൾ,
കുരുന്നുകളെല്ലാം ദൈവങ്ങളല്ലോ?
കുട്ടിയ്ക്ക് കുസൃതികൾ കൂടപ്പിറപ്പുകൾ
കുട്ടിത്വം കുറുമ്പിന്റെ കൂടാരമല്ലോ?
കൂടിയാൽ വന്നിടും വൻ ദുരന്തങ്ങളും,
കുറച്ചാകയാൽ ആനന്ദദായകം .
കുസൃതീ.. നീ .. പൂമഴയാവുക,
കുഞ്ഞായ് കൂട്ടായ് പൊഴിയുക നീളെ,
കുളിരേകീടുക വികൃതിയായ് മാത്രം,
കുരുതിപ്പെരുമഴയാവാതെ എന്നും..

By ivayana