കാലം പറയുന്ന നാദം കേൾക്കാൻ
കാതോർത്തിരിയ്ക്കുക വേണം നമ്മൾ
കാലമേൽപ്പിയ്ക്കുന്ന കാര്യം ചെയ്യാൻ
കാലേയുണർന്നിരിയ്ക്കേണം നമ്മൾ.
നാളെ വരുന്നോർക്ക് വീഥിയേകാൻ
നാടിനു നല്ലൊരു ഭാവിയേകാൻ
നാടിന്റെയിന്നത്തെ മക്കളായി
കാലം കരുതിയ കണ്ണികൾ നാം.
നാടിനു കാവല് നമ്മൾ തന്നെ
നാടിന്റെ രാജാവും നമ്മൾ തന്നെ
രാജാധികാരത്തിൻ പൗരബോധം
ഉള്ളിൽ തെളിഞ്ഞവരാക നമ്മൾ
മന്ത്രിമാരേൽക്കുന്ന രാജ്യതന്ത്രം
മാലിന്യമേൽക്കാതെ നോക്കണം നാം.
നാടിനു മാറാല പിടിച്ചു പോയാൽ
നാട്ടാരുണർന്നതു മാറ്റീടേണം
തുഞ്ചോല കെട്ടിയടിച്ചു നീക്കി
പഴഞ്ചൂലുകൊണ്ടതു തൂത്തുവാരി
പഴമുറ മൊന്നിലേയ്ക്കെടുത്ത്
കുപ്പയിൽ കൊണ്ടിട്ടു തീയ്യിടേണം.
നാടിനു മാറാല പിടിച്ചിടാതെ
ക്ഷുദ്രകീടങ്ങൾ കൈയ്യേറിടാതെ
നൻമ മനസ്സിൽ വിളങ്ങീടുന്ന
നല്ലോരെ കാര്യങ്ങളേൽപ്പിയ്ക്കേണം.
എല്ലാരുമെത്തീടും നല്ലോരായി
എന്നാൽ പതിരുകൾ തള്ളേണം നാം
ഇന്നുവരെയവർ എന്താണെന്നും
കക്ഷികൾ മെച്ചത്തിലേതാണെന്നും
ഒന്നു നിരീക്ഷിച്ചു നോക്കിയെന്നാൽ
ഉള്ളിലുത്തരം തെളിഞ്ഞു കാണാം.
കാലം പറയുന്ന നാദം കേൾക്കാൻ
കാതോർത്തിരിയ്ക്കുക വേണം നമ്മൾ
കാലമേൽപ്പിയ്ക്കുന്ന കാര്യം ചെയ്യാൻ
കാലേയുണർന്നിരിയ്ക്കേണം നമ്മൾ
നാളെ വരുന്നോർക്ക് വീഥിയേകാൻ
നാടിനു നല്ലൊരു ഭാവിയേകാൻ
നാടിന്റെ യിന്നത്തെ മക്കളായി
കാലം കരുതിയ കണ്ണികൾ നാം.