എത്ര നാളായ് കാത്തിരിക്കുന്നു ഞാൻ
കുഞ്ഞിക്കാൽ പിച്ചവച്ചോടുന്ന കാഴ്ച കാണാൻ.
ഓരോ ദിനങ്ങളും എണ്ണിയെണ്ണി
ഉണ്ണിതൻ വരവിനായ് കാത്തിരുന്നു.
മനതാരിൽ പുന്നാര സ്വപ്നങ്ങളാൽ
താലോലിച്ചമ്മ നടന്നിരുന്നു.
എൻ്റെ പൊന്നോമനക്കൊന്നും
വരുത്താതെ മാനസാപ്രാർത്ഥിച്ചിരുന്നവളും
എന്നുണ്ണിക്കണ്ണനു ചോറു കൊടുക്കുവാൻ
ഗുരുവായൂർ നടയിൽ പോയിടേണം
നേർച്ചകളോരോന്നുനേർന്നവളും,
മാസങ്ങളോരോന്നുതള്ളി നീക്കി.
കുട്ടിയുടുപ്പിട്ടുതുള്ളിക്കളിക്കുന്ന,
കുഞ്ഞിനെ ഓർത്തവൾ സ്വപ്നം കണ്ടു.
പത്തു മാസം തികഞ്ഞ മുഹൂർത്തത്തിൽ
പൊന്നോമൽ കുഞ്ഞിനെപെറ്റവളും.
അമ്മിഞ്ഞപ്പാൽ മണം നുകരുന്നതിൻ മുൻപേ..
അരുമക്കിടാവിനെ തന്നെയാക്കി,
എവിടേക്കോ പോയി മറഞ്ഞിതമ്മ.
ഒന്നുമറിയാത്ത പിഞ്ചു പൈതൽ
അമ്മേ ,വിളിച്ചു കരഞ്ഞ നേരം
ബന്ധുക്കളോരോന്നു
വന്നു ചേർന്നു.
ജീവനില്ലാത്ത മകളെക്കണ്ടമ്മമാർ
തലതല്ലിക്കരഞ്ഞവർ വീണുപോയി.
നീ പിറന്നു വീഴുന്നതും നോക്കി
എത്രനാൾ നിൻ്റമ്മ
.കാത്തിരുന്നു.
ഭൂമിയിൽ വന്നു പിറക്കുന്നതിൻമുൻപേ…
കാലപുരിക്കയച്ചിതല്ലോമനെ.
ഒന്നുമറിയാത്തതങ്കക്കുടത്തിനെ
ശാപവാക്കാൽമൂടിയെല്ലാവരും.
അതു കേട്ടമ്മതൻ മാറിടം ചുരന്നിട്ടോ?
ഇളം കാറ്റായ് വന്നമ്മ
കുഞ്ഞിന്നരികിൽ, ഓടിയെത്തി.
തന്നോമൽക്കുഞ്ഞിനെ വാരിപ്പുണർന്നവൾ
നെഞ്ചോടു ചേർത്തു പിടിച്ചു മെല്ലെ.
ചുംബനപ്പൂക്കളാൽ കുഞ്ഞിളം മേനിയിൽ
തൊട്ടു തഴുകി തലോടി നിന്നു.
അമ്മ തൻ സാമീപ്യം കിട്ടിയ പൈതലും
മെല്ലെ മയക്കത്തിലാണ്ടു പോയി.