സുകൃതക്ഷയങ്ങളിൽ
വഴിതെറ്റിവീണൊരാ
പകവിഷം മൂത്ത
കരിനാഗങ്ങളിഴയുന്ന
അന്ധകാരത്തിന്റെ
ഗർഭഗൃഹങ്ങളിൽ
തിരിപട്ടുപോയ
കെടാവിളക്കിന്റെ
നേർത്തവെളിച്ചവുംപേറി
നോവുപൊള്ളിച്ച
വെന്തകാലുമായ്
ദുരിതകാലത്തിന്റെ
ഗുഹാമുഖം തേടുന്നു ഞാൻ .
തീ വെയിലുപോൽ
കത്തിനിന്നൊരിന്നലെകളെല്ലാം
നഷ്ടസ്മരണകളുടെ
നാറുന്നപുകമൂടി
നന്നേ കറുത്തുപോയപ്പോൾ
മർദ്ദമാപിനിയുടെ
അതിരുകൾഭേദിച്ച
ചിതറിയ ചിന്തകൾ
വാമഭാഗംതളർത്തി
മാത്രാനുമാത്രകളുടെ
സൂക്ഷ്മനേരങ്ങളിൽ
വിശപ്പും വിരേചനവും
വേർതിരിച്ചറിയാത്ത
നാറിപ്പുഴുത്തൊരു
വൃദ്ധജന്മത്തിനെനോക്കി
പകച്ചിരിക്കുന്നു ഞാൻ .
പ്രണയഗണിതത്തിലെ
ഹരണഗുണിതങ്ങൾ
പാടേപിഴച്ചിട്ട്
പേ പിടിച്ചലറുന്ന
തലച്ചോറുമായ്
തീക്കാവടിയാടുന്ന
അർദ്ധരക്തബന്ധത്തെ
കൈവിടാൻമടിക്കുന്ന
കർമ്മബന്ധത്തിൻ
കാണാക്കുരുക്കുകളിൽ
അഴലുമുറുകിമുറിഞ്ഞകഴലുമായ്
ചോരയിറ്റിത്തളർന്നിരിക്കുന്നു ഞാൻ .
മൂർദ്ധാവിലിറ്റിയ
ജന്മദോഷത്തിൻ
പാപനീരുകൾ
പൊള്ളിനീറ്റുന്നനേരത്തും
കനൽമുള്ളുചിതറിയ
കൂർത്തവഴികളിൽ
വാക്കിന്റെ കുരിശേറ്റി
മുടന്തിനീങ്ങുമ്പോഴും
കർമ്മപാശം ചുറ്റിയ
ശാപതാപങ്ങളെ
അഴിച്ചെറിയാൻ മടിച്ചു്
സങ്കടംമോന്തി മരവിച്ചനാവിൽ
കരളുകടഞ്ഞൂറിയകണ്ണീരുതൂവി
ആത്മമോഹങ്ങളുടെ
ശവദാഹം നടത്തുന്നു ഞാൻ .

പ്രവീൺ സുപ്രഭ

By ivayana