മലയാളത്തിൽ വിലാപകാവ്യപ്രസ്ഥാനം ആരംഭിയ്ക്കുന്നത് 1903-ൽ രചിയ്ക്കപ്പെട്ട “ഒരു വിലാപം ” എന്ന കൃതിയിലൂടെയാണ്. കരുനാഗപ്പള്ളിസ്വദേശിയും അധ്യാപകനും കവിയും വിവർത്തകനും സാമൂഹ്യപരിഷ്കർത്താവുമായ ചെമ്പകപ്പള്ളി ശങ്കരൻ സുബ്രമണ്യൻ ( സി.എസ്. സുബ്രമണ്യൻപോറ്റി) ആണ് പ്രസ്തുത കൃതിയുടെ കർത്താവ്. 1875-ലാണ് സി.എസ് സുബ്രമണ്യൻപോറ്റി ജനിച്ചത്.
1917-ൽ കരുനാഗപ്പള്ളിയിൽ ആദ്യത്തെ ഇംഗ്ലീഷുസ്കൂൾ സ്ഥാപിച്ചത് സുബ്രമണ്യൻപോറ്റിയാണ്. പിന്നീടത് ഹൈസ്ക്കൂൾ ആയി ഉയർന്നു. 1903-ൽ ബിരുദം നേടിയ അദ്ദേഹം തുടർന്ന് മഹാരാജാസ് കോളേജിൽ മലയാളംപണ്ഡിറ്റ് ഉദ്യോഗം സ്ഥീകരിച്ചു. ബാലരാമവർമ്മ മഹാരാജാവിന്റെ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1913-ൽ എം എ .പാസ്സായി .
ദിവാൻ രാജഗോപാലാചാരിയുടെ പ്രൈവറ്റ് സെക്രട്ടറി , ഹജൂരാപ്പീസിൽ ഹെഡ് ട്രാൻസ്ലേറ്റർ , ചവറ സബ് രജിസ്ട്രാർ, മലയാളരാജ്യം ചീഫ് എഡിറ്റർ അങ്ങനെ വിവിധതലങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. ശേഷം കരുനാഗപ്പള്ളിയിൽ അദ്ദേഹം സ്ഥാപിച്ച വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററായി.കുമാരനാശാൻ ,ഉള്ളൂർ , കണ്ടത്തിൽ വറുഗീസ് മാപ്പിള , സി.വി.രാമൻപിള്ള തുടങ്ങിയവർ അദ്ദേഹത്തിന്റെ അടുത്ത സുഹ്രുത്തുക്കളായിരുന്നു.
കുമാരനാശാന്റെ വീണപൂവ് എന്ന കൃതിയെ ഭാഷാപോഷിണി മാസികയിലൂടെ കേരളീയ മനസ്സുകളിലെത്തിച്ചത് സുബ്രമണ്യൻപോറ്റിയാണ്. ആൽഫ്രഡ് ടെന്നിസൺ ,മാത്യു അർനോൾഡ്, ബങ്കീംചന്ദ്ര ചാറ്റർജി എന്നിവരുടെ കൃതികൾ അദ്ദേഹം മലയാളത്തിൽ മൊഴിമാറ്റംചെയ്ത് അവതരിപ്പിച്ചു. കൂടതെ ഒരു വിഹാരം ,കവനമാലിക ,കാവ്യോപഹാരം , കീചകവധംതിരുവാതിരപ്പാട്ട് തുടങ്ങിയ കൃതികൾ അദ്ദേഹമെഴുതി. വിയോഗിനിവൃത്തത്തിൽ വിരചിതമായ അദ്ദേഹത്തിന്റെ “ഒരു വിലാപ “മെന്ന കൃതി സ്വപുത്രിയുടെ വേർപാടിൽ മനംനൊന്ത് എഴുതിയതാണ്.
കരുനാഗപ്പള്ളി ഇംഗ്ലീഷ്സ്കൂളിൽ സംഘടിപ്പിച്ച വിദ്യാലയദിനാഘോഷത്തിൽ ജാതിഭേദമെന്യേ എല്ലാ കുട്ടികളെയും ഒരുമിച്ചിരുത്തി അദ്ദേഹം പന്തിഭോജനം നടത്തി. തിരുവിതാംകൂറിൽ അവർണ- സവർണ വ്യത്യാസമില്ലാതെ നടത്തിയ ആദ്യസദ്യ ഇതായിരുന്നു. കരുനാഗപ്പള്ളി പോലിസ്സ്റ്റേഷൻ , സ്കൂൾ ,ടൗൺക്ലബ് തുടങ്ങി പലസ്ഥാപനങ്ങളും നിൽക്കുന്നത് അദ്ദേഹം ദാനമായി കൊടുത്ത ഭൂമിയിലാണ്. 1954-ൽ അദ്ദേഹം അന്തരിച്ചു.