ഒരു ഓഫ് ലൈനിലൂടെ
നീയെൻ്റെ ശബ്ദത്തെ ഘരാവോ ചെയ്തു
എത്തും പിടിയും കിട്ടാത്ത വഴികളിലൂടെ
നിൻ്റെ ബൈക്കുകൾ ചീറിപ്പാഞ്ഞു.
മരണക്കിണറിൽ
ബൈക്കോടിക്കുന്നവൻ്റെ
കൈ വിശിക്കാണിക്കലായി
ഗ്യാലറിയിൽ കാണികൾ നിറഞ്ഞു
വൃത്തം വരയ്ക്കുന്ന ബൈക്കുകളേക്കാൾ
വേഗതയായിരുന്നു നിനക്ക്
മദം പൊട്ടിയ ആനയെ
പതിനഞ്ച് കിലോമീറ്ററിനപ്പുറം തളച്ചപ്പോളാണ്
പുറകെ പോയ നാട്ടുകാർ
തിരികെ വീട്ടിലെത്താൻ
വണ്ടിക്കൂലിയെടുക്കാൻ മറന്നെന്ന
വാസ്തവമറിഞ്ഞത്.
പലതിൻ്റെയും പുറകെ പോയി മടങ്ങിയ കാലം
പ്രണയത്തെ തച്ചുടയ്ക്കുന്നു.
താജ്മഹൽ കണ്ട് മടങ്ങിയ
രാത്രിയിലാണ്
അവളൊരു ശവകുടീരമായത്.
പുതിയ കാഴ്ചകൾ ഭ്രമിപ്പിക്കും.
പിന്നെ പിന്നെ മടുപ്പിക്കും.
തിരികെപ്പോകാൻ ഇടമില്ലെങ്കിൽ
നമുക്കീ ഫോണും ഉപേക്ഷിക്കാം
ഓഫ് ലൈനിൽ നിൽക്കാൻ
മനസില്ലാത്തതിനാൽ
നിന്നെ ഞാൻ ഉപേക്ഷിക്കുന്നു.
നീ, എന്നെ ഉപേക്ഷിച്ചതു പോലെ.
ഉപേക്ഷിക്കുന്നു എന്ന വാക്കും
അപേക്ഷിക്കുന്നു എന്ന വാക്കിനും
പ്രസക്തിയില്ലാത്ത കാലത്ത്
ഒരു ഓഫ് ലൈൻ തന്നെയാണ്
പലരുടെയും സൗഹൃദം.

താഹാ ജമാൽ

By ivayana