അയാൾ ഗസല് പാടുന്നു ..
ഇടുങ്ങിയിടുങ്ങിയടഞ്ഞ
തൊണ്ടക്കുരലിൽ നിന്ന്
സ്വരങ്ങൾമാത്രം
പുറത്തേയ്ക്കൊഴുകിയില്ല .
ചുരുക്കംചിലമുരളൽമാത്രം
തെറിച്ചു .
അവസാനഗാനത്തിന് തൊട്ടുമുമ്പാണ്
ഓറഞ്ചുനിറത്തിൽ
ഒരഗ്നിനാളം പോലെ
സദസ്സിന്റെ മുൻനിരയിൽ അവൾ
പറന്നുവന്നുപറ്റിയത് .
പൊരിഞ്ഞുകൊണ്ടിരുന്ന തബലയും
കേണുകൊണ്ടിരുന്നതന്ത്രികളും
മുഖത്തോടുമുഖം നോക്കിവിതുമ്പി ,
നിശ്ശബ്ദം …
അയാളുടെ ഹാർമ്മോണിയത്തിന്റെ
കറുത്തകട്ട ശിവരഞ്ജിനിയുടെ
കോമളഗാന്ധാരത്തിലൂടെ
ഒരു നീണ്ടരോദനമായി
ഹൃദയങ്ങളിലേയ്ക്ക് പടർന്നു .
അവസാനഗാനത്തിന് തൊട്ടുമുമ്പാണ്
അവളെത്തിച്ചേർന്നത് .
ഇളകുന്നജനസമുദ്രത്തിൽ നിന്ന്
ഓറഞ്ചുനിറത്തിൽ ഒരഗ്നിത്തുരുത്ത്
അയാളിലേയ്ക്കൊഴുകിയൊഴുകിയടുത്തു .
അപ്പോൾ അന്തരഗാന്ധാരം
കരഞ്ഞുവിളിച്ചുകൊണ്ടിരുന്നു .
മേല്പുര നഷ്ടപ്പെട്ട്
ആകാശമായിത്തീർന്ന
അവരുടെ കാഴ്ചകളിലേയ്ക്ക്
ഇടുങ്ങിയ തെരുവുകൾ
പെട്ടെന്ന്കടന്നുവന്നു .
ലസ്സിയിൽ കുളിർത്തുനിന്ന നട്ടുച്ചകൾ,
മൊരിഞ്ഞുയരുന്ന വടാപ്പാവിന്റെ സുഗന്ധം.
പേപിടിച്ചപകലുകൾ
അഗ്നിപൊട്ടിയൊലിച്ചരാത്രികൾ ..
പട്ടിണിയിൽക്കോർത്തുപോയ അയാളുടെരാത്രികളിൽ
സ്വപ്നങ്ങൾ പൊട്ടിയൊഴുകിയ
ഗന്ധർവ്വയാമങ്ങൾ …
എവിടെയോ ഒരുമൃദുലമായതന്ത്രി അതിലോലമായി
പ്രതിമധ്യമമായി…
ഒരായിരം തന്ത്രികൾ പന്തുവരാളി പാടി .
ഹാർമോണിയത്തിന്റെ കട്ടകൾ
ഓറഞ്ചുനിറമുള്ള അഗ്നിനാവുകളായി.
അയാളുടെ വിരൽത്തുമ്പുകളെരിഞ്ഞ്
അസ്ഥിമുനകളായിമാറി …
ഓറഞ്ചുനിറത്തിൽ ഒരഗ്നിത്തുരുത്ത്
അയാളിലേക്ക് അലിഞ്ഞു ചേർന്നു .
അയാളുടെ ഹൃദയം ഒരഗ്നിപർവ്വതമായിച്ചീറി .
തബലകളുടെ തോലുകളിലപ്പോൾ
മലർമണികൾ പൊരിഞ്ഞുനീറി
തേനീച്ചച്ചിറകുപോലെ വിരലുകൾ .
ദിഗന്തങ്ങളിലേയ്ക്ക് നീണ്ടുനീണ്ടു പോകുന്ന
പന്തുവരാളിയുടെ ശോകായനം .
ആകാശച്ചെരിവിൽ ഒരായിരം കുഞ്ഞുനക്ഷത്രങ്ങൾ …
ഒരിയ്ക്കലും പൂക്കാതെപോയ
അവരുടെ സ്വപ്നങ്ങൾ …
അരുമക്കുഞ്ഞുങ്ങളായി
അവരെത്തേടിവന്നു …
ഓറഞ്ചു വർണ്ണമാർന്ന ഒരുതാമരത്തണ്ടായി
കത്തിയെരിയുന്ന ഹാർമോണിയത്തിന്റെ നീറിപ്പടർന്ന ഹൃദയത്തിലേയ്ക്ക്
അയാൾ നടുവൊടിഞ്ഞുവീണു …
ഒന്നുമൊന്നും കാണാതെ
ഒന്നുമൊന്നുമറിയാതെ
കാണികൾ …
ഓറഞ്ചുനിറമാർന്ന ഒരഗ്നിത്തുരുത്ത്
അയാളിലലിഞ്ഞുചേർന്നിരുന്നു .
ആകാശവിതാനത്തിൽ
അരുമക്കുഞ്ഞുങ്ങളുടെയിടയിൽ
അയാൾ അഗ്നിനിറത്തിലുള്ള
ഒരു വലിയ നക്ഷത്രമായിത്തീർന്നു .
ദിഗന്തങ്ങളപ്പോഴും പന്തുവരാളിയിൽ
തേങ്ങിക്കരയുന്നുണ്ടായിരുന്നു ….
അത്യുച്ചസ്ഥായിയിൽ .
അവളെവിടെ ????

By ivayana