രാഗങ്ങളൊക്കെയുമന്യമായി
വീണയിൽ നൊമ്പരം മാത്രമായി
തന്ത്രികൾ പൊട്ടിത്തകർന്നൊരാ വീണയിൽ
നീറുന്ന ഓർമ്മകൾ മാത്രമായി.
ചുടുനെടുവീർപ്പുകൾ കണ്ണീർക്കണങ്ങളായ്
ഒരുമുറിക്കോണിൽ ഉതിർന്നുവീഴ്കേ
രാഗം മരിച്ചൊരാ വീണക്ക് കൂട്ടിനായ്
വേവുന്നവേളകൾ മാത്രമായി.
പണ്ടിതേവീണക്ക് യൗവ്വനം നൽകിയ
പൊൻവിരൽത്തുമ്പോർത്ത് വീണതേങ്ങി
ഈണം നിലച്ചൊരാ പ്രാണന്റെ സ്പന്ദനം
ആ മുറിക്കുള്ളിൽ വിറച്ചുനിന്നു.
നിറമുള്ള സ്വപ്നങ്ങളന്യമായി
നിഴൽക്കുട്ടുപോലുമില്ലാതെയായി
താഴിട്ടുപൂട്ടുവാനാകാത്ത ഓർമ്മകൾ
വീണക്കുചുറ്റും നിറഞ്ഞുനിന്നു.
പൊടിതിന്നു മൂലയിൽ പിടയുന്ന വീണതൻ
നിറമകന്നേറ്റം വികൃതമായി
തപ്തനിശ്വാസങ്ങളാമുറിച്ചുമരിൽ
തലതല്ലി താഴേക്ക് വീണുടഞ്ഞു.
ഒരുമാത്ര എല്ലാം മറക്കുന്നു, കാതിലേ‐
ക്കൊരുപാദശബ്ദം പതിഞ്ഞിടുന്നു
പടിവാതിലോളം ചെല്ലുന്നു കണ്ണുകൾ,
പതിയേ മടങ്ങുന്നു; പകലകന്നു.
വേനൽക്കൊടുംചൂടിലങ്കണം തന്നിലെ
ചെറുകൃഷ്ണതുളസി കരിഞ്ഞുപോയി
ഒരുതുള്ളിനീരിനായ് കേണുകൊണ്ടൊരുപക്ഷി
ചിറകിട്ടടിച്ചു തളർന്നുവീണു.
ഉടലറ്റുപോയൊരു മാവിന്റെ വേരിലൂ‐
ടപ്പോഴും രക്തം കിനിഞ്ഞുവന്നു
തൊടിയിൽ കിതക്കുന്ന കാറ്റിനോടെതിരിട്ട്
ഒരുതിരിനാളമുലഞ്ഞുനിന്നു.
(പള്ളിയിൽമണികണ്ഠൻ )