അനുവാചകന്റെ ഹൃദയത്തിലേക്ക് ആഴത്തിൽ വേരോടിക്കുന്ന ചില എഴുത്തുകാരുണ്ട്, എഴുത്തുകളുമുണ്ട്. സാവകാശം പടർന്ന്, പരമാവധി ആഴ്ന്ന്, അത്രമേൽ സുന്ദരമായി വേരോടുന്ന ചില എഴുത്തുകൾ. തന്മയപ്പെടുന്ന ചില വാചകങ്ങൾകൊണ്ട് അവ നമ്മെ അത്ഭുതപ്പെടുത്തും, നൊമ്പരപ്പെടുത്തും, ആഹ്ളാദപ്പെടുത്തും. പൂപ്പൽ അത്തരമൊരു കൃതിയാണ്.
വിബിൻ ചാലിയപ്പുറം എഴുതിയ കവിതാസമാഹാരം.
പൂപ്പൽ ഒരു ചെറിയ പുസ്തകമാണ്. ചെറുതെന്ന് പറയുമ്പോൾ പുറങ്ങളുടെ എണ്ണംകൊണ്ടല്ല, കൈപ്പിടിയിലൊതുങ്ങുന്ന അത്രയും ചെറുതെന്ന അതിന്റെ ആകൃതിയിലാണ് അത് ചെറുതാകുന്നത്. ഏതാനും വരികളിൽ ഒരാശയത്തെ ആവിഷ്കരിക്കുന്ന കുറുങ്കവിതകളാണ് പൂപ്പൽ പൊതുവെ കൈകാര്യം ചെയ്യുന്നത്. എന്നാൽ അവ സാമ്പ്രദായിക ഹൈക്കുനിയമരീതി പിൻപറ്റുന്ന ഒന്നല്ലതാനും. വിബിന്റെ കവിതാലോകം അത്തരം നിയമാവസ്ഥകളിൽനിന്നും ഭിന്നവും അവനവനിലേക്കും അവനവനിൽനിന്നും എല്ലാവരിലേക്കും സ്വതന്ത്രവുമായ മറ്റൊരുലോകമാണ്.
ചില ബോധ്യങ്ങളുടെ അടിസ്ഥാനംതന്നെ പൊള്ളയാകുന്ന വിഹ്വലതകൾ, ജീവിതം, പ്രണയം, മരണം, പ്രതീക്ഷ, പ്രതീക്ഷാഭംഗങ്ങൾ അങ്ങനെയങ്ങനെ തീർത്തും പരിചിതമായ വിഷയങ്ങളെ അപരിചിതമായ ബിംബകല്പനകളിലൂടെ വരച്ചിടുകയാണ് വിബിൻ ചെയ്യുന്നത്. കലഹിക്കുന്ന വരികളിൽ കവി കുടിയിരുത്തുന്നത് അവനവനോടുള്ള ബോധ്യപ്പെടുത്തലുകളുടെ നിർവചനപ്രക്രിയയാണ്. ഓരോ കവിതയും പലപ്പോഴും അനുഭവങ്ങളുടെ നിർവചനം പോലെ ആറ്റിക്കുറുക്കിയ പ്രയോഗഗതിയാണ്.
വിബിന്റെ കവിതകളിൽ അലങ്കാരങ്ങൾ പൊതുവെ ഉപമയും രൂപകവും അപ്രസ്തുതപ്രശംസയും രൂപകാതിശയോക്തിയും അപൂർവ്വം ചിലത് അർത്ഥാന്തരന്യാസ ചായ്‌വുള്ളതുമാണ്. പലപ്പോഴും അപ്രസ്തുതപ്രശംസയുടെ ഭംഗിയിൽ ആശയം പൂർണ്ണമായും നിമഞ്ജനം ചെയ്യപ്പെട്ട വരികളും കണ്ടെത്താവുന്നതാണ്. സ്വാഭാവികമായി സംഭവിച്ചതല്ലാതെ അലങ്കാരത്തിനായി കൂട്ടിത്തയ്ച്ച വരികളെ എങ്ങും കാണാൻ സാധിക്കില്ല എന്നതും എടുത്തുപറയേണ്ടുന്ന ഒന്നാണ്. എന്നിരുന്നാലും കവിതകൾ വൃത്തനിബന്ധമല്ലെന്നതിനാൽ കവിതയിൽ
താളഭംഗി തേടുന്നവർക്ക് നിരാശയാവും ഫലം. പദ്യരൂപമല്ല വിബിന്റെ കവിതകളുടെ ഘടനാപരത. ആശയത്തിന് മാത്രം പ്രാമുഖ്യം നൽകുന്ന ഉത്തരാധുനികശൈലിയാണ് വിബിനും പിന്തുടരുന്നത്.. ഒരുപക്ഷെ വിബിന്റെ കവിതകളുടെ ഭംഗി ആ സ്വതന്ത്രഗതികൂടിയാണെന്ന് പറയാം.
മനോഹരമായ കുറുങ്കവിതകളുടെ കൊച്ചുസമാഹാരമാണ് പൂപ്പൽ. തുടക്കത്തിൽ പറഞ്ഞതുപോലെ കൈപ്പിടിയിലൊതുങ്ങുന്ന അത്രയും ചെറിയ പുസ്തകത്തിലെ ഘനമുള്ള വരികളിൽ അതിലും വലിയ ആശയങ്ങളെ വായിക്കുന്നത് മനോഹരമായ വായനയനുഭവംകൂടിയാണ്. ഒരുപക്ഷെ ഈ കവിതകൾ അത്രമേൽ എനിക്കിഷ്ടമാകാൻ കാരണം ഓരോ കവിതയിലും ഞാൻ എന്നെത്തന്നെ തിരഞ്ഞതുകൊണ്ടുകൂടിയാകും. ചില എഴുത്തുകൾ വായിക്കുമ്പോൾ നാം എഴുതാതെ വിട്ടുപോയതല്ലേ അവ എന്ന് തോന്നില്ലേ? ഏതാണ്ട് അതുപോലെ..
ഒറ്റയ്ക്കിരിക്കുമ്പോൾ അവനവനിലേക്ക് ആഴത്തിൽ വേരോടാൻ ആഗ്രഹിക്കുന്ന മനുഷ്യർ ഇക്കൂട്ടത്തിലുണ്ടെങ്കിൽ പൂപ്പലിലൂടെ കടന്നുപോവുക.
“ഇരുട്ടിലകപ്പെട്ടവർ
നിഴലിനെ-
ക്കുറിച്ചോർത്തിട്ടുണ്ടോ
വെളിച്ചത്തിൽ
മാത്രം കേൾക്കുന്ന
കളവാണത്..”
-പുറം :21
പൂപ്പൽ (കവിതകൾ)
വിബിൻ ചാലിയപ്പുറം
വിപിൻ

By ivayana