ഞാനും മൂന്നനുജന്മാരും സംഗീതം പഠിച്ചുവളർന്നു ജീവിക്കുകയാണ്. അതിനിടയിൽ അവൻ, എന്റെ നേരെയിളയവൻ, ഞങ്ങളിൽ നിന്നകന്ന് അതിദൂരം അങ്ങിനെയൊന്നുമാവാതെ ഒഴുകിപ്പോയി. കാരണങ്ങൾ എനിക്കും അവനും മാത്രമേ അറിയുകയുള്ളൂ. അവൻ ഇതുവരെയാരോടും പറഞ്ഞിട്ടില്ല ; ഞാനും.
പക്ഷെ, എന്റെ ദുർചിന്തകൾ എന്നെ കാർന്നുതിന്നുകയാണ്, ശരീരത്തിലെവിടെയോ ബാധിച്ച ക്യാൻസർ പോലെ.
കോഴിക്കോട് തളി മഹാദേവക്ഷേത്രത്തിൽ ഞങ്ങളുടെ കച്ചേരി തിമിർക്കുന്ന സമയത്ത്, ക്ഷേത്രപാലകരിൽ ഒരാൾ ഞങ്ങളുടെയൊപ്പം സ്റ്റേജിലിരിക്കുന്ന അപ്പുക്കുട്ടനോട് രഹസ്യമായി ഒരു വാർത്ത പറഞ്ഞു. അയാൾ പരിഭ്രാന്തനായി മൃദംഗം വായിച്ചുകൊണ്ടിരുന്ന ഏറ്റവും ഇളയവനോട് ആ കാര്യം പറഞ്ഞു. അവൻ കൊട്ടുന്നതിനിടയിൽ തെല്ലൊന്നു പരിഭ്രമിച്ചുവോ എന്നുതോന്നി ! അവൻ വയലിനിൽ ശ്രദ്ധിച്ചിരുന്ന അവന്റെ മുതിർന്നവന്റെ കാതിൽ അതുപറയുമ്പോൾ പരിഭ്രമവും വേദനയും സങ്കടവും അവന്റെ മുഖത്തു പരക്കുന്നതുകണ്ടു. അവൻ തലമാത്രം നീട്ടി എന്നോടതുപറഞ്ഞു.
അനന്തേട്ടനെ ആരോ കുത്തി. അല്പം സീരിയസ്സാണ്. ഇവിടെ മെഡിക്കൽ കോളേജിൽ.
ആ വാർത്തയിൽ മനം ആടിയുലഞ്ഞപ്പോൾ കച്ചേരി മുഴുമിപ്പിച്ചെന്നുവരുത്തി ഞങ്ങൾ അമ്പലം വിട്ടു.
ആശുപത്രിയിൽ ചെല്ലുമ്പോൾ പരിസരം ആകെ ഘനീഭവിച്ചതുപോലെ. ഇടനാഴികളിൽ ഭയാനകമായ നിശബ്ദത. Icu വിന്റെ മുമ്പിൽ അവന്റെ എക്കാലത്തെയും നല്ല കൂട്ടുകാർ നാലുപേർ മാത്രം. അവർ ഞാൻ വരുന്നതുകണ്ടു എന്റെ അടുത്തുവന്നു കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു…
ആറു കുത്താണ്, ഒന്നു പുറത്തും.
നെഞ്ചുവിങ്ങിയോ ! തെളിനീരോട്ടത്തിനായി കണ്ണുകളിൽ നീർ നിറഞ്ഞുവോ !
ഗദ്ഗദം തൊണ്ടയുടെ നടുക്കുവന്നു ഇടമുറുക്കിയതുപോലെ നിന്നോ !ആകെയൊരു പരവേശം പോലെ.
അവൻ വഴിപിരിഞ്ഞു പോകാൻ കാരണം ഞാനാണെന്നത് എന്റെ മനസ്സെപ്പോഴും;ഇപ്പോഴും ഇടംകോലിടുന്നു.
ഞങ്ങൾ നാലുപേർ, ഒറ്റമനസ്സുള്ളവർ, ചെറുപ്പംതൊട്ടേ സംഗീതാദിവാസനകളിൽ അഭിരമിച്ചവർ. അച്ഛൻ പറയാറുണ്ട്, നന്നായി പഠിക്കുമെങ്കിൽ നിങ്ങളെ നാലുപേരെയും ചെറുതുരുത്തിയിൽ കലാമണ്ഡലത്തിൽ ചേർത്തു പഠിപ്പിക്കാം.
അവന്റെ ശബ്ദസൗകുമാര്യം സംഗീതലയങ്ങൾക്കൊപ്പം എന്നേക്കാൾ മുമ്പിലായപ്പോൾ, ഉള്ളിലെവിടെയൊക്കെയോ കാരമുള്ളുകളുടെ കോർത്തുപറിക്കലുകൾ ഉണ്ടായി. എന്നാൽ എന്റെ മാറ്റനിയന്മാരോടൊന്നും ഒരിക്കലും അങ്ങിനെയൊന്നും തോന്നിയിട്ടുമില്ല.
അവനിലെ എല്ലാത്തിനോടുമുള്ള ഒരു മികവ് എന്റെ ചെറുമനസ്സിലെവിടെയോ അന്നുമുതൽ തന്നെ ഒരു എരിതീ കോരിയിട്ടിരുന്നു. പലരുടെയും വായ്ത്താരികളിൽ കുറേ ചെറുവാക്കുകൾ അവന്റെ മികവിനെക്കുറിച്ചായപ്പോൾ, ഞാൻ കേട്ടുതുടങ്ങിയപ്പോൾ, എന്നിലുണ്ടായ മുറിവുകളിലെല്ലാം എരിമുളകുവാരി തേച്ചതുപോലെയായിരുന്നു.
കലാമണ്ഡലത്തിൽ ചേരുന്നതിനുമുമ്പ് അച്ഛന്റെ ഉപദേശങ്ങൾക്കൊടുവിൽ ഓരോരുത്തർക്കും എന്തിനെല്ലാം ചേരണമെന്ന ചോദ്യത്തിൽ ആദ്യ ഊഴം എന്റേതായപ്പോൾ, (എനിക്ക് വയലിനോടായിരുന്നു കമ്പം,അവന് വായ്പ്പാട്ടിനോടും, )ഞാൻ പറഞ്ഞു, എനിക്ക് വായ്പ്പാട്ടുമതി.
അമ്മയും അച്ഛനും പരസ്പരം നോക്കി. അവർക്കതു വിശ്വാസം ആകാത്തപോലെ. അവർ അവനേയും നോക്കി. അവൻ മറുത്തൊന്നും പറയാതെ നിന്നതേയുള്ളൂ.
ഓരോരുത്തർക്കും ഓരോവിഷയം പഠിക്കാമെന്ന് അച്ഛൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. എനിക്ക് വയലിനോടുള്ള കമ്പം അവർക്കും അറിയാവുന്നതുമാണ്. എന്നിട്ടും എന്നിൽ നിന്ന് ഇങ്ങനെയൊരു മറുപടി അവർ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.
അവൻ അവന്റെ ഊഴമെത്തിയപ്പോൾ വളരേ നിസംഗനായി പ്രസ്താവിച്ചു, എനിക്കു വയലിൻ മതി. പിന്നെയവൻ മറ്റൊന്നുകൂടി കൂട്ടിച്ചേർത്തു, വയലിൻ പഠിച്ചാൽ രാഗങ്ങളെ ഇഴപിരിക്കാം. അത് അച്ഛനും അമ്മയ്ക്കും അത്ഭുതമാകുന്നത് ഞാൻ കണ്ടു. വെറും പത്തുവയസ്സുകാരനാണ് അതുപറഞ്ഞത്.
മൂന്നാമനും നാലാമനും താളവാദ്യത്തിലാണ് കമ്പം. ഇളയവൻ കുഞ്ഞായിരിക്കുമ്പോഴേ, താളങ്ങളിലും മേളങ്ങളിലും കാതുകൂർപ്പിക്കുമായിരുന്നു. മൂന്നാമൻ ഞങ്ങൾ പാടുമ്പോൾ അലുമിനിയം കലത്തിൽ ഘടം വായിക്കുമായിരുന്നു.
കലാമണ്ഡത്തിലെ പടവുകൾ ചവുട്ടിക്കയറുമ്പോൾ അവൻ ഒന്നിടവിട്ട പടികൾ ചാടിക്കയറുന്നതു ഞാൻ കണ്ടു. അവിടെയുള്ള കൂട്ടുകാരോടൊപ്പം വായ്പ്പാട്ടിലും പ്രാഗൽഭ്യം തെളിയിക്കുന്നതുകണ്ടു.
അവന്റെമിടുക്ക് എന്നിൽ അലോസരം വളർത്തിക്കൊണ്ടുമിരുന്നു. അപ്പൊഴെപ്പോഴോ ആണ് അവനെ തോൽപ്പിക്കണമെന്ന ചിന്തകൾ രൂപപ്പെട്ടുതുടങ്ങിയത്.
ഐസ്യു വിന്റെ വാതിൽ തുറന്ന് ഒരു ഡോക്ടർ പുറത്തേക്കുവന്നു. ഒപ്പം ഒരു നേഴ്സും. ഇടനാഴിയുടെ ഒരരുകിൽ നിന്നിരുന്ന ഞാൻ ഡോക്ടറുടെ അരികിലേക്കു ചെന്നു. നാലു കൂട്ടുകാരും അനിയന്മാരും വന്നു. നിങ്ങൾ ആരെന്ന ചോദ്യത്തിന് ഞാൻ ജ്വേഷ്ഠനെന്ന മറുപടി നൽകി. ഡോക്ടർ കാര്യം വിശദീകരിച്ചു. ആറുകുത്താണ്, മൂന്നെണ്ണം വയറ്റിലും ഒന്നിടനെഞ്ചിലും ഒന്നു വലതു തോളിലും ഒന്നു പുറത്തും, ഭാഗ്യത്തിന് നട്ടെല്ലിൽ കൊണ്ടില്ല. ഉടൻ ഓപ്പറേഷൻ നടത്തണം. എന്നിട്ടേ, എന്തെകിലും പറയാൻ പറ്റുള്ളൂ.
നേഴ്‌സ് കാണിച്ച പേപ്പറുകളിലെല്ലാം ഒപ്പിട്ടുകൊടുത്തു. പിന്നെ എല്ലാവരോടുമായി ഡോക്ടർ പറഞ്ഞു.
ഓപ്പറേഷൻ കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ.
അനിയന്മാരിലെ ഞെട്ടലും പരിഭ്രമങ്ങളും കണ്ടു. സാന്ത്വനിപ്പിയ്ക്കാൻപ്പോലുമാവാതെ ഞാൻ നിന്നു.
ഞാൻ നാലു കൂട്ടുകാരുടെയും അടുത്തുചെന്നു.
– ഇത് എങ്ങനെ?
– അറിയില്ല വാസുവേട്ടാ… !
അവർ വിങ്ങിപ്പൊട്ടാൻ കാത്തിരിക്കുന്നതുപോലെ തോന്നി.
ഞങ്ങൾ കച്ചേരി കേട്ട് നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരാൾ വന്ന് തോളത്തുപിടിച്ചുകൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അനന്തേട്ടന് എല്ലാടത്തും കൂട്ടുകാരുണ്ടല്ലോ, അങ്ങനെയെന്നേ ഞങ്ങളും കരുതിയിരുന്നുള്ളൂ. അലർച്ചകേട്ട് ഓടി ചെന്നപ്പോഴേക്കും അനന്തേട്ടൻ നിലത്തുവീണുപോയിരുന്നു. രണ്ടുപേർ ഓടുന്നതുകണ്ടു. പുറകിൽ ഓടിയയാൾ വിളിച്ചുപറഞ്ഞു. ആളുമാറിപ്പോയതാണെന്ന്… !
ഞാൻ ചോദിച്ചു… ഒരു പുച്ഛം അതിൽ ഉണ്ടായിരുന്നു.
അവന്റെ തമ്മിൽ തല്ലുകളുടെ അനന്തരഫലം, അല്ലേ?
അവർ നാലുപേരും മുഖാമുഖം നോക്കി, എന്നിട്ടുപറഞ്ഞു,
— അതിന് വാസുവേട്ടനും പങ്കില്ലേ???
— എങ്ങിനെ?
വളരേ വിക്ഷുബ്ധനായാണ് അങ്ങിനെ ചോദിച്ചത്. അപ്പോൾ മറ്റൊരാൾ പറഞ്ഞു,
വാസുവേട്ടൻ ഓർക്കുന്നുവോ എന്നറിയില്ല. അന്ന്, വാസുവേട്ടന്റെ കല്യാണത്തിന്റെ തലേദിവസം സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവത്തിനിടയിൽ ഉണ്ടായ കശപിശകൾക്കൊടുവിൽ, മാറി നിന്ന ഞങ്ങളുടെ കൂട്ടത്തിനിടയിൽ നിന്ന് എസ്ഐ അനന്തേട്ടനെ വലിച്ചെടുത്തുകൊണ്ടുപോയി. ഞങ്ങളും ഒപ്പം സ്റ്റേഷനിൽ ചെന്നു. അന്നു ഞാൻ വാസുവേട്ടനെ വിളിച്ചു പറഞ്ഞിരുന്നു, ഓർക്കുന്നുണ്ടോ?. പക്ഷേ അവിടെ നിന്ന് ആരും വന്നില്ല. അന്ന് സ്റ്റേഷനിൽ വച്ച് ഒരു കച്ചേരി നടത്തി. കച്ചേരി കഴിഞ്ഞപ്പോഴാണ്, ഇന്നാരെന്ന് എസ്ഐ ക്ക് മനസ്സിലായത്. അപ്പോൾ എസ്ഐ ഒരു കാര്യം പറഞ്ഞു. ഞങ്ങൾ നാലുപേരും അന്തിച്ചുപോയി. പക്ഷേ, അനന്തേട്ടന്റെ ചുണ്ടിൽ ഒരു ചെറുചിരി മാത്രം. അതെന്തെന്നറിയണമോ വാസുവേട്ടാ… !.
അയാളുടെ നോട്ടത്തിനുമുമ്പിൽ എനിക്കു പിടിച്ചുനിൽക്കാനായില്ല. ഞാൻ തിരിഞ്ഞു നടന്നു. ഇടനാഴിയിലെ മറ്റൊരരുകിലേക്ക്.
ശരിയാണ് അയാളുടെ ചോദ്യത്തിന് ഒരർത്ഥമുണ്ട്. അവൻ അവളോടൊപ്പം നടക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അവൻ എന്നോട് പറഞ്ഞിട്ടുമുണ്ട്. ഏട്ടന്റെ വിവാഹശേഷം അവളെയും വീട്ടിലേക്ക് കൂട്ടണം. അവൾ അമ്മാവന്റെ മകൾ എന്നതിലുമുപരി, അവർ കളിക്കൂട്ടുകാരുമായിരുന്നൂ.
അവരുടെ ഇടപഴകലുകൾ തനിക്കും ആഗ്രഹങ്ങൾ നിറച്ചിട്ടുണ്ട്. എനിക്കും അവൾ മുറപ്പെണ്ണുതന്നെയാണ്. പക്ഷേ, അവന്റെ ഏക ഇഷ്ടം, അത് ഞാനല്ലേ സാധിച്ചു കൊടുക്കേണ്ടിയിരുന്നത്. അച്ഛനോടും അമ്മയോടും പറയാൻ അവനെന്നെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
അപ്പോഴാണ് ആ വാർത്ത കേട്ടത്. അടുത്ത അമ്പലവിളക്കിന് അവൻ സ്വന്തമായി രചിച്ച ഒരു രാഗത്തിൽ ഒരു കീർത്തനം ആദ്യമായി സ്വയം ആലപിക്കാൻ പോകുന്നു. അമ്മയുടെയും അച്ഛന്റെയും സംസാരങ്ങളിൽ നിന്നുമാണത് അറിഞ്ഞത്. അവൻ എന്നോടതേപ്പറ്റിയൊന്നും പറഞ്ഞിട്ടില്ല.
അതുകേട്ടിട്ടു എനിക്ക് പലരാത്രികളിലും ഉറക്കം പലവഴിക്കേ പറന്നുപോയി. അതെങ്ങനെ മാറ്റിമറിക്കാൻ പറ്റുമെന്ന ചിന്തകളായി. ആ സംഭവം നടന്നുകഴിഞ്ഞാൽ, നാട്ടിലും വീട്ടിലും മറ്റുദേശങ്ങളിലും, തന്റെ മേലാപ്പുകളിൽ നിഴൽ വീഴുമെന്ന ഭയം, പതഞ്ഞു നിറഞ്ഞുവന്നു.
അപ്പോഴാണ് അമ്മയുടെ ഒരുപൊരുൾ കാതിൽ വീണത്. ഇനി ഒരു കല്യാണമൊക്കെയും വേണം. അച്ഛൻ അതിനായി പലരോടും സംസാരിച്ചിട്ടുമുണ്ട്.
അന്നുരാത്രിയിലെ ഉറക്കമില്ലായ്മയിൽ നിന്നാണ് അതുകണ്ടെത്തിയത്. അവളെത്തന്നെ കല്യാണം കഴിക്കണം. അപ്പോൾ അവന്റെ മനം പാളും, അതോടെ എനിക്കവനെ തോൽപ്പിക്കാനാകും… !
അമ്മയോടതുപറഞ്ഞു, അമ്മയ്ക്കതിസന്തോഷം. അവൻ വന്നു എന്നോട് അതിനെക്കുറിച്ചു സംസാരിച്ചു. ആദ്യമായി അവനിൽ നിന്നും വാഗ്‌വാദങ്ങളുണ്ടായി. ഞാൻ പറഞ്ഞൊഴിഞ്ഞു, അച്ഛന്റെയും അമ്മയുടെയും തീരുമാനം.
അതിൽപ്പിന്നെ അവൻ കച്ചേരികളിൽ വരാതെയായി. കുടിച്ചു കൂത്താടി നടക്കുകയാണെന്നു ഞാൻ അച്ഛനേയും അമ്മയെയും പറഞ്ഞു വിശ്വസിപ്പിച്ചു, നേരത്തേതന്നെ ഇവയൊക്കെയുണ്ടായിരുന്നുവെന്നും. മൂത്തവനും ഇളയവനുമുള്ളൊരാവകാശം പോലെയാണത്, അവർ പറയുന്നതെന്തും അച്ഛനമ്മമാർ വിശ്വസിക്കും.
അതെനിക്കു നല്ലതുപോലെ അറിയാമായിരുന്നു. ആ പയറ്റലിൽ അവർ വീണു. അവന്റെ നേരെ ശകാരവർഷവും പലപ്പോഴും വർഷിച്ചുകൊണ്ടുമിരുന്നു.
അവന്റെ വീട്ടിലേക്കുള്ള വരവും കുറഞ്ഞു. പകൽ വെട്ടം വീഴുന്നതിന്മുൻപിറങ്ങിപ്പോകും രാത്രിയിലെപ്പോഴെങ്കിലും വന്നുകിടക്കും.
അങ്ങിനെയൊക്കെയായപ്പോഴാണ് അവൻ കല്യാണം അലങ്കോലപ്പെടുത്തുമോയെന്ന ചിന്തകൾ വളർന്നത്. അങ്ങിനെയാണ് കൂട്ടുകാരനായ എസ്ഐ യെക്കൊണ്ട് ആ കാര്യം സാധിച്ചത്.
അവന്റെ കൂട്ടുകാരിൽ രണ്ടുപേർ പതിയേ നടന്നടുത്തുവന്നു. ഞാൻ ചിന്തകളിലായിരുന്നതുകൊണ്ട് അവർ അടത്തു വന്നപ്പോഴാണറിഞ്ഞത്. അടുത്തുവന്ന് രണ്ടുകൈയും കൂട്ടിപ്പിടിച്ചു നെഞ്ചത്ത് ചേർത്തുവച്ചുകൊണ്ടു പറഞ്ഞു.
വാസുവേട്ടനെ അനന്തേട്ടന് ജീവനായിരുന്നു. എല്ലാ കച്ചേരികളും കേൾക്കാൻ എവിടെയാണെങ്കിലും ചെന്നു ചേരുമായിരുന്നു. സദസ്സിലെവിടെയെങ്കിലും മാറിയിരുന്ന് മുഴുവനും കേൾക്കുമായിരുന്നു. അന്ന് വാസുവേട്ടന്റെ കല്യാണത്തിന് നേരത്തേ എത്തണമെന്നു പറഞ്ഞു പോകാൻ തുടങ്ങുമ്പോഴായിരുന്നു, ആ സംഭവം. അനന്തേട്ടന് സംഗീതം ശ്വാസം പോലെയായിരുന്നു. അതുവേണ്ടെന്നുവച്ചപ്പോൾ ആ ഹൃദയം നൊന്തു കീറിയത് ഞങ്ങൾ കണ്ടതാണ്. വാസുവേട്ടൻ വിചാരിക്കുമ്പോലെ, കുടിച്ചുകൂത്താടി നടന്നിട്ടേയില്ല. നിങ്ങൾ പലപ്പോഴും ചതിച്ചിട്ടുള്ളതെല്ലാം അനന്തേട്ടൻ മനസ്സിലാക്കിയിരുന്നു. പക്ഷേ, ഒരിക്കൽപ്പോലും നിങ്ങളെ കുറ്റപ്പെടുത്തിയിട്ടില്ല.
Icu വിന്റെ വാതിൽ തുറക്കപ്പെട്ടു. ഡോക്ടർ മുറിക്കു പുറത്തുവന്നു. അനിയന്മാരും മറ്റുരണ്ടുകൂട്ടുകാരും അടുത്തേക്കു ചെന്നു. അയാൾ അവരോടെന്തോ പറയുന്നതും കണ്ടു. പിന്നെ അയാൾ തിരിഞ്ഞകത്തേക്കു പോയി.
അനിയന്മാർ എന്റെ അടുത്തേക്കു വന്നു. മൂന്നാമൻ പറഞ്ഞു,
ഓപ്പറേഷൻ കഴിഞ്ഞു. ഇരുപത്തിനാലുമണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാനാകൂ.
എന്റെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ തുള്ളി ഉരുണ്ടു നിലത്തുവീണു.
ബിനു. ആർ.