ഒരു മനുഷ്യൻ നല്ല ആത്മാവിന്റെ ഉടമയാണെങ്കിൽ തീർച്ചയായും പരദു:ഖത്തിൽ മനസ് നോവുന്നവനും , അന്യന്റെ സ്വത്തിന് ആശയില്ലാത്തവനും, സത്യസന്ധനും, നീതിമാനും, ധർമ്മിഷ്ഠനും തന്റെ ധർമ്മത്തെയും കർമ്മത്തെയും മാനിക്കുന്നവനും, പരസ്ത്രീകളെ സ്വന്തം മാതാവിന് തുല്യം ബഹുമാനിക്കുന്നവനും, ജീവിതത്തിന്റെ ഒരു ഭാഗം പരസേവനത്തിന് മാറ്റിവയ്ക്കുന്നവനും ആയിരിക്കും..
അങ്ങനെയുള്ളവൻ ഒരു ജലത്തുള്ളി സമുദ്രത്തിൽ എങ്ങനെയാണോ ലയിച്ചു ചേരുന്നത് അതുപോലെ മോക്ഷ പ്രാപ്തിയടഞ്ഞ് പരമാത്മാവിൽ ലയിച്ചു ചേരും…പണ്ടാരടങ്ങാൻ
അപ്പുറത്തെ ബിൽഡിങ്ങിലെ അപ്പാപ്പൻ മരിച്ചു. പേടിച്ചിട്ട് പാങ്ങില്ല.
ലോകത്തുള്ള എല്ലാ ഭാഷയിലെ ഹൊറർ സിനിമകളും കണ്ടതുകൊണ്ടാവണം കണ്ണടയ്ക്കുമ്പോ Nun ആയിട്ടും അനബെല്ല ആയിട്ടും സിനിസ്റ്റർ ആയിട്ടുമൊക്കെ അപ്പാപ്പൻ എനിക്കു ചുറ്റും കറങ്ങുന്നു.
അപ്പാപ്പ നോട് അഞ്ചാറ് തവണ അപ്പുറത്ത് പോയപ്പോ സംസാരിച്ചിട്ടുണ്ട്. അങ്ങനെ നല്ല പരിചയം വന്നതു കൊണ്ടാവണം ഇന്നലെ സ്വപ്നത്തിൽ വന്നങ്ങേർ കടലപ്പിണ്ണാക്കുണ്ടോ മോളെ?ന്ന് കണ്ണും തുറിച്ച്, നാക്കും തള്ളി നല്ല പച്ച മലയാളത്തിലെ ന്നോട് ചോദിച്ചു. ഞാൻ പേടിച്ച് ഞെട്ടിയുണർന്നാദ്യം ആലോചിച്ചത് ചത്തതിന് ശേഷം എന്തിനാണി ങ്ങേർക്കീ കടലപ്പിണ്ണാക്ക് എന്നാണ്? ആവോ…ആർക്കറിയാം
ഇനി എങ്ങാനും കാലന്റെ പോത്തിന് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാനാവുമെന്ന് ഞാൻ സാന്ത്വനിച്ചു.
അങ്ങനെ എല്ലാ മഹത് ഗ്രന്ഥങ്ങളും മനസിൽ ധ്യാനിച്ച് എഴുതിയതാണീ മേൽപ്പറഞ്ഞ “നല്ല ആത്മാവുള്ള മനുഷ്യൻ ” എന്ന ചിന്ത..മാത്രോമല്ല അടുത്ത സ്വപ്നത്തി ലെങ്ങാനും മൂപ്പിലാൻ പിന്നേം ചാക്കുമായി കടലപ്പിണ്ണാക്കിനെങ്ങാനും വന്നാൽ ഈ പോസ്റ്റിലെ ആദ്യത്തെ ആശയം തട്ടിവിട്ടും. ഹല്ല …പിന്നെ… ജീവിച്ചിരുന്നപ്പോ നല്ലതൊന്നും ചെയ്യാതെ മോക്ഷം കിട്ടാതെ എന്റെടുത്ത് പാതിരാത്രി കടലപ്പിണ്ണാക്കിന് വന്നേക്കുന്നു ….
ഞാൻ ധൈര്യത്തോടെ രാമ… രാമ…. രാമ … രാമ ..രാഘവ പാഹിമാം .. എന്ന് ജപിക്കട്ടെഇനീപ്പോ ഇതേ രക്ഷയുള്ളൂ…(പണ്ടാരടങ്ങാൻ അതും മൊത്തം ചൊല്ലാൻ എല്ലാ വരികളും അറിഞ്ഞൂടാ…)ഇങ്ങനെ രാഘവന്റെ ബാക്കി ആലോചിച്ച് തലപുണ്ണാക്കവേ . നാട്ടിൽ നിന്നും ആങ്ങള സന്തോഷേട്ടന്റെ മെസേജ് .
എന്തടീ, ഉറങ്ങീല്ലേ?ഹാവൂ… എനിക്ക് സന്തോഷമായി. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ.ഞാൻ : ചേട്ടാ, ഒരു ഡൗട്ട് ചോദിക്കട്ടെ ?സന്തോഷേട്ടൻ : എന്തോ ന്നാ?ഞാൻ: ഈ രാഘവന്റെ ബാക്കി എന്തോന്നാ ? രാമ രാഘവന്റേ ?!!ചേട്ടൻ : ങാ … രാഘവൻ അവന് ഞാൻ വച്ചിട്ടുണ്ട്. രണ്ട് ദിവസമായി എന്റേന്ന് പൈസേം വാങ്ങി, വണ്ടീ ശരിയാക്കാന്ന് പറഞ്ഞ് പോയിട്ട് , ” മുങ്ങിയവൻ ” (നാട്ടിലെരാഘവൻ ചേട്ടന്റെ കൈയ്യീന്ന് ചേട്ടന് മുട്ടൻ പണി കിട്ടിയെന്ന് തോന്നുന്നു.എന്നിട്ടും ഞാൻ : ശ്ശൊ, അതല്ലന്നേ, രാമായണത്തിലെ, രാമ… രാമ പാഹിമാത്തിലെ രാഘവന്റെ ബാക്കിയാ .. ചോദിച്ചത്.
ഞാനും ചേട്ടനും കൊച്ചിലെ സന്ധ്യയ്ക്ക് ചൊല്ലീട്ടില്ലേ അത് .. (ചേട്ടന്റെ ഓർമ്മയുടെ പൊടി തട്ടാൻ ഞാൻ പണിപ്പെട്ടു.)അപ്പോ ചേട്ടൻ : എന്തടീ, പാതിരാത്രി നിനക്ക് വട്ടായാ ?!!പേടിച്ചിട്ടാണെന്നും, ബാക്കിയുള്ള കാര്യങ്ങളും വിശദീകരിക്കാൻ എന്റെ ദുരഭിമാനം അനുവദിക്കാത്തോണ്ട് ഞാൻ ചേട്ടന് ബൈ പറഞ്ഞു.അപ്പോ ചേട്ടൻ : ഡീ , പോവല്ലേ ഒരു നിമിഷം നിന്നോടൊരു കാര്യം പറയാനുണ്ടേ. നമ്മുടെ അക്കരത്തെ രമേശൻ തൂങ്ങി മരിച്ചെടി .ഞാൻ (ഞെട്ടി ): ഏത് രമേശൻ?
ചേട്ടൻ: നിന്റുട പഠിച്ച രമേശൻ ! നിന്റെ പുസ്തകം കീറിയേന് എന്റേന്ന് ഇടി മേടിച്ചു കൂട്ടിയ രമേശൻ . നിനക്കോർമ്മയില്ലേ !! കഷ്ടം ഞാൻ : (ഈശ്വരാ! ഇടിവെട്ടിയവനെ പാമ്പും കടിച്ചോ? ), അറിയാം … ഓർമ്മയുണ്ട് ര..മേ..ശ.. ൻ എന്റെ മനസിൽ രമേശന്റെ മുഖം പല പോസിൽ നിന്ന് ചിരിച്ചു.
അതിനോടകം ചേട്ടൻ രമേശൻ തുങ്ങി നിന്ന രീതി ദൃക്സാക്ഷി വിവരണം പോലെ പറയുവേം ചെയ്തു.. ഭാവന ശരിക്കുള്ളോണ്ട് ഞാനുമത് നേരിട്ട് കണ്ട പോലെയായി.പേടിച്ച് എന്റെ തൊണ്ട വരണ്ടു. അതിനോടകം ചേട്ടൻ സാമദ്രോഹി ബൈ പറഞ്ഞു പോവുകേം ചെയ്തു.ഇനീപ്പോ കടലപ്പിണ്ണാക്കിന് ചാക്കുമായി വരുന്ന അപ്പാപ്പന്റെ അപ്പുറത്ത് “നീ നിന്റെ ചേട്ടനെ വിട്ട് എന്നെ ഇടിപ്പിക്കും അല്ലേടീ ” എന്നും പറഞ്ഞ് കലിതുള്ളി രമേശനും കാണും.
എന്റെ… സിവനേ… അപ്പോഴേക്കും മുറിക്കുള്ളിലെ നിഴലനക്കത്തിൽ അപ്പാപ്പനും , രമേശനും കൈകോർത്ത് പിടിച്ച് നൃത്തം ചവുട്ടി.
ഒന്ന് ബോധം കെടാമെന്ന് വച്ചാ , പേടിച്ചിട്ട് കണ്ണടയ്ക്കാൻ വയ്യന്നേ..ഈർക്കില് വച്ച പോലെ കണ്ണും തുറിച്ച് പിടിച്ച്പിന്നെയും എങ്ങുമെത്താതെ തിക്കടവിട്ട് ഞാനുറക്കെ ചൊല്ലി…രാമ… മാമ… രാമ… മാമ : രാഘവാ… എന്തരോ..”