ഓരോ കുഞ്ഞും അറിവിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് സ്വന്തം വീട്ടിൽനിന്നാണ്. മക്കളുടെ സംശയങ്ങൾക്ക് ഏറ്റവും ലളിതമായി ഉത്തരങ്ങൾ നൽകുന്നതിലൂടെ നമ്മളാണ് കുഞ്ഞുങ്ങളുടെ ആദ്യത്തെ അധ്യാപകരാകുന്നത്..

സ്പർശാധാരമദൃശ്യം വായു
ശീതസ്പർശം ജലമത്രെ
ഗന്ധം ഭൂമി, ചൂടാമഗ്നി
ഏകം നിത്യതയാകാശം.*
“ഗുരുവോതുന്നിവയഞ്ചും ചേർന്ന്
പ്രപഞ്ചം തീർത്തെന്ന്
എങ്ങിനെയാണിവയെല്ലാം ചേർന്ന്
പ്രപഞ്ചം തീർക്കുന്നു.?”
“അഞ്ചും ചേർന്നൊരു വാക്കിന് നാമം
പഞ്ചഭൂതങ്ങൾ
സത്യം നന്മ എന്നിവ ചേർന്നൊരു
വിശ്വാസം കുഞ്ഞേ..
വിവരണമേറ്റം കഠിനം കുഞ്ഞേ
കുഞ്ഞിത്തലയിൽ കയറില്ല.
കുഞ്ഞിക്കൊക്കിലൊതുങ്ങുംവിധമത് –
കുഞ്ഞേ അമ്മ പറഞ്ഞുതരാം.
ജലമാണമ്മ
അച്ഛൻ വായു
മക്കൾ വരദാനം
മനസ്സാണഗ്നി
പ്രാണൻ ഭൂമി
ചിന്തകളാകാശം.
കൂടുതലറിയാൻ
നാക്കും നോക്കും
നേരായ് നിർത്തുക നീ
കുഞ്ഞേ നന്നായ്
വളരുകയപ്പോൾ
വാക്കും പൊരുളും നീയറിയും.”

(പള്ളിയിൽ മണികണ്ഠൻ)

By ivayana