ജനലഴികൾ
തുറന്നിട്ടിരിക്കുകയായിരുന്നു
കാറ്റിന്റെ ചിറകേറിവന്നൊരു
വശ്യഗന്ധം നാസികയിലൂടെ
അരിച്ചിറങ്ങി
മിഴികളിൽ മെല്ലെയൊരു
മയക്കം വന്നു മൂടി..
മയക്കം വിട്ടുണർന്നതൊരു
കാവിലായിരുന്നു
പാല നിറയെ പൂത്തിരുന്നു..
ഇലകൾ കാണാത്തത്രത്തോളം
കാവിലെ കൽവിളക്കുകളിൽ
ദീപജ്വാലകൾ പരസ്പരം
ചുംബിച്ചുകൊണ്ടിരുന്നു..
ഒരിളം കാറ്റ് ചൂളമടിച്ചകന്നുപോയ്‌
വശ്യമായൊരു തണുപ്പ്
ഉടലിനെ പൊതിഞ്ഞു
ആരെയോ കാത്തെന്നപ്പോൽ
ഹൃദയം തുടിച്ചു
ഇണചേരുന്ന നാഗങ്ങളുടെ
സീൽക്കാര ശബ്ദങ്ങൾ
ഉയർന്നു താഴ്ന്നു
കേട്ടുകൊണ്ടിരുന്നു
ഉണങ്ങിയ കരികിലകളിൽ
പതിഞ്ഞൊരു കാൽപെരുമാറ്റം
കേട്ടുവോ…
പിടക്കുന്ന മിഴികളും
വിറകൊള്ളുന്നദരങ്ങളും
എന്റെ ഗന്ധർവ്വന്റെ
വരവറിഞ്ഞുവോ…?
ഉണരാത്ത ഉറക്കത്തിലേക്ക്
ആഴ്ന്നിറങ്ങുന്നപോലൊരു
സ്വപ്നമോ…. സത്യമോ….

By ivayana