‘അമ്മ’ ഓര്‍മ്മയായിട്ട് ഇന്ന് നാലാംവര്‍ഷം, അവര്‍ ബാക്കിവെച്ചുപോയ അടുപ്പും കലവും പൊങ്കാലയും നമ്മുടെ മത, രാഷ്ട്രീയ, സാമൂഹ്യ ചിന്താമണ്ഡലങ്ങളില്‍ ഇപ്പോഴും പുകഞ്ഞും കത്തിയും തിളച്ചും കൊണ്ടിരിക്കുന്നു.അവരുടെ മരണത്തോടെ ഒരു യുഗമാണ് അവസാനിച്ചതെങ്കിലും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രിയസാഹചര്യത്തില്‍ ജയലളിത എന്ന ഭരണാധികാരിയെ വിലയിരുത്തുന്നതു നന്നായിരിക്കും.ഭരണാധികാരിയെന്നതു കാരുണ്യങ്ങളുടെ വിളനിലമായ രക്ഷകനാണ് എന്ന ബോധം ഒരു ജനാധിപത്യവ്യവസ്ഥിതിക്ക് ആവശ്യമില്ലെന്നും, കരുണയല്ല , തുല്യത തന്നെയാണു ജനാധിപത്യത്തിനു ഭൂഷണമെന്നും എന്ന വാദം ശക്തിപ്പെടുന്ന ഈ കാലത്ത് ‘അമ്മ’എന്ന തമിഴ് വികാരത്തെ എങ്ങനെ ചരിത്രം സാക്ഷ്യപ്പെടുത്തും എന്നുനോക്കാം.

ജയലളിത ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നില്ല. പക്ഷേ, അവര്‍ക്കുവേണ്ടി ഗ്രാമങ്ങള്‍ പ്രവര്‍ത്തിച്ചു. കൊടിതോരണങ്ങള്‍കെട്ടി കാത്തിരുന്നു. അവര്‍ ജങ്ങള്‍ക്കിടയില്‍ ജീവിച്ചനേതാവല്ല. താരപദവിയില്‍ തിളങ്ങുമ്പോഴും, പിന്നീട്, രാഷ്ട്രീയ നേതാവായപ്പോഴും അവര്‍ ജനങ്ങളില്‍നിന്നു കൃത്യമായ അകലം പാലിച്ച ദന്തഗോപുരവാസിയായിരുന്നു. എന്നിട്ടും അവരെങ്ങനെ ജനകീയയായി? ഇതെല്ലാം രാഷ്ട്രിയചരിത്ര വിദ്യാര്‍ത്ഥികള്‍ക്കു നാളെ പഠനവിഷയമാക്കാം!ജനപ്രതിനിധികളുടെ സമീപനം എല്ലാവരോടുമുള്ള സമഭാവനയാകണമെന്നും, അല്ലാതെ, രാഷ്‌ട്രീയാധികാരത്തെ ആധിപത്യം ചെലുത്തുന്നതിനുള്ള ഉപാധിയാക്കി ചുറ്റും വിധേയത്വമനഃസ്ഥിതിയുള്ളവരെ വളര്‍ത്തികൊണ്ടു വരികയല്ലന്നും അധികാരത്തെ വ്യക്തി അധിഷ്ഠിതമാക്കി നിലനിര്‍ത്തുന്നരീതി ജനാധിപത്യത്തെ ശിഥിലമാക്കുകയേയുള്ളൂവെന്നും എന്നക്കെയുള്ള വാദം നിലനില്ക്കുന്ന കാലത്ത് എങ്ങനെയാണ് ജയലളിത അവരുടെ രാഷ്ട്രീയം നല്ല രീതിയില്‍ മാർക്കറ്റു ചെയ്യുകയുണ്ടായതെന്നു നോക്കാം.

സവര്‍ണ്ണ ബ്രാഹ്മണ മുതലാളിത്ത സമ്പദ് വ്യവസ്ഥ പൂത്തുകായ്യിക്കുന്ന ഒരു സമൂഹത്തിലെ ദ്രാവിഡ ദരിദ്രനാരായണന്മാര്‍ക്കിടയില്‍ ഒരുതരം വിലകുറഞ്ഞ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ ഉപരിവിപ്ലവപരമായി നടപ്പിലാക്കി വിജയിച്ചുവെന്നതാണ് അവരുടെ നേട്ടം.ഒറ്റപ്പെടലിന്‍റെയും വിവാദങ്ങളുടെയും ഹോമാഗ്നിസ്ഫുടങ്ങളുടെയും കോട്ടകള്‍ തകര്‍ത്തുനേടിയ ഭരണശേഷികൊണ്ട്; ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള സാമഗ്രികള്‍ ഏഴരായ തമിഴ്മക്കള്‍ക്കിടയില്‍ എത്തിച്ചുകൊടുത്ത് ‘അമ്മ’ എന്നൊരു തീവ്രവികാരം തമിഴ് ജനതയുടെ അടിത്തട്ടില്‍ അവര്‍ മുളപ്പിച്ചു സമയാസമയം വെള്ളവും വളവുംകൊടുത്തു വളര്‍ത്തിയെടുത്തു.അങ്ങനെ,

അധികാരദുര്‍വിനയോഗം നടത്തിയാലും ഒട്ടനവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനമനസ്സുകളില്‍ ചിരകാലപ്രതിഷ്ഠനേടിയ നേതാവാകാന്‍ അവര്‍ക്കുകഴിഞ്ഞു.ജനാധിപത്യം ജനങ്ങളുടെമേല്‍ ആധിപത്യം നേടി അവര്‍ക്കു ഭിക്ഷ കൊടുക്കുന്നതുപോലെ എന്തെങ്കിലും കൊടുക്കലല്ലന്നുള്ള മേല്‍ത്തട്ടു വികസനത്തെ കുറിച്ചു വാതോരാതെ സംസാരിക്കുന്ന മറ്റു ഭരണാധികാരികളെ പുച്ഛിച്ചുകൊണ്ട്, മെട്രോയിക്കും, സ്മാര്‍ട്ട് സിറ്റിക്കും പകരമായി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ മുന്‍ഗണനാക്രമത്തില്‍, സൗജന്യ അരി, ടിവി, സാരി, കുടിവെള്ളം, വെളിച്ചം എന്നിവ എത്തോണ്ടെടത്തു അവര്‍ എത്തിച്ചു വിജയിച്ചു.തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്ന നിലയില്‍ ഒരു ജനതയോട് അവരുടെ അവകാശങ്ങല്‍ക്കുനേരെ നിര്‍വ്വഹിക്കേണ്ടിയിരുന്ന ഉത്തരവാദിത്തങ്ങളെ വ്യക്തി കേന്ദ്രീകൃതമായ വെറും ഔദാര്യങ്ങള്‍ എന്ന നിലയില്‍ വാഴ്ത്തിപ്പാടിയുള്ള രാഷ്ട്രീയ അനുസ്മരണങ്ങള്‍ നടത്തുന്നതിലും അവര്‍ വിജയിച്ചു.

ആധുനിക ലോകക്രമത്തില്‍ ഇതക്കെ ഒരു നല്ല ഭരണാധികാരിക്കു ചേര്‍ന്നതല്ലെങ്കിലും തമിഴരുടെ ആദിഞരമ്പുകള്‍ മുതല്‍ വേരോടിയ ‘അമ്മ ദൈവം’ സങ്കല്‍പ്പങ്ങള്‍ വിവേകത്തെക്കാള്‍ വൈകാരികതയോടെ അവരില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ ജാതി വിവേചനവും ധനിക-ദരിദ്ര വിവേചനവും കൊടികുത്തിവാഴുന്ന തിമിഴകത്തില്‍, സിനിമയിലൂടെ ലഭിച്ച അഭൌമപരിവേഷമുപയോഗിച്ച് അവരത് ഉത്സവമാക്കി. അത്രമാത്രം?*ആത്മബലത്തെയും ഇച്ഛാശക്തിയെയും ഒറ്റനുകത്തില്‍കെട്ടി കനല്‍പാടങ്ങളില്‍ പൊന്‍പരാഗങ്ങള്‍ വിളയിച്ച ഒരു മനുഷ്യജീവിതം…അമ്മു…ജയലളിത…പുറട്ചി തലൈവി…അമ്മ…?. ‘അമ്മു’വില്‍നിന്നും ‘അമ്മ’യിലേക്കുള്ള പരിവര്‍ത്തനം ഒരു ചരിത്രമാണ്!

തമിഴ്‌നാടിന്‍റെ കലാസാമൂഹ്യസിനിമ ദ്രാവിഡരാഷ്ട്രിയ ചരിത്രം!പുരുഷ മേധാവിത്വസമൂഹത്തില്‍ ഒരു കലാകാരിക്കു നടന്നുകേറവുന്ന ഔന്നത്യങ്ങള്‍ക്ക് ഒരു ജനതയുടെ ഹൃദയസ്പന്ദനമുണ്ടന്ന പാഠം ഇവിടെ അടിവരയിടുന്നു.ഇന്ത്യന്‍ രാഷ്ട്രിയത്തിലെ വടക്കേന്ത്യന്‍ ബ്രാഹ്മണ മേധാവിത്വത്തെ വെട്ടിനിരത്തി തെക്കേന്ത്യന്‍ ദ്രാവിഡ മേധാവിത്വത്തെ കൊണ്ടുവരുവാന്‍ കഴിഞ്ഞൂവെന്നതാണ് ഇന്ത്യയുടെ വര്‍ത്തമാനരാഷ്ട്രീയത്തില്‍ ജയലളിത വഹിച്ചപങ്കു.? യുക്തിബോധത്തിലധിഷ്‌ഠിതമായ പ്രായോഗിക രാഷ്ട്രിയത്തിന്റെ വ്യക്താവ്..അണ്ണാദുരെ, പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ എന്നിവരൊക്കെ ഉയര്‍ത്തിയ തമിഴ് ദേശാഭിമാനരാഷ്ട്രീയബോധത്തെ, ദ്രാവിഡ മുന്നേറ്റത്തെ, തമിഴകത്തിന് അപ്പുറത്തേക്കും കടന്ന് ഇന്ദ്രപ്രസ്ഥത്തിന്‍റെ അധികാരയിടനഴികളിലെത്തിച്ച് ഇന്ത്യന്‍ രാഷ്ട്രിയത്തിന്‍റെ മുഖ്യധാരയില്‍ എങ്ങനെ പ്രധിഷ്ടിക്കപ്പെട്ടു എന്ന ചരിത്രം പഠിക്കുമ്പോള്‍ അവിടെ ജയലളിതയെന്ന കഠിനാദ്ധ്വാനവും നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമുള്ള ഒരു രാഷ്ട്രിയ തന്ത്രശാലിയെ കാണാം…

അവര്‍ ഉയര്‍ത്തിപിടിച്ച രാഷ്ട്രീയനിലപാടുകളെ നാം ഇഷ്ടപ്പെട്ടേ പറ്റൂ! അവരുടെ ഭരണരീതികളോടും അവരവലംബിച്ച ചില തന്ത്രങ്ങളോടും യോജിപ്പില്ലെങ്കിലും!.എന്നാലും അവരിലെ പോരാളിയെ നാം ഇഷ്ടപ്പെടണം! ഇന്ത്യയിലെ വര്‍ഗ്ഗവിപ്ലവപാര്‍ട്ടികല്‍പോലും പരാജയപ്പെട്ട പലതിലും അവര്‍ വിജയിക്കുന്നതു നാം കണ്ടതല്ലേ? ഒരിക്കലും പരാജയപ്പെടാന്‍ തയ്യാറാവാത്ത, ആരുടെ മുന്നിലും തലകുനിക്കായ്ത്ത ആ വ്യക്തിത്വത്തെ നാം ആദരവവോടെ കാണണം? മരണം പോലും അവരുടെ മുമ്പില്‍ പകച്ചുനില്ക്കുന്നത് നാം കണ്ടതല്ലേ..?നര്‍ത്തകി, നടി, പാര്‍ട്ടിയുടെ പ്രചരണവിഭാഗം നേതാവ്, രാജ്യസഭാംഗം,

മുഖ്യമന്ത്രി എന്നതിലുപരി ദ്രാവിഡഗോത്ര മനസ്സുകളില്‍ കുടിപാര്‍ത്ത ദ്രാവിഡവര്‍ഗ്ഗബോധത്തോട് സമരസപ്പെട്ട തന്ത്രശാലിയായ ഒരു ആര്യപുത്രിയെ, ജയലളിതയെന്ന, ഇംഗ്ലീഷ്‌, ഹിന്ദി, തമില്‍, കന്നട, തെലുങ്ക്‌, മലയാളം തുടങ്ങി നിരവധി ഭാഷകള്‍ സ്വായത്തമാക്കിയ.ഒരു ഭരണാധികാരിയെ, തിമിഴകത്തിന്‍റെ ഈ ‘അമ്മ’യില്‍ വായിച്ചെടുക്കാം..ഓര്‍മ്മകളിലേക്കൊരു ചരിത്രത്താളുകൂടി…എല്ലാം തികഞ്ഞൊരു പെണ്ണടയാളം..ഇനി ആകാശത്തൊരു താരകം…ആയിരം സൂര്യപ്രഭയോടെ…തമിഴകത്തെ സംബന്ധിച്ചടത്തോളം അവര്‍ക്ക് നഷ്ടമായിരിക്കുന്നത് വെറുമൊരു മുഖ്യമന്ത്രിയല്ല, അവരുടെ സര്‍വ്വകാര്യങ്ങളും നോക്കിയന്വോഷിച്ചിരുന്ന ഒരു പോറ്റമ്മയേയാണ്..നികുതിപ്പണം കൊണ്ടാണെങ്കിലും..!!ആ ‘അമ്മ’ക്ക് പ്രണാമം

By ivayana