ഈ കടയിൽ
ബ്ലൗസു തയ്ക്കാനെത്തുന്ന
സ്ത്രീകളിലധികവും
വിട്ടുജോലിക്ക് നില്ക്കുന്ന
പെണ്ണുങ്ങളാണ്.
കൊച്ചമ്മയ്ക്ക് എൻ്റെ വലിപ്പമേ?
ഉള്ളൂന്ന് പറഞ്ഞാൽ മതി
കൊച്ചമ്മയുടെ അളവും
വാസുവിൽ ഭദ്രം.
വാസുവിനറിയാം പലരുടെയും അളവുകൾ
ഒറ്റം നോട്ടം മതി,
അളവുതെറ്റാത്ത ബ്ലൗസിൻ്റെ ഹുക്കിനറിയാം
അടുത്തില്ലെങ്കിലും അടുപ്പിക്കാൻ
ഹുക്കു ഉടക്കാൻ അടുത്തടുപ്പിച്ച്
രണ്ട് അകലങ്ങൾ പിടിപ്പിക്കുന്നതിനാൽ
ഇറുക്കിയും, ലൂസിലും ബ്ലൗസുകൾ വിലസും
വണ്ണം കൂടിയാലും കുറഞ്ഞാലും
വാസു, അന്നും ഇന്നും അളക്കുന്നത് കൃത്യം.
ഗ്രാമത്തിൽ നിന്നും
ഒരിക്കലും നഗരത്തിലേക്ക് പോകാത്ത
വാസുവിന് അമിതാബച്ചനെ അറിയാം
ഇന്ദിരാപ്രിയദർശിനിയേയും.
വാസുവിൻ്റെ ലോകം ചെറുതാണ്
വാസുവിൻ്റെ അളവിനെക്കാളും
നോട്ടത്തിനെക്കാളും എത്രയോ ചെറുത്
എന്നിട്ടും അളവു കൊണ്ട് കുപ്പായം പണിയുന്ന വാസുവിൻ്റെ
ഹുക്കിനോളം ചെറുതാണ്
വാസുവിൻ്റെ ലോകം.
താഹാ ജമാൽ