ഭംഗിയായി
അടുക്കി വെച്ച്
പൊരിച്ചെടുക്കാനൊന്നും
സമയമുണ്ടായില്ല.
ഒന്നിച്ചിട്ടു കൊളുത്തി!!
എന്നാലും
മത്തി -അയല- ചൂര അയക്കൂറ,
കൃത്യമായി വേർതിരിച്ചു കൊളുത്താൻ പ്രത്യേകം ശ്രദ്ധിച്ചു.
പലിഞ്ഞീനുള്ളവയെ
പ്രത്യേകം ആസ്വദിച്ചു
പള്ള കീറി ഫോർക് (ശൂലം)
കൊണ്ട് പുറത്തെടുത്ത് പൊരിച്ചെടുത്തു…ആഹാ!!
വംശശുദ്ധിയുടെ
പാഠ പുസ്തകത്തിൽ
അതിനു വലിയ പ്രാധാന്യമുണ്ട്.
വിശപ്പ് (കൊല്ലാനുള്ള) കൊണ്ട്
കണ്ണു കാണാത്തതിനാൽ എല്ലാം
പാകമാകാതെ കരിഞ്ഞു പോയി.
അല്ലെങ്കിലും
ഭക്ഷണത്തിനായി വേട്ടയാടലല്ല,
വേട്ടയാടുന്നതിനായ് ഭക്ഷണം
കഴിക്കുകയെന്നതാണ്
പുതിയ നിയമം.
നിശബ്ദതയുടെ നാവിനോളം
നിലവിളികളെ നക്കി തുടക്കാൻ
മറ്റെന്തിനു പറ്റും!!
എരിഞ്ഞു പോയ
തെരുവുകളിലൊക്കെ,
പാതി കത്തിയൊരു നീതിയുടെ
പുസ്തകത്തോടൊപ്പം;നിങ്ങളിൽ
ചിലരെ മാത്രം നിങ്ങൾക്ക് കാണാം!!
നിങ്ങളുടെ ഊഴം വരുമ്പോൾ;
നിങ്ങൾ അവരെ (നിങ്ങളെക്കാൾ മുൻപേ എരിഞ്ഞവരെ)കണ്ടേക്കാം.
അന്ധരുടെയും ബധിരരുടെയും താഴ്‌വര,
നിങ്ങളെ ഉപേക്ഷിക്കുന്നുവെന്നല്ലാതെ
അതൊരിക്കലും സ്വയം ഉപേക്ഷിക്കുന്നില്ല.
അങ്ങിനെയാണ്
ചില മീനുകളെ
പിന്നീടൊരിക്കലും
നിങ്ങൾ കാണാതാകുന്നത്.
അതിവിദഗ്ധമായി വംശശുദ്ധി
വരുത്തിയൊരു കടൽ സ്വപ്നം
കാണുന്ന മുക്കുവന്മാർ
നമുക്കിടയിലുണ്ട്.