വളരെക്കാലത്തിനു ശേഷമാണ് നാട്ടിലേക്കൊന്ന് പോകണമെന്ന ചിന്ത സിദ്ധാർത്ഥനിൽ ഒരു ആഗ്രഹമെന്ന പോലെ മനസ്സിൽ വേരുറച്ചത്. നാട്ടിലെ കാര്യങ്ങൾ ചില പരിചയക്കാരിൽ നിന്നും അറിഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും അങ്ങോട്ടു ചെല്ലണമെന്നയാൾക്ക് തോന്നിയിരുന്നില്ല.

ഏകാന്തതയേറെ ഇഷ്ടപ്പെടുന്ന, കളിതമാശകളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും ബോധപൂർവ്വം ഒഴിഞ്ഞു നില്ക്കുന്നവനാണ് സിദ്ധാർത്ഥൻ.
അവൻ ഈ മരുഭൂമിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എത്തിയതു തന്നെ യാദൃശ്ചികമാണ്. തികച്ചും യാദൃശ്ചികം.
ഓർമ്മകളുടെ വിളക്കൂതിക്കെടുത്താനാണ് പ്രധാനമായും സിദ്ധാർത്ഥൻ ഈ അഞ്ജാതവാസത്തിന്
തയ്യാറായത്. ഗ്രാമപ്രദേശത്തായിരുന്നു ജനിച്ചതും വളർന്നതും , ഒരു ഇടത്തരം കർഷക കുടുംബത്തിൽ. പ്രാഥമിക വിദ്യാഭ്യാസം നേടിക്കഴിഞാൻ പിന്നെ മാതാപിതാക്കളുടെ തൊഴിലിലേക്ക് തിരിയുകയാണ് ആ ദേശക്കാരുടെ പതിവ്.
എന്തുകൊണ്ടോ സിദ്ധാർത്ഥന് ഉപരിപഠനത്തിനായി പട്ടണത്തിലേക്ക് പോകാൻ അരവസരം കിട്ടി. അച്ഛനക്കാൾ അമ്മയ്ക്കായിരുന്നു സിദ്ധാർത്ഥനെ പഠിപ്പിക്കണമെന്ന ആഗ്രഹമേറെയുണ്ടായിരുന്നത്.

ട്രെയിനിന്റെ പക്കമേളത്തിലും തൊട്ടിലാട്ടത്തിലും ലയിച്ചിരുന്ന് പുറംകാഴ്ചകൾ കാണുകയാണ് അയാൾ.
അടുത്ത കാബിനുകളിൽ ചില ചെറുപ്പക്കാർ ഉച്ചത്തിൽ തമാശപറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തനിക്കെതിരെ ഇരിക്കുന്ന നവദമ്പതിമാരുടെ ചേഷ്ഠകളും ഇടക്കിടെ സിദ്ധാർത്ഥൻ ശ്രമിച്ചു. പരിസരബോധമില്ലാത്ത വിധം അവർ പരസ്പരം തോണ്ടുകയും നുള്ളുകയും കോക്രി കാണിക്കുകയും ചിരിക്കുകയും ചെയ്യുന്നു. തൊട്ടടുത്തിരിക്കുന്ന വൃദ്ധൻ ഉറക്കത്തിലാണെങ്കിലും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.

പിന്നിലേക്കോടുന്ന കാഴ്ചകൾക്കൊപ്പം സിദ്ധാർത്ഥന്റെ മനസ്സും ഭൂതകാലത്തിലേക്ക് പറക്കാൻ തുടങ്ങി.
ഭൂതകാല ഓർമ്മകളിലെപ്പോഴും അയാളുടെ മനസ്സിൽ തെളിയുന്നത് ആ കൽപ്പടവുകളാണ്. ഗ്രാമത്തിൽ നിന്നും പഠിക്കാനായി പട്ടണത്തിലെത്തുമ്പോഴുണ്ടായിരുന്ന മറ്റു കാഴ്ചകളൊക്കെ ആ കൽപ്പടവുകളിലെ കല്ലുകളിൽ അലിഞ്ഞു പോയിരിക്കുന്നു. വാകമരങ്ങൾക്കു നടുവിലായ് അനേകം പേർക്ക് ഒരുമിച്ച് നടന്നു പോകാനാവുംവിധം നിർമ്മിച്ചിരുന്ന കൽപ്പടവുകൾ . കണിക്കൊന്ന മരങ്ങളുടെ ശീതളഛായയിൽ യോഗനിദ്രയിലായ ആ പടവുകളിൽ ആദ്യം കാലെടുത്തു വെച്ചപ്പോൾ തന്നെ അവനെ എതിരേറ്റ് ഒരു കൂട്ടം വിദ്യാർത്ഥികളുടെ ആരവമായിരുന്നു. മുകളിലേക്ക് കയറിപ്പോവുകയായിരുന്ന അനേകം പേരെ വകഞ്ഞുമാറ്റി താഴേക്കു കൃതിക്കുകയായിരുന്ന ഒരുവനു പിന്നാലെ കുതിക്കുന്ന വിദ്യാർത്ഥികളുടെ പോർവിളികളോടുള്ള പിന്തുടരൽ.

ആ ബഹളത്തിലെ തിക്കിലും തിരക്കിലും പെട്ട് കൽപ്പടവുകളിൽ നിന്നുരുണ്ടു വീണവരിൽ സിദ്ധാർത്ഥനുമുണ്ടായിരുന്നു.
” ഇതിവിടെ പതിവായി ഉള്ളതാണ്, വിഷമിക്കണ്ട ” തനിക്കു നേരെ കൈ നീട്ടി നില്ക്കുന്ന വെളുത്തു മെലിഞ്ഞ ഒരുവന്റെ ആ കൈകളിൽ പിടിച്ചെണീക്കുമ്പോൾ ചിരിക്കുകയായിരുന്നെങ്കിലും സിദ്ധാർത്ഥന്റെ പരിഭ്രമത്തിന് കുറവുണ്ടായില്ല. പീലിവാകയുടെ പിങ്കുനിറമുള്ള പൂക്കളും കണിക്കൊന്നയുടെ മഞ്ഞപ്പൂക്കളും ആ ബഹളത്തിനിടയിൽ കൽപ്പടവുകളിൽ ചതഞ്ഞു കിടന്നു.
പ്രകാശനെന്നായിരുന്നു അവന്റെ പേര്.

അവനും ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു.
പക്ഷേ സിദ്ധാർത്ഥന്റെ ക്ലാസിലല്ല അവൻ , അവൻ കോമേഴ്സാണ് പഠിക്കാൻ തെരെഞ്ഞെടുത്തത്. സിദ്ധാർഥൻ ചരിത്രവും. അവിടെത്തുടങ്ങിയ പരിചയം
ഹോസ്റ്റലിലും അവരെ ഒന്നിപ്പിച്ചു. തന്നെപ്പോലെ ആൾക്കൂട്ടങ്ങളിൽ നിന്നും അകന്നു നില്ക്കാനാണ് അവനും താല്പര്യപ്പെട്ടരുന്നത്.
ട്രെയിൻ ഇപ്പോൾ പതുക്കെയാണ് സഞ്ചരിക്കുന്നത് ; ഏതോ സ്റ്റേഷനിൽ നിറുത്താനാണെന്നു തോന്നുന്നു. ഉരുക്കു പാളങ്ങളിൽ തീവണ്ടിച്ചക്രങ്ങൾ ഉരഞ്ഞു നില്ക്കുമ്പോഴുണ്ടായ സീൽക്കാരം സിദ്ധാർത്ഥനെ ഓർമ്മകളിൽ നിന്നുണർത്തി.

തിരക്കു കുറഞ്ഞ സ്റ്റേഷനാണ് , ആരൊക്കെയോ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ടായിരുന്നു. തന്റെ അടുത്തിരുന്ന വൃദ്ധനും അവിടെ ഇങ്ങിയിരിക്കുന്നു. ദമ്പതികളിലെ സ്ത്രീ ഭർത്താവിന്റെ തോളിൽ തലചായ്ച്ചു മയങ്ങുന്നു. അയാൾ മൊബൈലിൽ എന്തോ തിരയുന്നു. ചൂളംവിളിച്ചു കൊണ്ട് ട്രെയിൻ ആ സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങി.
അനന്തമായ ഭൂതകാലത്തിൽ നിന്നും തന്റെ ചിന്തകളുടെ കേദാരമായ കൽപ്പടവുകൾ കയറി സിദ്ധാർത്ഥൻ പ്രകാശന്റെ കൈകളിൽ പിടിച്ചു നടന്നു. പരസ്പരം കൈമാറിയ ജീവചരിത്രങ്ങളുടെ തദാത്മ്യത്താൽ അവർ വളരെ അടുത്തു.

കോളേജിൽ പഠനദിനത്തേക്കാൾ കൂടുതൽ സമരദിനങ്ങളായിരുന്നു. ഇടയിടെയുള്ള നീണ്ട അവധികളിൽ അവർ പരസ്പരം വീടുകൾ മാറി മാറി സഞ്ചരിച്ചു. അവരുടെ കൂട്ടുകെട്ടിന് സഹപാഠികൾ വികലമായ അർത്ഥങ്ങൾ ചമച്ചു. അവരതൊക്കെ നിശബ്ദമായി അവഗണിച്ചു. പെൺകുട്ടികൾ പോലും മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. അവരുടെ ഒന്നിച്ചുള്ള യാത്രകൾ കാമ്പസിന് കൗതുകക്കാഴ്ചയായി.
ഗൗതമായിരുന്നു കാമ്പസ് ഹീറോ. അവന്റെ ചൊൽപ്പടിയിലായിരുന്നു ഭൂരിപക്ഷം വിദ്യാർത്ഥികളും. ഗൗതം ആ നഗരവാസി തന്നെയായിരുന്നു.

അതിന്റെ ഒരു ഡംഭ് അവനുണ്ടായിരുന്നു. അവൻ ആരെയും വകവയ്ക്കാത്തവനും ഉപദ്രവിക്കുന്നവനുമാണ് . സിദ്ധാർത്ഥനേയും ഗൗതമിനേയും ഇത്തരത്തിൽ പരിഹാസ്യനാക്കിയതും ഗൗതമായിരുന്നു. അവന്റെ ആൾബലവും താൻ പോരിമയും അറിയാവുന്നതിനാൽ അവർ അതൊക്കെ സഹിക്കുകയായിരുന്നു.
കോളേജ് കലോത്സവം നടക്കുന്ന ദിവസം , പ്രകാശനും സിദ്ധാർത്ഥനും ആ കൽപ്പടവുകളിൽ ഇരിക്കുമ്പോഴാണ് , ഒരു കൂട്ടം വിദ്യാർത്ഥികൾ അവരെ വളഞ്ഞത്. വാകപൂക്കളും കണിക്കൊന്ന പൂക്കളും കൊരുത്തുണ്ടാക്കിയ രണ്ടു മാലകളും അവരുടെ കൈകളിലുണ്ടായിരുന്നു.

ഗൗതമിന്റെ നിർദ്ദേശങ്ങൾക്കൊപ്പം വിദ്യാർത്ഥികളിൽ ചിലർ പ്രകാശിനെയും സിദ്ധാർത്ഥനെയും എണീപ്പിച്ച് നിർത്തി. ഏതോ പെൺകുട്ടിയുടെ ഷാളെടുത്ത് പ്രകാശിനെ സാരിയുടുപ്പിച്ചു. നെറ്റിയിൽ കുങ്കുമം ചാർത്തി. അവരുടെ ക്രൂരമായ ചിരിക്കും അട്ടഹാസങ്ങൾക്കും കാഴ്ചക്കാരെയുണ്ടാക്കാൻ എളുപ്പം കഴിഞ്ഞു. പെൺക്കുട്ടികളുടെ ചിരികളുടെയും ആൺകുട്ടികളുടെ കൂവലുകളുടെയും അകമ്പടിയാൽ അവരെ മാല ചാർത്തി കാമ്പസിലൂടെ നടത്തിച്ചു.
പ്രകാശന് അത് വലിയ അപമാനമായിത്തോന്നി. സിദ്ധാർത്ഥന് വിഷമമുണ്ടായെങ്കിലും അത് പുറത്തു കാണിക്കാതെയിരിക്കാൻ ശ്രദ്ധിച്ചു.
കലോത്സവത്തിലുണ്ടായ ചില
തർക്കങ്ങൾ കാരണം കോളേജിൽ സംഘർഷമുണ്ടായതിനാൽ രണ്ടു മൂന്ന് ദിവസം കോളേജിൽ അവധി ആയിരുന്നു. പ്രകാശന് ഗൗതമിനോട് പകരം വീട്ടണമെന്ന ചിന്തയുണ്ടായിരുന്നു. അത് ദിനംപ്രതി വളരുകയും ചെയ്തു. പക്ഷേ അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാനാണ് സിദ്ധാർത്ഥൻ ശ്രമിച്ചത്. അതുകൊണ്ട് അവർ തമ്മിൽ കാര്യമായ ചർച്ചകളൊന്നും ഇതേപ്പറ്റിയുണ്ടായില്ല.
ട്രെയിൻ എവിടെയോ നിർത്തിയിട്ടിരിക്കുകയാണ്. സിദ്ധാർത്ഥൻ വിൻഡോയിലൂടെ പുറത്തേയ്ക്ക് നോക്കി. മറ്റേതോ ട്രെയിൻ കടന്നുപോകാനായി നിർത്തിയിട്ടതാണ്. അക്ഷമരായി യാത്രക്കാർ അങ്ങോട്ടുമിക്കോട്ടും നടക്കുകയാണ്.

ട്രെയിൻ നിർത്തിയിരിക്കുന്നത് സ്റ്റേഷനിലെന്നുമല്ല.
അതുകൊണ്ട് ബോഗിക്കുള്ളിലിരുന്ന് യാത്രക്കാർ നെടുവീർപ്പിട്ടു. പുറത്തു നിന്നും ചൂടുകാറ്റ് അകത്തേക്ക് വരുന്നുണ്ട്. ട്രെയിനിന്റെ ഫാനുകൾ അവയെ തണുപ്പിക്കാൻ പരവേശപ്പെട്ടു. കുറ്റിക്കാടിനുള്ളിൽ നിന്ന് നായ്ക്കൾ കടി കൂടുന്ന ശബ്ദം സിദ്ധാർത്ഥനെ ഞെട്ടിച്ചു.
ഒരു കൂട്ടം നായ്ക്കൾ ഒരു നായെ വളഞ്ഞിട്ട് കടിക്കുന്നു. അതിൽ നിന്നും മറ്റു നായ്ക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന വേറൊരു നായയുടെ ദയനീയ പരാക്രമങ്ങൾ അവൻ ഭീതിയോടെ കണ്ടു നിന്നു.
ഗൗതമിനെ അവന്റെ വീട്ടിൽക്കയറി ആക്രമിച്ച പ്രകാശിനെയാണ് സിദ്ധാർത്ഥന് ഓർമ്മ വന്നത്. ഒരു രാത്രിയിൽ അവൻ ഗൗതമിനെ വീട്ടിൽ ചെന്ന് വിളിച്ചിറക്കി സംസാരിക്കുകയായിരുന്നു. വാക്കുതർക്കങ്ങൾക്കൊടുവിൽ അതൊരു കയ്യാങ്കളിയായി മാറിയപ്പോൾ അയൽക്കാർ ഇടപെട്ട് രണ്ടുപേരെയും പറഞ്ഞ് പിൻതിരിപ്പിക്കുകയായിരുന്നു. അത് പ്രകാശൻ ഒറ്റയ്ക്ക് ചെയ്ത പ്രതികാരമായിരുന്നു. പക്ഷേ, പിറ്റേന്ന് കോളേജിൽ അതിന്റെ തുടർച്ചയുണ്ടായി. കോളേജിലുണ്ടായ അപമാനത്തിനു ശേഷം പ്രകാശൻ സിദ്ധാർത്ഥനുമായി സംസാരിക്കാറില്ലായിരുന്നു. അതിനാൽ തലേ ദിവസത്തെ സംഭവമൊന്നും സിദ്ധാർത്ഥൻ അറിഞ്ഞിരുന്നില്ല

പിറ്റേന്ന് അവൻ കോളേജിലെത്തിയപ്പോൾ കൽപ്പടവുകളിലൂടെ പ്രകാശനെ വലിച്ചിഴക്കുന്ന ഗൗതമിനേയും കൂട്ടുകാരേയുമാണ് കണ്ടത്. സിദ്ധാർത്ഥൻ കൽപ്പടവുകൾ ഓടിക്കയറി. ചുറ്റും പരിഭ്രാന്തരായ വിദ്യാർത്ഥികളുടെ കൂട്ടം . അവരെ വകഞ്ഞുമാറ്റി സിദ്ധാർത്ഥൻ മുകളിലേക്ക് കുതിച്ചു. ഗൗതം പ്രകാശിനെ ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്യുന്നു
ഗൗതമിനെ തടയാൻ ശ്രമിച്ച സിദ്ധാർത്ഥനെ മറ്റുള്ളവർ പിടിച്ചുമാറ്റി. അവൻ വിദ്യാർത്ഥികളുടെ വലയത്തിന് പുറത്തായി. അതിനുള്ളിൽ ക്രൂരമായി മർദ്ധിക്കപ്പെടുന്ന പ്രകാശന്റെ ദീനരോദനം സിദ്ധാർത്ഥനെ ഭ്രാന്തുപിടിപ്പിച്ചു.
അവൻ കയ്യിൽ കിട്ടിയ ഒരു കല്ലുമായി ഗൗതമിനടുത്തെത്തി. അവന്റെ തലയിൽ കല്ലു കൊണ്ടിടിച്ചു. ഗൗതം തറയിൽ വീണു.
സിദ്ധാർത്ഥൻ തുടരെത്തുടരെയിടിച്ച് ഗൗതമിന്റെ തല തകർത്തു. വിദ്യാർത്ഥികൾ ചിതറിയോടി.

ട്രെയിനിൽ നിന്നിറങ്ങി വീട്ടിലേക്കു പോകാനായി സിദ്ധാർത്ഥൻ ഒരു ടാക്സി പിടിച്ചു. “എങ്ങോട്ടാണ് സാർ” ഡ്രൈവറുടെ ചോദ്യത്തിന് ” കോളേജു വഴി പോകാം ” എന്നവൻ മറുപടി പറഞ്ഞു. കോളേജിലെ കൽപ്പടവുകൾക്കു താഴേ നിന്ന് അവൻ മുകളിലേക്ക് നോക്കി. പടവുകളിൽ ചിതറിക്കിടക്കുന്ന പിങ്കുനിറങ്ങളും മഞ്ഞനിറങ്ങളും അവനെ ബഹുമാനത്തോടെ നോക്കി. പടവുകളിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കുട്ടികളുടെ സഞ്ചയം. അവർക്കിടയിൽ അദൃശ്യനായി പോരടിക്കുന്ന ഗൗതവും പ്രകാശനും സിദ്ധാർത്ഥനും. ചിതറിയോടുന്ന കുട്ടികൾക്കു മുകളിലേക്ക് ബോധംമറഞ്ഞു വീഴുന്ന വാകപ്പൂക്കളും കണിക്കൊന്ന പൂവും.
സിദ്ധാർത്ഥൻ ആ കൽപ്പടവുകളിൽ മുട്ടുകുത്തിയിരുന്നു. അയാളുടെ ഓർമ്മകൾക്കു മുകളിലൂടെ ടാക്സി ഡ്രൈവർ നീണ്ട ഹോൺ മുഴക്കിക്കൊണ്ടിരുന്നു.

By ivayana