അന്നംതരുവോരെ കൊന്നു മിന്നുവോർ
അഴിഞ്ഞാടിയിട്ടു നാടു വാഴുന്നുവോ?
ഉന്നം വയ്ക്കുന്ന തോക്കിൻ കുഴലിന്
നെഞ്ചു കാട്ടുന്നു പതിത കർഷകർ.
വിയർപ്പൊഴുക്കി കണ്ണുനീർ വാർത്തിടും
അധ്വാനിക്കുന്നവർ വയൽ തീച്ചൂളയിൽ
കണ്ണീർ ഗ്യാസും പീരങ്കികളും തകർത്ത-
ങ്കത്തിനായവർ മുന്നിട്ടിറങ്ങുന്നു .
ഭരണം കൈപ്പിടിയിലാക്കുവാൻ ശ്രമിക്കവേ
ചരണത്തിൻ കീഴിൽ ചരൽ നീങ്ങുമ്പോൾ
ചൊല്പടിയിലാവാത്ത സ്വന്തം ജനത്തിനെ
മരണത്തിൻ കയത്തിലെറിഞ്ഞവർ രസിക്കുന്നു.
കോടിജനങ്ങളെ കോടതി കയറ്റുവോർ
കോടീശ്വരന്മാർക്കു കുടപിടിക്കുന്നുവോ?
കൊടിയപാതകം ചെയ്തിട്ടവർക്കായി
മുതലക്കണ്ണീരൊഴുക്കുന്നു ഭരിക്കുവോർ.
അല്ലലും ദുരിതവും മൗലിയിൽ ചാർത്തിയും
കല്ലിലും പാടത്തും കൂസാതെ മല്ലിട്ടും
വല്ലാതെ വേദനിച്ചരിയാഹരിക്കാതെ
ഉരിയാടാതിണ്ടലാൽ തെരുവിലായവർ.
വിശപ്പിൻവിളി മന്ത്രമായാമന്ത്രം ചൊല്ലിലും
വിജയതന്ത്രങ്ങൾ പയറ്റുവാനറിയാത്തോർ
യന്ത്രംപോൽ മണ്ണുമായ് പൊരുതുന്ന താന്തർ
മണ്ണാണു ജീവനും ജീവിതവുമെന്നറിയുന്നു.
തേൻ നുകരുന്ന വണ്ടിൻ ചെഞ്ചുണ്ടുകൾ
പൂവിൻ നൊമ്പരം തെല്ലുണ്ടു നിനയ്ക്കുന്നു
വരണ്ട പൂഴിതൻ ദാഹമിറ്ററിയുമോ
ഉന്മാദചിത്തനായ് കുതിക്കുന്ന കന്മഴ?