പരസ്പരം കെട്ടിപ്പുണർന്ന്
തമ്മിൽ ലയിച്ച് ആഴങ്ങളുടെ
ആത്മാവ് തേടിയുള്ള യാത്ര.
മനസ്സിൽ ഒളിപ്പിച്ചു വെച്ചതത്രയും
പരസ്പരം ഓതി കഴിഞ്ഞു പോയ
കാലങ്ങളുടെ ശേഷിപ്പുകൾക്ക് നീരു
നൽകി പുനരുജ്ജീവിപ്പിച്ച് ഇന്നിൻ്റെ
ഹരിതാഭയിലേക്കൊരെത്തിനോട്ടം.
കാതങ്ങളോളം ദൂരേക്ക് ഓർമ്മകൾ
വേരുകളായി മെല്ലെ പടരുമ്പോൾ,
വേരറ്റുപോയ ചെറിയ പച്ചപ്പുകൾ
തളിർക്കാനും പൂവിടാനുമായി
സ്മൃതികളുടെ ചില്ലകൾ തോറും
ഇന്നലകളുടെ ആത്മാവുകൾ കോർ-
ത്തിട്ടിരിക്കാം അവയുടെ പൊട്ടിച്ചിരി-
കൾ കല്പാന്തകാലത്തോളം അലയടിച്ചിടാം
കാലം വരുത്തിയ മുറിവുകൾ മെല്ലെ
തുന്നിച്ചേർത്ത് ഉണക്കി ഇന്നിൻ്റെ
വേരുകളായി പടർന്ന് തളിർക്കാനും,
പൂവിടാനുമായി സ്നേഹമന്ത്രങ്ങൾ
ചൊല്ലി അങ്ങനെയങ്ങനെ നിന്നിട്ടു-
ണ്ടാകാം ഓരോ വേരുകളും…

Dr. സ്വപ്ന പ്രസന്നൻ

By ivayana