നീയെൻ പ്രജാപതി
എന്നാശ്വസിച്ചു ഞാ-
നെന്നും കുരിശുമാ-
യിങ്ങുവാണീടവെ,
നട്ട തൈമാവൊന്നു
വെട്ടിയിട്ടെൻ ശവ –
ദാഹത്തിനായ് ചിത
മുട്ടുന്നു സാമ്പ്രദം!
മാന്തളിർ കാണാതെ,
ഈണങ്ങൾ പാടാതെ,
ദീനം ശപിച്ചൊരാ
മാങ്കുയിൽ പ്രാക്കിന്റെ
ശാപമോക്ഷത്തിനാ –
യെന്റെ പാപങ്ങളെ
മോചിപ്പതിന്നായൊരീ
ചിതക്കാകുമോ?!
താരും തരുവുമില്ലാ
വെയിൽ പാടുകൾ,
ഊണും തണുവുമില്ലാ
മണൽക്കാട്ടിലെൻ
താപശാന്തിക്കായൊരു
കുഞ്ഞിളം തെന്നൽ
മന്ദം തഴുകി വന്നെ-
ന്നെത്തലോടുമോ?!
കാർമേഘമൂട്ടത്തിൽ
വെന്തുരുകുന്നൊരാ
വൃശ്ചിക പൂക്കളിൽ
ഊറുന്ന തേൻകണം
തേടും ഉറുമ്പിന്റെ
മോഹഭംഗങ്ങളെൻ
സമ്പ്രദായങ്ങളെ
സാർത്ഥീകരിക്കുമോ?!
ജന്മാന്തരങ്ങൾ വാഴു-
ന്നൊരീ തൈമാവ്
വെട്ടിപ്പിളർന്ന താപം
ഭസ്മമാക്കിയോ –
രസ്ഥി പൂണ്യാർജം
നിമഞ്ജനം ചെയ്തെനി –
ക്കെന്തിനീ സംസ്കാര
മുക്തിയും മോക്ഷവും
വേണ്ടെനിക്കേതുമെൻ
ജീവൻ വെടിഞ്ഞപിൻ
പ്റാണ ഹത്യാത്മ
പരിസ്ഥിതീ രോദനം!
വേണ്ടെനിക്കാഗോള
താപത്തിൽ വേവുന്ന
ദാഹാർത്തരാ മഭി-
കാമ്യ പിൻഗാമികൾ !!

(ജനാർദ്ദനൻ കേളത്)

By ivayana