ഹൃദ്യമായതെന്തോ തേടുന്നതിന്റെ ആവേശമാണ് തനിക്ക് കവിതയെന്ന് അസീം.രാത്രിയുടെ ആകാശത്തെ ഒരു നക്ഷത്രം പോലും ചോര്‍ന്നുപോകാതെ വരച്ചുവയ്ക്കാനാണിഷ്ടം.അതിനനുഭവിക്കുന്ന നോവും വേവും എത്ര കൂടുന്നോ അത്ര ഹൃദ്യമാകുമായിരിക്കും കവിതയും.
ആശയപ്രകാശനത്തിനനുയോജ്യമായ ഒരു വാക്കിനു വേണ്ടി നൊന്തു നൊന്തു കാത്തിരുന്നിരിക്കാം. ആ നോവില്‍ നിന്നുള്ള നിലവിളികളായിരിക്കും അസീം താന്നിമൂടിന്റെ അധികം കവിതകളും. അത്ര സൂക്ഷമതയാണ് കവിതകളില്‍ വാക്കുകള്‍പ്രയോഗിക്കുന്നതിനു.’മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍,പ്രകൃതിയോടും, പ്രപഞ്ചസത്യങ്ങളോടും നന്നായി ദ്രവിപ്പിച്ച് വേര്‍തിരിച്ചെടുക്കാനാകാത്ത പാകത്തിലാണവതരണം. ‘മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത് ‘എന്ന പുസ്തകം വായിച്ചു….എല്ലാ കവിതകളും
.ഏറെ വീര്‍പ്പോടെ വിരിഞ്ഞിറങ്ങിയതൊന്നും തിരിച്ചുപോകില്ല.അങ്ങനെ വന്നാലത് ഉള്‍ക്കൊള്ളാന്‍ പാകമായതൊന്നും അവശേഷിക്കുന്നുമുണ്ടാകില്ല.മാത്രമല്ല പടര്‍ന്നേറാനുള്ള ആവേശത്തെ എങ്ങനെയാണ് തടുത്തുനിര്‍ത്തുക.പക്ഷേ വിത്ത് മരത്തിനെ തിരിച്ചുവിളിക്കലെന്നത് നല്ലൊരു സങ്കല്‍പമാണ്.പതിവു കാഴ്ചകളുടെ ബന്ധനച്ചുമരിളക്കി തുളുമ്പുവാനൊരുങ്ങുന്ന ജലത്തുടിപ്പും,കിളിര്‍ക്കുന്ന വിത്തും….സമൃദ്ധിയുടെ നനഞ്ഞുതെളിയലും ,’ജലമര’ത്തിന്റെ കടപുഴകി വീഴലും സ്ഫടികസമാനമായ എത്രകാഴ്ചകളാണ് മനസ് നിറയ്ക്കുന്നത്.
‘പ്രളയം’സൃഷ്ടിക്കാനെടുത്ത പ്രകൃതിയുടെനോവ്,വീര്‍പ്പ്മുട്ടലുകള്‍,മിന്നലിടങ്ങള്‍,ആഘാതം,അഗാധമൗനം,ഒഴുക്ക്,കരുത്ത്,ആവേശങ്ങള്‍ …ഇവയെല്ലാം എത്ര ചതുരതയോടെ ചേര്‍ത്തുവച്ചിരിക്കുന്നു.പതിയിരിക്കുന്ന കഴുകന്‍ കണ്ണുകളും,കുറുനരി നോട്ടങ്ങളും നിറഞ്ഞ ഹരിതാര്‍ദ്രതകള്‍ വറ്റിപ്പോയ ജനക്കൂട്ടത്തെ ‘കാടുവരയ്ക്കലി’ല്‍ കവി കോറിയിടുന്നു.’അശാന്തമായ അസാന്നിധ്യം ‘ഭയപ്പെടുത്തുന്ന ഇന്നിന്റെ ഇരുണ്ട അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു. ബിംബങ്ങളോരോന്നും സൂക്ഷ്മം. കവിതയിലും, ജീവിതത്തിലും,ആവിഷ്കാരങ്ങളിലും സംഭവിക്കുന്ന ‘അധികപ്പേടി ‘. എഴുത്തില്‍ പുതുമയുള്ള വിഷയമാണത്. ‘പക’വിഷം ഒരു കാലവും നിലയ്ക്കുന്നില്ല…
തുടര്‍ന്നുപോകുന്ന കൊലകള്‍ ! രക്ഷപ്പെട്ടു നൂണുപോയാലും പകയ്ക്കു കുറവൊന്നുമില്ല.എന്തുകൊണ്ടിങ്ങനെ എന്നു കണ്‍ഫ്യൂസ്ഡ് ആകലാണ് ‘കണ്‍ഫ്യൂഷ’നിലെന്റെ അനുഭവം.ഊര്‍ജവും സമയവും പകയിലേക്കു മാത്രം വിനിയോഗിക്കാന്‍ അണികളെ പഠിപ്പിക്കുന്ന കൂട്ടങ്ങളെ ഓര്‍മിച്ചാണ് ഞാന്‍ കണ്‍ഫ്യൂസ്ഡായത്. വറ്റിത്തീരാതെ തളരാതെ കിളിര്‍ക്കാനുള്ള മിടുപ്പും,കുതിക്കാനുള്ള വീര്‍പ്പും (സൃഷ്ടിക്കു പിന്നിലെ വീര്‍പ്പ്)മതിയെന്നാണ് ‘അതു മാത്രം മതി ‘എന്ന കവിതയില്‍ കവിയുടെ താല്‍പര്യം.തൊട്ടാവാടിമുള്ളിനെ ഇത്രയും മനോഹരമായവതരിപ്പിക്കാന്‍ മറ്റൊരു എഴുത്തിനും കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു.’തൊട്ടാല്‍ കൂമ്പിപ്പോകുന്ന ഹൃദയങ്ങളുടെ വിങ്ങലുകളല്ലാതെ മറ്റൊന്നുമല്ലല്ലോ ആ കൂര്‍പ്പ്!എത്ര മനോഹരമായ ഭാവനയാണത്.
ജലമരം ‘ ‘ജാലകപ്പഴുത് ‘തുടങ്ങിയ കവിതകള്‍ക്കൊപ്പം എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തും ഇതാണ് നിയ്യത്ത് ആചാരത്തിലുപരി ഒരു ജിവിതചര്യ ആകുന്ന അവസ്ഥയാണ് ‘നിയ്യത്ത് ‘എന്ന കവിതയില്‍. കവിത എങ്ങനെയാകണം…എങ്ങനെ രൂപപ്പെടണം എന്നതിനുള്ള ഉത്തരം തന്നെയാണ് ‘മണല്‍ത്തരിശില്‍പം’. സസൂക്ഷമം ചീന്തിയെടുക്കനാകുന്ന കുഞ്ഞു കുഞ്ഞു പണിയായുധങ്ങളാണ് ആവിഷ്കാരങ്ങള്‍ക്കു വേണ്ടത്.കാരണം ഭാവഭേദങ്ങള്‍, വികാരവിചാരങ്ങള്‍ ഇവയിലൊക്കെയുള്ള സൂക്ഷമത്തെയാണല്ലോ നിരീക്ഷിച്ച് വേര്‍തിരിച്ചെടുക്കേണ്ടത്..
അസീമിന്റെ കവിതയെഴുത്തും അത്ര സൂക്ഷ്മമായ പണിയായുധങ്ങളുപയോഗിച്ചുതന്നെ.പരസ്പരം അല്ല തന്നോട്തന്നെ പോരടിച്ചു തോറ്റമ്പിപ്പോകുന്ന മനുഷ്യനെ ‘പക’യില്‍ കാണാം.എരിമണല്‍പ്പുറത്തനപ്പുറത്ത് പുഴയൊഴുകുന്നുവെന്ന ‘തോന്നലി’ ലാണ് ജീവിതം എന്ന ചിന്ത എത്ര സത്യമാണ്.’അടഞ്ഞ വീടുകള്‍ ‘പരസ്പരമുള്ള ആര്‍ദ്രതകളുടെ വറ്റിപ്പോകലിനേയും ..വരള്‍ചയേയും ബിംബിപ്പിക്കുന്നു.ലിപിയിരമ്പം ..വാക്ക് ആയുധമാക്കിയവര്‍ക്കു നേരെ പാഞ്ഞുകയറിയ വെടിയുണ്ടകളുതിര്‍ക്കുന്ന ആ ‘നിശബ്ദത’കളെ കുറിച്ചാണ്, ആ നിശബ്ദതകളെ ഇല്ലാതാക്കാന്‍ വരികളും അര്‍ത്ഥങ്ങളുമായി ചുഴലിപോല്‍ വീണ്ടും ഇരമ്പിയാര്‍ത്തെത്തുന്ന ലിപികളെ കുറിച്ചാണ്. തന്റെ നരച്ച ജാലകത്തിലൂടെ (കാഴ്ചകള്‍)ജീവന്റെ ,കവിതയുടെ ,പ്രത്യാശയുടെ, മിടിപ്പ് ചിറകടിച്ചെത്തുന്നതും,ഹരിതഞരമ്പുകളില്‍ അതിന്റെ അനുരണനങ്ങള്‍ മര്‍മരം പൊഴിക്കുന്നതും ആസ്വദിച്ചുനില്‍ക്കുന്ന കവിയെ വായനക്കാരന്‍ ‘ജാലകപ്പഴുതി’ലൂടെ കാണും.
എത്ര ഹരിതാര്‍ദ്രമായ കവിത.’മെല്ലെയെണീറ്റു ഞാന്‍’ എന്ന കവിതയും “ചില്ലുപോല്‍ ചിതറിയ-തൊക്കെയു,മിളം മഞ്ഞുതുള്ളിയായലിഞ്ഞൊറ്റ നിറവില്‍ത്തുളുമ്പിപ്പോയി…”എന്ന ‘ഉള്ളക’വും ഈ കവിതയ്ക്കൊപ്പം വായിച്ചു.എഴുത്തിന്റെ വീര്‍പ്പാവാം ‘ഗര്‍ഭം’ എന്ന കവിതയില്‍.’ ൂ ‘എഴുത്തി്ല്‍ നിന്നും ജീവിതത്തില്‍ നിന്നും ഊര്‍ന്നുപോകുന്ന ചിലതിനെ പറഞ്ഞിരിക്കുന്നു. ‘മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി’ എന്ന കവിതയിലെ ഇരുട്ടിനെ പുണര്‍ന്ന് കുഞ്ഞുനിലാവിനെ താലോലിക്കുന്നു .അവ്യക്തമായതൊക്കെ തെളിച്ചെടുക്കുന്ന വെളിച്ചത്തിനു മണിച്ചിയുടെ സ്വപ്നങ്ങളിലും ആര്‍ദ്രതകളിലും ഒന്നും ചെയ്യാനില്ല.ശല്യമാവുകയല്ലാതെ.വെളിച്ചം അതിന്റെ ഹുങ്കു കാട്ടി കുതിച്ചു വരും.ആ ഹുങ്കില്‍ ഊര്‍ന്നുപോയ വര്‍ണങ്ങളെ തേടി മനസ് ഇരമ്പിയാര്‍ക്കുകയാണ്.കാവിന്റെ പിന്നിലെ ആ ഊത്താണ് മണിച്ചിയുടെ തുടിപ്പ് ..ആവേശം.
ഇരവിലാണ് അവളുടെ വെളിവ്.കുഞ്ഞു കുഞ്ഞ് നിലാവുകളെ ഓമനിച്ചോമനിച്ച് ഉള്ള് തണുപ്പിക്കുന്ന മണച്ചി.കവിതയുടെ കുറുകലും ,മുറുകലും മണിച്ചിയുടെ ഉള്ളിരിപ്പിനു ചേര്‍ന്നു നില്ക്കുന്നു.’സ്വാസ്ഥ്യം’ ഉള്ളിലൊരു പ്രപഞ്ചമുണ്ടെന്ന തിരിച്ചറിയലാണ്.”വായിക്കാനെടുക്കുമ്പോള്‍വാക്കുകളറിയാതെ,വ്യംഗ്യങ്ങളുണരാതെ,കൃത്യമാം പൊരുളെഴാ-തുത്തരം മുട്ടിക്കുന്ന”ത് പ്രകൃതിയും കവിതയും ആയിരിക്കണം ‘ഉത്തരം മുട്ടലെ’ന്ന കവിതയില്‍.നിഗൂഢമായ ഒന്നിനെ ശില്പപ്പെടുത്താന്‍ നീരിലും, നിലാവിലും, മണലിലും, ഇലയിലും, കാതലിലും നിഷ്ഫല ശ്രമം.അതിനാല്‍ ഇരവിലും പകലിലും ആ ഒന്നിനെ ഓര്‍ത്ത് അതിനൊപ്പം.’അതിനാല്‍ ‘എന്ന കവിത ഏറെ പ്രിയം.
പിന്നില്‍നിന്നേല്ക്കുന്ന കൊടിയ പ്രഹരമാണ് ഏതു കുതിപ്പിനും ആയംകൂട്ടുക…കവിതയുടേയും.മനസിനേല്‍ക്കുന്നശക്തമായ പ്രഹരങ്ങളാണല്ലോ എന്നും നല്ലെഴുത്താകുന്നതും.’ഗോള്‍ ‘എന്ന കവിത ഈ കുതിപ്പിനെപ്പറ്റിയുള്ളതാണ്.ഉറയുന്ന മൗനം എത്ര സുന്ദരമായ ശക്തമായ സംവേദനമാര്‍ഗമാണ്.ലിപി വേണ്ടാത്ത,വാക്കിന്റെ കനമോ,പൊരുത്തമോ പരതേണ്ടാത്ത മൗനത്തിന്റെ ശ്രുതിയാണ് ‘മൗനം’എന്ന കവിതയില്‍. കൃത്യമായി സൂചിപ്പിക്കാന്‍ കഴിയാത്തത്,എന്നാല്‍ നെടുവീര്‍പ്പുകളായി ,നേരിയൊരു അസാന്നിധ്യമായി പ്രകൃതിയിലും നമ്മിലുമുള്ള ചിലതിനെ ‘അത്’ എന്ന കവിത പറയുന്നു.ജലത്തിനും ‘മണ്ണിനുമിടയിലൊരാര്‍ദ്രതയുണ്ട്.അതിനതിന്റേതായൊരു പച്ചപ്പുണ്ട്.’അതുപോലെ അസീമിന്റെ കവിതകളില്‍ വാക്കുകള്‍ക്കും ഭാവങ്ങള്‍ക്കുമിടയ്ക്കൊരു തീയുണ്ട്.രണ്ടിനേയും ചേര്‍ത്തുരുക്കാന്‍…ഒന്നായി വാര്‍ക്കാന്‍.ആ തീ കവിയുടെ നോവില്‍ നിന്നാണുരുവംകൊള്ളുന്നത്.ആ നോവിനും വേവിനും എന്നും കൂട്ടായി ,സാക്ഷിയായി നില്‍ക്കുന്ന അസീസയ്ക്ക് ഈ എഴുത്ത് പങ്കുവയ്ക്കുന്നു.
Azi Fathima.