കർഷക പ്രക്ഷോഭം അടിച്ചമർത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനിടെ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ്.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദിൽ പങ്കെടുക്കാൻ പോകവെ ഉത്തർപ്രദേശിലെ വീട്ടിൽനിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ വീട് പോലീസ് വളഞ്ഞു. താൻ വീട്ടുതടങ്കലിലാണെന്ന് സുഭാഷിണി അലി അറിയിച്ചു.ഭാരത് ബന്ദിനെ പിന്തുണച്ചു കർഷകർക്കൊപ്പം പ്രതിഷേധിക്കാനിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഡൽഹി പോലീസ് വീട്ടുതടങ്കലിലാക്കിയതായി ആം ആദ്മി പാർട്ടി ആരോപിച്ചിട്ടുണ്ട്. കെ.കെ. രാഗേഷ് എംപിയും അഖിലേന്ത്യാ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദും ബിലാസ്പൂരിൽ അറസ്റ്റിലായി.
പ്രതിഷേധങ്ങൾ ശക്തമാകാൻ സാധ്യതയുള്ളത് മുന്നിൽക്കണ്ട് ഡൽഹിയുടെ അതിർത്തിയായ സിംഘുവിൽ വൻ സുരക്ഷാ സന്നാഹമാണ് നിലയുറപ്പിച്ചിരുക്കുന്നത്. ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.