പച്ചയാം അയലകൾ വാങ്ങിച്ചു നന്നായി
വെട്ടിയകത്തുളളഴുക്കുകൾ നീക്കണം
ഉപ്പിട്ടൊരഞ്ചാറുവട്ടം കഴുകണം
പിന്നെയൊരല്പം പുളിയിട്ടുവയ്ക്കണം
തേങ്ങയരമുറിപ്പീരയായ് മാറ്റണം,
കൂട്ടത്തിലിത്തിരി മഞ്ഞളുചേർക്കണം
പാണ്ടിമുളകും പിരിയനും ചേർത്തിട്ടു
നന്നായരച്ചതരപ്പാക്കി മാറ്റണം
ഇഞ്ചി, വെളുത്തുള്ളിപത്തല്ലിയെന്നിവ,
കൊത്തിയരിഞ്ഞ കൊച്ചുള്ളിയോടൊപ്പമായ്,
പച്ചമുളകതു നീളത്തിൽക്കീറിയാമീനിൻ്റെ
ചട്ടിയിലിട്ടു കൊടുക്കണം,
ഉപ്പു പാകത്തിന് ചേർക്കാൻമടിക്കേണ്ട,
നല്ക്കരിയാപ്പിലത്തണ്ടതും ചേർക്കണം
ഇപ്രകാരത്തിലായ് ചേരുവയൊക്കെയും
വെട്ടിക്കഴുകിയ മീനിലായ് ചേർത്തിട്ട്
ഒത്തിരിയല്ലാതെ വെള്ളമൊഴിച്ചതു
തീ കുറഞ്ഞുള്ളയടുപ്പിലായ് വയ്ക്കണം
ഇത്തിരി ശുദ്ധവെളിച്ചണ്ണ ചൂടാക്കി
പൊട്ടിച്ചെടുത്ത കടുകിനോടൊപ്പമായ്
വെന്തുകുറുകിയ മീൻകറി തന്മേളിൽ
താളിച്ചുവെന്നാലിരട്ടിയാകും രുചി!
ഇത്ഥമുണ്ടാക്കിയ മീൻകറി കൂട്ടിയാൻ
ചട്ടികടിച്ചു നാം തിന്നും ഒടുവിലായ്
കുത്തരിച്ചോറിന്നു കൂട്ടായിയിക്കറി-
യൊറ്റയ്ക്കുപോതും സുനിശ്ചിതം കൂട്ടരേ

എൻ.കെ.അജിത്ത് ആനാരി

By ivayana