ഒന്നാം ദിവസം.,
മഴപെയ്തപ്പോൾ
കാമുകനിലെ കവിഹൃദയം മന്ത്രിച്ചു.
“പ്രിയേ ഈ മഴ നമ്മുടെ
നിസ്വാർത്ഥ പ്രണയത്തിന് സാക്ഷിയാണ്..”
മനസ്സിരുണ്ട കാമുകി കൊതിച്ചത്
കവിതയല്ല,
‘കറുത്തരാവിൽ
കടുത്ത തണുപ്പ’കറ്റാൻ
കാമുകന്റെ ‘കരവലയത്തിലെ ചൂടാ’ണ്.
രണ്ടാം ദിവസം.,
വെയിൽ വന്നപ്പോൾ
അവനിലെ കവിഹൃദയം മന്ത്രിച്ചു..
“പ്രിയേ ഈ വെയിൽ നമ്മുടെ
പ്രണയത്തിന്റെ പൊൻതിളക്കം.”
മുഖം താഴ്ത്തി,
കാൽവിരൽകൊണ്ട് കളം വരക്കുമ്പോൾ,
കാമിനീമനം തുടിച്ചത്
‘വെയിൽചൂട’കറ്റുന്ന കാമുകന്റെ
മധു-രസ-സുഖ-ചുംബനകുളിരാണ്.
മൂന്നാം ദിവസം..,
മഴയും വെയിലും ഒന്നിച്ചെത്തിയപ്പോൾ,
കാമുകന്റെ
‘പോരായ്മ’യിൽ മനംനൊന്ത്
കാമുകി കൂടുമാറി ചേക്കേറുന്നതുകണ്ട്
കവിക്കും കാമുകനുമിടയിൽ പിറന്ന
നിശ്വാസപൈതൽ മന്ത്രിച്ചു…
മഴയും വെയിലും…..
ഇന്നു ‘കുറുക്കന്റെ’ കല്യാണം.
(പള്ളിയിൽ മണികണ്ഠൻ )