അക്കരെ പള്ളിയിലേക്ക് ഇക്കരെ നിന്നൊരു രൂപം വൈപ്പിനിലെ – ‘ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ഹോപ് ‘ -നെ കുറിച്ചുള്ള ചില വിശേഷങ്ങൾ

ഫോർട്ടു കൊച്ചി – മട്ടാഞ്ചേരിയുടെ വികസനം ആരാണ് ആഗ്രഹിക്കാത്തത് . വാട്ടർ മെട്രോ വരുന്നതിൽ സന്തോഷമേയുള്ളു . പക്ഷെ അതിനു വേണ്ടി ബ്രിട്ടീഷ് കെട്ടിടമായിരുന്ന കാർണിവൽ ഓഫീസ് തച്ചു തകർക്കണമായിരുന്നൊ . ഈ കഴിഞ്ഞ ഞായറാഴ്ച ( 6/12 / 20 ) പുലർച്ചെ കണ്ട കാഴ്ച വല്ലാതെ വേദനിപ്പിച്ചു ……

ചരിത്രസ്മാരകങ്ങൾ തല്ലി തകർത്തിട്ട് വേണൊ നമുക്ക് വികസനം . രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സഖ്യ സേനകളുടെ യുദ്ധകപ്പലുകൾക്ക് ഇന്ധനം (കൽക്കരി) നിറക്കാൻ വേണ്ടി പണിത കെട്ടിടമായിരുന്നു ഇത് എന്നാണ് ചരിത്രം . ‘കരിപ്പുര ‘ എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത് . യുദ്ധാനന്തരം ഉന്നത ഉദ്യോഗസ്ഥരുടെ വിനോദകേന്ദ്രമായി .

പിന്നീട് ലോറൽ ക്ലബ് ആയി . പിറകെ കൊച്ചിൻ അക്വാറ്റിക് ക്ലബ്ബും പിന്നീട് കാർണിവൽ ഓഫീസുമായി …. ലിവിംഗ് മ്യൂസിയം എന്ന് ലോകത്തി തന്നെ അറിയപ്പെടുന്ന കൊച്ചിയുടെ ഫോർട്ടു കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തെ ചരിത്രസ്മാരകങ്ങളായി സംരക്ഷിക്കപ്പെടേണ്ട പലതും ഇന്ന് സ്വകാര്യ വ്യക്തികളുടെ കൈകളിലാണ് എന്നത് ഏറെ ഖേദകരമാണ് ………..

എന്റെ സുഹൃത്തും അറിയപ്പെടുന്ന കലാകാരനുമായ ദിനേശ് . ആർ. ഷേണായ് 2012 – ൽ ‘ കരിപ്പുര ‘ എന്ന ബ്രിട്ടീഷ് കെട്ടിടമായിരുന്ന ചരിത്ര സ്മാരകം തന്റെ കാൻവാസിലേക്ക് വരക്കുന്നതിനിടയിൽ പകർത്തിയ ചിത്രം കണ്ടപ്പോൾ വേദന തോന്നി കാരണം ഇന്നിവിടം ശൂന്യമാണ് ……

ഈ സംഭവുമായി ബന്ധപ്പെട്ട് പലരും ഫോണിൽ വിളിക്കുകയും മെസേജുകൾ അയക്കുകയും ചെയ്തിരുന്നു . fb സുഹൃത്ത് , KSEB ജീവനക്കാരനും നല്ലൊരു ഫോട്ടോഗ്രാഫറുമായ റോബിൻ എന്നെ വിളിച്ചപ്പോൾ വൈപ്പിനിലെ ‘ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ഹോപ് ‘ -നെ കുറിച്ച് ചർച്ചയിൽ വന്നു . എന്നാൽ അതൊന്ന് കാണാം എന്നുറപ്പിച്ച് . സുഹൃത്ത് ഷബീർ ഹുസൈനും , റോബിനും ഒപ്പം ഞായറാഴ്ച വൈകുന്നേരം നേരിയ ചാറ്റൽ മഴയുടെ അകമ്പടിയോടെ ജങ്കാറിൽ വൈപ്പിനിലേക്ക് …….

കാലങ്ങളെ അതിജീവിച്ച് കായലിനെ നോക്കി നിൽക്കുന്ന പള്ളിയുടെ പഴമയുടെ പ്രൗഡി കാണേണ്ടത് തന്നെ …… പള്ളിയുടെ കൈക്കാരന്മാരായ ഓസൊ സൈമൺ മഠത്തിപറമ്പിലും , ആംഗ്ലോ ഇന്ത്യക്കാരനായ ജെർസൺ ഡിക്കോസ്തയും പള്ളിയുടെ വിശേഷങ്ങളുമായി ഞ്ഞങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു . ഞങ്ങൾ എത്തുമ്പോൾ ഇംഗ്ലീഷിൽ കൂർബാന നടന്നു കൊണ്ടിരിക്കുകയായിരുന്നു . കേരളത്തിൽ മൂന്നൊ – നാലൊ പള്ളികളിലാണ് ഇപ്പോൾ ഇംഗ്ലീഷിൽ കുർബാന നടക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത് .

ഫോർട്ടു കൊച്ചി സാന്താക്രൂസ് ബസിലിക്ക , വൈപ്പിനിലെ ഈ പള്ളി , പിന്നെ ഫോർട്ടു കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച് , ഹൈക്കോർട്ടിന് സമീപമുള്ള ഇൻഫാന്റ് ജീസസ് ചർച്ച് ( തെറ്റുണ്ടാവാം) . പോർച്ചുഗീസുകാർ വൈപ്പിനിൽ ആദ്യം നിർമ്മിച്ച പള്ളി കടലെടുത്ത് പോയി ‘ ഓറഞ്ച് ചർച്ച് ‘ എന്നായിരുന്നുവത്രെ ആ പള്ളിയുടെ പേര് . അതിന് ശേഷം ഇപ്പോഴുള്ള പള്ളിയുടെ തൊട്ടടുത്ത് തന്നെ രണ്ടു പ്രാവശ്യം പള്ളികൾ പണിതുവെങ്കിലും ശക്തമായ കടൽ ക്ഷോഭത്തിൽ പള്ളികൾ ഇരുന്നു പോയിരുന്നു .

AD 1605 – ലാണ് പോർച്ചുഗീസ് നാമമായ ‘ NOSSA SENHORA DE ESPERANCA’അഥവാ ‘ ഓഫ് ഔവർ ലേഡി ഓഫ് ഹോപ് ‘ എന്ന പേരിൽ ഈ പള്ളി പണിയുന്നത് . പോർച്ചുഗീസ് മിഷനറിമാരാണ് ഈ പള്ളി പണികഴിപ്പിച്ചത് . നേതൃത്വം നൽകിയതാകട്ടെ 1605 A.D യിൽ കൊച്ചി ബിഷപ്പായിരുന്ന പോർച്ചുഗീസുകാരൻ ഡോം ആൻഡ്രിയ ഡി സാന്താ മരിയയാണ് .

പോർച്ചുഗീസുകാർ തന്നെ പണിത ഇതിന് മുൻപുണ്ടായിരുന്ന പള്ളിയുടെ തറയുടെ ശിഷ്ട ഭാഗം ഇവിടെ പ്രത്യേകം സംരക്ഷിച്ച് നിർത്തിയിട്ടുണ്ട് . സൗണ്ട് സിസ്റ്റം ഇല്ലാതിരുന്ന അന്നത്തെ കാലത്ത് ശബ്ദം പള്ളിയുടെ എല്ലാ ഭാഗത്തും എത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രസംഗ പീഠം , വാതിലുകൾ , വെടിയുണ്ടകൾ തുളച്ച് അകത്ത് കയറാതിരിക്കാൻ മണൽ നിറച്ച ഭിത്തികൾ . പള്ളിയുടെ പ്രത്യേകതകൾ ഏറെയുണ്ട് …

400 വർഷത്തിലേറെ പഴക്കമുള്ള ഈ പള്ളി , അന്നത്തെ നിർമ്മാണ വൈദഗ്ദ്യവും , ആത്മാർത്ഥയും , ഗുണമേന്മയും നമ്മെ വിളിച്ചറിയിക്കുന്നു . ഒറ്റത്തടിയിൽ തീർത്ത യേശുവിന്റെ രൂപം കണ്ടപ്പോൾ അത് കേരളത്തിൽ മറ്റെവിടെയെങ്കിലും കണ്ടതായി തോന്നിയില്ല . കൈകാലുകൾ ചലിപ്പിക്കാൻ സാധിക്കുന്ന വിധത്തിലാണ് അതിന്റെ നിർമ്മാണം . കൈകൾ മുന്നിലേക്ക് വെച്ച ബന്ധിച്ചത് പോലെയാണ് രൂപം . ഒരാൾ പൊക്കം രൂപത്തിനുണ്ട് . ഇതിന്റെ ആദ്യകാല പെയിന്റിംഗ് കണ്ടാൽ സ്വാഭാവികമായത് എന്നെ തോന്നു . എന്നാൽ പിന്നീട് പെയിന്റിംഗ് ചെറിയ രൂപത്തിൽ അടർന്നു തുടങ്ങി .

കുറച്ച് വർഷങ്ങൾക്ക് മുൻപ് അതിന്റെ റീ – പെയിന്റിങ്ങിനായി ഒരാളെ ഏർപ്പാടാക്കി പക്ഷെ അതോടെ രൂപത്തിൽ ചെറിയ തോതിൽ ചിതലുകൾ പിടിച്ചു . റീ- പെയിന്റിങ്ങോടെ രൂപം പഴയ കാഴ്ചയിൽ നിന്നും മോശമായി ….. ഈ രൂപം ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ ചർച്ചായ ഫോർട്ടു കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ചിൽ സ്ഥാപിക്കപ്പെട്ടതായിരുന്നു AD 1663 – ൽ ഡച്ച് കടന്ന് വരവോടെ അവർ ഇന്ത്യയിലെ പോർച്ചുഗീസ് നിർമ്മിതികൾ എല്ലാം നശിപ്പിച്ചു . ഫോർട്ടു കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് , വൈപ്പിനിലെ ഔവർ ലേഡി ഓഫ് ഹോപ് ചർച്ച , അങ്ങനെ ചിലത് മാത്രം അവർ നശിപ്പിക്കാതെ വെറുതെ വിട്ടു .

അന്ന് ഡച്ചുകാരെ ഭയപ്പെട്ടു ഈ രൂപം വൈപ്പിനിലെ ഈ പള്ളിയിലേക്ക് ഒളിച്ചു കടത്തുകയായിരുന്നുവത്രെ ……. ഒപ്പം വന്ന റോബിനും , ഷബീർ ഹുസൈനും വളരെ സന്തോഷത്തിലായിരുന്നു . ചരിത്രത്തെ തൊട്ടറിഞ്ഞ സന്തോഷം . ഓസോ സൈമണും , ജെർസൺ ഡിക്കോസ്തയും സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി . ദൂരെ നിന്നും കൈ വീശി അവർ അവരുടെ സന്തോഷം അറിയിച്ചു ….

മൻസൂർ നൈന

By ivayana