നമ്മളധികം പേരും ജീവിക്കുന്നത് സമയത്തിന്റെ ലോകത്താണ്; കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളിലും ഇനിയും വന്നിട്ടില്ലാത്ത ഭാവിയിലുമായി. വർത്തമാനത്തിന്റെ സമയാതീതതലത്തെ നാം വളരെ അപൂർവ്വമായേ സ്പർശിക്കാറുള്ളൂ. പെട്ടെന്നുണ്ടാകുന്ന ചില കാഴ്ചഭംഗികളിൽ അല്ലെങ്കിൽ പൊടുന്നെനെയുണ്ടാകുന്ന ചില അപകടസന്ധികളിൽ, പ്രണയിക്കുന്നവരുമായുള്ള കണ്ടുമുട്ടലിൽ അല്ലെങ്കിൽ അപ്രതീക്ഷിതമായവയിലുള്ള ആശ്ചര്യങ്ങളിൽ എന്നിങ്ങനെ.

വളരെ ചുരുക്കം ആളുകൾ മാത്രം സമയത്തിന്റെയും മനസ്സിന്റെയും അതിന്റെ ആഗ്രഹങ്ങളുടെയും മാത്സര്യങ്ങളുടെയും ലോകത്തുനിന്നും പുറത്തുകടക്കുകയും സമയാതീതമായ ലോകത്ത് ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നവരിൽ തന്നെ കുറച്ചുപേർ മാത്രമേ അവരുടെ അനുഭൂതിയെ പങ്കുവെയ്ക്കാൻ തുനിഞ്ഞിട്ടുള്ളൂ. ലാവോത്സെ, മഹാവീരൻ, ശ്രീബുദ്ധൻ ….. അല്ലെങ്കിൽ അടുത്തകാലത്തായി ജോർജ് ഗുർജീഫ്, രമണമഹർഷി, ജിദ്ദു കൃഷ്ണമൂർത്തി തുടങ്ങിയവർ – അവരെല്ലാം അവരുടെ സമകാലീനരാൽ സമനില തെറ്റിയവരെന്നോ ഭ്രാന്താരെന്നോ വിളിക്കപ്പെട്ടവരാണ്. മരണശേഷം അവർ തത്വചിന്തകർ എന്ന് വിളിക്കപെടുന്നു.

വർഷങ്ങൾ ചെന്നതിനുശേഷം അവർ ഇതിഹാസങ്ങളായി മാറുന്നു – മാംസവും രക്തവുമുള്ള മനുഷ്യരായിട്ടല്ല; ഒരുപക്ഷെ ദൈനംദിന ജീവിതത്തിലെ നിസ്സാരതകളിലും അർഥശൂന്യതകളിലും നിന്ന് പുറത്തേക്ക് വളരുവാനുള്ള നമ്മുടെ എല്ലാവരുടെയും കൂട്ടായ ആഗ്രഹത്തിന്റെ ഐതിഹാസിക പ്രതിനിധികളായിട്ട് ……

വർത്തമാനത്തിന്റെ സമയാതീതതലത്തിലേക്ക് കടക്കുന്നതിനുള്ള കവാടത്തെ കണ്ടെത്തിയ ഒരാളാണ് ഓഷോ – അദ്ദേഹം സ്വയം വിളിച്ചിട്ടുള്ളത് ‘ഒരു യഥാർത്ഥ അസ്‌തിത്വവാദി’ എന്നാണ്‌. തന്റെ ജീവിതം മുഴുവനും അദ്ദേഹം സമർപ്പിച്ചത് ഇതേ കവാടത്തെ അന്വേഷിക്കുന്നതിനായി മറ്റുള്ളവരെ പ്രകോപിപ്പിക്കാനാണ്. ഭൂതത്തിന്റെയും ഭാവിയുടെയും ലോകത്തിന് പുറത്തുകടക്കാനും അനശ്വരതയുടെ ലോകത്തെ സ്വയം കണ്ടെത്താനുമായി.

മദ്ധ്യപ്രേദേശിലെ കുച്ച് വാട എന്ന സ്ഥലത്ത് 1931 ഡിസംബർ 11ന് ആയിരുന്നു ഓഷോയുടെ ജനനം. നന്നേ ചെറുപ്പം മുതലേ ആഞ്ജകൾക്ക് വഴങ്ങാത്തത്തും സ്വാതന്ത്രോ ത്കർഷവുമായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. മറ്റുള്ളവർ നൽകുന്ന വിശ്വാസങ്ങളും വിവരങ്ങളും ആർജ്ജിക്കുന്നതിനേക്കാളും സത്യത്തെ സ്വയം അനുഭവിച്ചറിയണമെന്നായിരുന്നു അദ്ദേഹം നിഷ്കർഷിച്ചിരുന്നത്.

ഇരുപത്തിയൊന്നാം വയസ്സിൽ ബോധോദയം ഉണ്ടായതിനുശേഷം, തന്റെ സർവകലാശാല വിദ്യാഭ്യാസം കഴിഞ്ഞ് ജബൽപൂർ സർവകലാശാലയിൽ തത്വചിന്ത അധ്യാപകനായി കുറെ വർഷങ്ങൾ ചെലവഴിച്ചു. ഇതിനിടയിൽ അദ്ദേഹം ഇന്ത്യയിലുടനീളം സഞ്ചരിച്ച് പ്രഭാഷണങ്ങൾ നടത്തിയിരുന്നു.

യഥാസ്ഥിതിക മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും വാഗ്വാദങ്ങളാൽ വെല്ലുവിളിച്ചു കൊണ്ടും പറമ്പരാഗത വിശ്വാസങ്ങളെ ചോദ്യം ചെയ്തുകൊണ്ടും ജീവിതത്തിലെ എല്ലാവിശ്വാസചട്ടങ്ങളെയും പറ്റിയുള്ള തന്റെ അവബോധത്തെ വിശാലമാക്കുന്നതിനുപകരിച്ചതെന്തും അദ്ദേഹം തന്റെ ബ്രിഹത്തായ വായനയിലുൾച്ചേർത്തു.എഴുപതുകളുടെ തുടക്കത്തിൽ പാശ്ചാത്യർ ആദ്യമായി ഓഷോയെപ്പറ്റി കേൾക്കാൻ തുടങ്ങി.

1974 ൽ പൂനെയിൽ ഒരു ‘കമ്മ്യൂൺ’ സ്ഥാപിക്കപെടുകയും വിദേശീയരായ സന്ദർശകരുടെ ഒഴുക്ക് ആരംഭിക്കുകയും ചെയ്തു. അമേരിക്കയിലെ വാസ്കോ കൗണ്ടിയിൽ ( ഒറിഗോൺ )അദ്ദേഹത്തിന്റെ ശിഷ്യർ ഏകദേശം 60 കോടി ഡോളർ മുടക്കി വാങ്ങിയ 64000 ഏക്കർ വിസ്തൃതിയുള്ള പ്രദേശം നിയമപരമായി രജനീഷ് പുരം എന്ന നഗരമായി സംഘടിപ്പിച്ചു. 1981 മധ്യത്തോടെ ഓഷോ അവിടെ എത്തുകയും അടുത്ത നാലു വർഷങ്ങൾ അവിടെ കഴിയുകയും ചെയ്തു. ആഡംബരസമൃദ്ധം ആയിരുന്നു രജനീഷ്പുരത്തെ ജീവിതം.

ഓറിഗോൺ സംസ്ഥാനമായും രജനീഷ് പുരത്തിലെ അയൽക്കാരുമായും നിലനിന്നിരുന്ന നിയമ പ്രശ്നങ്ങളും രജനീഷ് പുരത്തിന്റെ നിലനിൽപിനെ പ്രതികൂലമായി ബാധിച്ചു. ഓഷോ ഈ പ്രശ്നങ്ങളിലൊന്നും കുറ്റാരോപിതനായില്ലെങ്കിലും അദ്ദേഹത്തെ ബാധിച്ചു. അമേരിക്കയിൽ നിന്നും രക്ഷപ്പെടുന്നതിനിടെ 1985 ഒക്ടോബറിൽ ഓഷോയെ നോർത്ത് കരോലിനയിൽ വച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കുടിയേറ്റ നിയമലംഘനങ്ങൾ ആരോപിക്കപ്പെട്ട ഓഷോ, രാജ്യം വിട്ടുപോകാമെന്ന ഉറപ്പിന്മേൽ 12 ദിവസത്തെ തടവിന് ശേഷം ജയിൽ മോചിതനായി.

അതിനു ശേഷം ഓഷോ ലോകമാകെ സഞ്ചരിച്ച് തന്റെ പ്രഭാഷണ പരമ്പരകൾ തുടർന്നു. ഇരുപതിലേറെ രാജ്യങ്ങൾ ഓഷോയ്ക്ക് സന്ദർശനാനുമതി നിഷേധിച്ചിരുന്നു.1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ രജനീഷ്, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിൽ ഓഷോ എന്ന പേര് സ്വീകരിച്ചു. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും വന്ന അന്വേഷികൾക്കും തന്റെ ശിഷ്യർക്കും വേണ്ടി ഓഷോ ചെയ്ത പ്രഭാഷണങ്ങൾ അറുന്നൂറിൽ പരം ബുക്കുകളിലായി മുപ്പത്തിലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹം പറയുന്നു – “എന്റെ സന്ദേശം ഒരു സിദ്ധാന്തമോ തത്വചിന്തയോ അല്ല. എന്റെ സന്ദേശം ഒരു രാസവിദ്യയാണ് – ഒരു രൂപാന്തരീകരണ ശാസ്ത്രം. അതിനാൽ താൻ എന്തായിരിക്കുന്നുവോ അതിന് അന്ത്യം കുറിക്കാൻ ആഗ്രഹിക്കുന്നവരും ഇപ്പോൾ സങ്കൽപിക്കാൻ ആവാത്തത്ര നവീനമായ മറ്റെന്തിലേക്കോ പുനർജ്ജനിക്കാൻ ഇച്ഛിക്കുന്നവരുമായ ചുരുക്കം ചിലർ …..

ധീരമായ ആ ചുരുക്കം പേരേ ശ്രദ്ധിക്കാൻ തയ്യാറാവുകയുള്ളൂ. എന്തെന്നാൽ ശ്രദ്ധിക്കൽ ഉത്തരവാദിത്വ ആവശ്യമുള്ള പ്രവർത്തിയാണ്.”1990 ജനുവരി 19 ന് ഓഷോ തന്റെ ദേഹം വെടിഞ്ഞു. അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു – “ഓഷോ ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല 1931 ഡിസംബർ 11നും 1990 ജനുവരി 19നും ഇടയിൽ ഭൂമിയെന്ന ഈ ഗ്രഹം സന്ദർശിക്കുക മാത്രം ചെയ്തു.”

By ivayana