നമ്മൾ കണ്ടുമുട്ടിയപ്പോൾ
ഇടനാഴികളിൽ
പ്രതിധ്വനിച്ചിരുന്ന
ആ പുരാതനമായ ഗന്ധം
നിനക്കതിന്റെ പച്ചനിറമുള്ള ചെവികൾ..
അത്രയും ഇല പടർപ്പുകൾ നിറഞ്ഞ കേൾവികൾ
ഞാൻ വെറുമൊരു മഞ്ഞപടർന്ന വേര്
നമ്മൾ കണ്ടതിൽ പിന്നെ
കടലൊഴുക്കി നടന്നു
ഇലഞരമ്പുകൾ
നെടുകെയെന്നും കുറുകെയെന്നും
കടൽ മുറിവുകൾ
വരച്ചിട്ടു
ഉപ്പുമണം പേറിയ കാറ്റ്
നിന്റെ വരവ്
ആദി വചനം പോലെ
വ്യക്തവും പ്രവചിക്കപെട്ടതും
ഉലഞ്ഞു
ശബ്ദമില്ലാതെ
അതിന്റെ
നിസ്സഹായതയോടൊപ്പം
എന്റെ നാഴികമണികൾ
ശൂന്യമായ കാണിക്കവഞ്ചിയിൽ
പെട്ടെന്ന് വെളിച്ചത്തിന്റെ
നാണയത്തുട്ടുകൾ.
അനാദിയായ ഏതോ വാക്കിന്റെ പിറവിയ്ക്കു
കാവൽ ഇരുന്നു ഞാൻ
ശില്പഭംഗിയിൽ നീ കൊത്തിവെയ്ക്കാൻ തുടങ്ങിയിരിക്കണം..
നമ്മൾ പറഞ്ഞേക്കാവുന്ന
ഏറ്റവും ആദ്യത്തെ അക്ഷരം . .
എന്നിൽഉണ്ടായി
വിശുദ്ധമായ മുറിവുകൾ
ഓരോ മുറിവിലും നിന്റെ വിരലുകൾ..
അത്രയും ജീവകോശങ്ങൾ
ചിലപ്പോഴൊക്കെ അതിൽ
പൂത്തു രാത്രികൾ
ഞാൻ ഉന്മാദിയെപ്പോലെ
ദിക്കുകൾ തിരിച്ചറിയാതെ
നിന്നിലേക്ക് തന്നെ നടന്നു.
ഞാൻ
ചിലപ്പോഴൊക്കെ വേനലുകളായി മുറിവുകൾ
നീ തയ്‌ച്ചെടുത്തു എനിക്ക്
സമ്മാനിച്ചു പകൽ
അപ്പോഴും ഞാൻ
മണൽക്കാറ്റുകളെ രഹസ്യമായി വളർത്തി
ഓരോ നെടു വീർപ്പിലും നിന്റെ പേര് ചേർത്തു വിളിച്ചു.
എനിക്കിരുവശവും
പിളർന്ന ഭൂമിയുടെ
നാവുകൾ പോലെ
വേവുകളുടെ രാ സലായനികൾ..
പതിയെ പതിയെ
നമ്മൾ
അതിരുകൾ മായ്ഞ്ഞു തുടങ്ങുന്ന
ഭൂഖണ്ഡമെന്ന വിധം
അടയാളപ്പെടുന്നു..
നീ ഭാഷയിലേക്ക് ലിപി ചേർക്കുന്ന
ചിത്രങ്ങൾ വരച്ചു തുടങ്ങുന്നു.
പരുക്കനായ എന്റെ പ്രതലങ്ങൾ
നിറങ്ങളുടെ ഒറ്റ പ്പെട്ട നോവുകൾ
കൊണ്ട്
കൂടുതൽ അലങ്കരിക്കപ്പെടുന്നു..
അതി ലളിത മായ ആ പദത്തിലേക്കെന്നെ
നീ വിവർത്തനം ചെയ്യുന്നു.
ആശങ്കകൾ കൊണ്ട് ഞാൻമറന്നു പോയ
സാവകാശം നിന്റെ വലതു കൈവിരൽ മുദ്രയാവുന്നു.
നിയന്ത്രണങ്ങൾ ഇല്ലാത്ത ശബ്ദപ്പകർച്ചകളിൽ
നീ ജീവന്റെ നിശബ്ദത
കാണിച്ചു തരുന്നു. അവിടെയെന്റെ അടഞ്ഞു പോയ
ശംഖുകൾ
കടൽ തിളക്കങ്ങൾ
പുനർജ്ജനിക്കുന്നു.
എന്റെ വേവലാതികളിൽ
നങ്കൂരമിട്ടു
കൊടും കാറ്റുകളെ വശപ്പെടുത്തുന്ന
അതി മാനുഷികനായ
ആ സാഹസികൻ
ആ നാവികൻ നീ തന്നെയാവുന്നു..
കൃഷ്ണമണികൾ ഉരച്ചു എന്റെ കടലിനെ
അത്രയേറെ ശാന്തമാക്കുന്നുണ്ട്
നീ…