‘ചുവരിൽ നിന്നും
കറുപ്പും ചുവപ്പും പക്ഷികൾ
പറന്നു കൊണ്ടിരുന്നു… ‘
എന്നത് അത്ര അസാധാരണമായ
പ്രയോഗമൊന്നുമല്ലെന്നറിയാം
ആവർത്തിച്ച് പറഞ്ഞു പറഞ്ഞുള്ള
മുഷിവുണ്ടു താനും
എങ്കിലും ,
ഏതാണ്ടിങ്ങനെയാണ്
ഞാനെന്റെ കവിത തുടങ്ങിയത്
എല്ലാ കവിതയ്ക്കും മുമ്പ്
ഒരു തുടക്കക്കാരിയുടെ വെപ്രാളം
എനിക്കുണ്ട്…
പോരാഞ്ഞിട്ട് കുറച്ചു നാളത്തെ ഇടവേളയും
എഴുതിക്കഴിഞ്ഞതും
വരികൾ തിരിഞ്ഞെന്നെ നോക്കി
പരിഹസിച്ചു ചിരിച്ചു
അത്രമേൽവിധേയത്വത്തോടെ
എനിക്ക് വഴങ്ങിത്തന്നിരുന്ന ഭാഷയാണ് ,
കനത്ത അധികാര ശബ്ദത്തിൽ
എന്നെ തിരുത്താൻ ശ്രമിക്കുന്നത്
എനിക്ക് തീരെ മുഷിഞ്ഞു
നിറയെ വ്രണങ്ങളുള്ള നഗരം
പടിക്കു പുറത്തെന്നെ
കാത്തു നിന്നിരുന്നു
പനിച്ചൂടിൽ ഉരുകിയ പകലെടുത്തുടുത്ത് ( നോക്കൂ
എത്ര പെട്ടെന്ന് എനിക്കും ഭാഷ
വഴങ്ങുന്നു)
ഞാൻ പുറത്തിറങ്ങി
നഗരത്തെ കാണണം
വല്ലതുമൊന്ന് മിണ്ടിപ്പറയണം
തിളയ്ക്കുന്ന അധ്വാനത്തെ
വഴിയിൽക്കണ്ടു
തെളിഞ്ഞൊന്നു ചിരിച്ചു നോക്കി
‘നാണമില്ലേ സ്ത്രീയേ ‘
എന്നൊരു ചോദ്യം എനിക്കു മുന്നിൽ
നിന്നു വിയർത്തു
നാലുപാടും നോക്കി,
ആരും കാണുന്നില്ലെന്നുറപ്പു വരുത്തി
ഞാനതെടുത്ത് മടക്കി കീശയിലിട്ടു
വെയിൽപ്പുതച്ചു കിടക്കുന്ന
കടൽത്തീരം
തലപൊക്കിയെന്നെയൊന്നു നോക്കി
മടുപ്പിൽ മൂരി നിവർന്ന്
വീണ്ടും വെയിലിനുള്ളിലേക്ക് നൂണ്ടു
ആദ്യത്തെ വരികൾ
എന്നിൽ നിന്നപ്പൊഴേയ്ക്കും
പുറത്തു കടന്നിരുന്നു
വഴിയിൽ നിന്നു കിട്ടിയ ,
വല്ലാതെ വിയർത്തു നാറിയ ,
ചോദ്യം അലക്കിത്തേച്ചു വയ്ക്കുന്നു
മാംസഭോജിയായ
എന്റെ കവിതയ്ക്ക്,
മടുക്കുവോളം
വരികൾക്കിടയിലിട്ട്
വായിക്കാമല്ലോ
വൈഗ