നേട്ടത്തിനായുള്ള ഓട്ടത്തിൽ
നീ വിരൽത്തുമ്പാൽ ലോകത്തു
വിസ്മയം തീർക്കുമ്പോൾ,
നിന്റെ വിശപ്പകറ്റാൻ എവിടെയോ
ഒരുവൻ വിത്തെറിഞ്ഞിട്ടുണ്ട്.
അവന്റെ വിയർപ്പു വിലകൂടിയ
കവറുകളിൽ വിപണനം
ചെയ്യപ്പെടുമ്പോഴും,
വിശപ്പകറ്റാനവനൊരു
വഴിതേടുകയാവാം.
രമ്മ്യഹർമങ്ങളിൽ അന്നം
തള്ളിനീക്കുമ്പോഴും,
നിനക്കായവൻ അടിമയെപോലെ
നിലം ഉഴുതുമറിക്കയാകാം.
അനന്തമായ ആകാശഭൂമിക്കു
നീ അവകാശം സ്ഥാപിക്കുമ്പോഴും,
അവന്റെ കിടപ്പാടം
ജപ്തിചെയ്യപെടുകയാകാം.
വിലമതിക്കാനാകാത്ത ഈ ലോകത്തിനു
നീ വിലയിടുമ്പോൾ,
ഒരു വിലയുമില്ലാത്തവനായി
അവൻ വിലപിക്കയാകാം.
വിശപ്പിന്റെ വിയർപ്പിന്റെ
വിലയറിയാതെ നീ വിലസുമ്പോൾ ,
നിന്നെ ഊട്ടിയതിന്റെ
തിരിച്ചടവിൻ കടംപേറി
ആറടി മണ്ണിലും
സ്വസ്ഥതയില്ലാതുറങ്ങുകയാകാം.

അജികുമാർ

By ivayana