തിത്താരം തക തെയ്യാരോ തക
തിത്താരം തക തെയ്യാരോ
തിത്താരം തക തെയ്യാരോ തക
തിത്താരം തക തെയ്യാരോ…(തിത്താരം…)
മേലെ മാനത്ത് സൂര്യനുദിച്ചേ
ഏനിന്ന് പാടത്ത് കൊയ്യാൻ പോണേ
നീലിപ്പെണ്ണേ നീയും പോന്നോ
നീയെന്റെ കൂടെ കൊയ്യാൻ പോന്നോ(തിത്താരം)
ഏനില്ല പെണ്ണേ ചീരുപ്പെണ്ണേ
ഏനെന്റെ കുഞ്ഞിനെ നോക്കാൻ പോണേ
ഏനങ്ങ് പോന്നാലാരുണ്ട് പെണ്ണേ
എൻ കുടീലുള്ളൊരു വേലകൾ ചെയ്യാൻ(തിത്താരം)
കുഞ്ഞിന് തീറ്റ കൊടുക്കാനാണേ
കൊയ്യാൻ പോണത് പെണ്ണാളേ
വേഗം പോരെടീ നീലിപ്പെണ്ണേ
നേരം പോയെടി പെണ്ണാളേ…(തിത്താരം)
എന്നുടെ കണവൻ വേലയെടുക്കണ്
പിന്നെ ഞാനെന്തിന് പൊരണെടീ
എന്നുടെ കണവൻ പൊന്നുപോൽ നോക്കണ്
എന്നേം കുഞ്ഞിനേം പെണ്ണാളേ…(തിത്താരം)
പകലന്തിയോളം പണിയണ കണവന്
താങ്ങായ് നിക്കണം പെണ്ണാളേ
പകലോൻ പോവണ നേരം വരേക്കും
എല്ലു മുറിയേ പണിയേണം(തിത്താരം)
എന്നാലേനും പോരണ് പെണ്ണേ
എന്നുടെ കണവന് താങ്ങാവാൻ
ഏനും പോരണ് പാടത്ത് കൊയ്യാൻ
ചീരുപ്പെണ്ണേ പെണ്ണാളേ…
കൊയ്ത്തരി വാളങ്ങെടുക്കടി പെണ്ണേ
കൊയ്തങ്ങ് കൂട്ടെടി പെണ്ണാളേ
പയ്യാരം ചൊല്ലാതെ പണിയെടി പെണ്ണേ
പകലോൻ ചായണ കണ്ടില്ലേ (തിത്താരം)

ഗീത മന്ദസ്മിത

By ivayana