ചിലപ്പോൾ ചിലനേരങ്ങളിൽ
ഓർമ്മകൾക്കൊപ്പം
കൂട്ട് നടക്കണമെന്ന് തോന്നും
മൗനത്തിന്റെ ഇരുട്ട് വഴിയിൽ
തനിച്ചാവുമ്പോൾ
ഓർമകളോളം വിശ്വസ്തമായൊരു കൂട്ട്
മറ്റെന്താണുള്ളത്
ചിലപ്പോൾചില നേരങ്ങളിൽ
ഉമ്മറക്കോലായിൽ
ചാറ്റൽ മഴയുടെ
നേർത്ത മർമ്മരം
കേട്ടിരിക്കണമെന്ന് തോന്നും
ചില്ലകളിൽ നിന്ന്
ഇലത്തുമ്പിൽ നിന്ന്
കരൾ പിളരുന്ന വേദനയോടെയാണ്
ഓരോ മഴത്തുള്ളിയും
താഴെ വീണു ചിതറുന്നതെന്ന് തോന്നും
ചിലപ്പോൾചില നേരങ്ങളിൽ
വെയിൽ കുരുന്നുകൾ
ഒളിച്ചു കളിക്കുന്ന
ഇടവഴിൽ തനിച്ചു നടക്കണമെന്ന് തോന്നും
തൊട്ടാവാടിപ്പടർപ്പുകളിൽ
ഞെട്ടറ്റുവീണ പഴുത്തിലകളിൽ
വീണുപോയതെന്തോ
തിരയണമെന്ന് തോന്നും
ചിലപ്പോൾ ചില നേരങ്ങളിൽ
മച്ചിലെ മാറാല മുറിയിൽ
നോവിന്റെ ചിതലരിക്കുന്ന
ജാലക വഴികളിലൂടെ
മങ്ങിത്തുടങ്ങിയ ആകാശക്കാഴ്ചകൾ
തിരയണമെന്ന് തോന്നും
തെക്കേ തൊടിയിലെ
പുളിമരച്ചില്ലയിൽ
വവ്വാലുകൾ
തലകീഴായ്
തൂങ്ങിയാടുന്നുണ്ടാവും
ചിലപ്പോൾ ചില നേരങ്ങളിൽ
ശൂന്യമായ ഒരു ക്ലാസ് മുറിയിൽ
നിശബ്ദനായി നിൽക്കുന്നതായ് തോന്നും
മഷിയിടാതെ നരച്ചുപോയ
വലിയ ബ്ലാക്ക്ബോർഡിൽ
എത്ര കാലങ്ങൾ മാഞ്ഞു പോയിട്ടുണ്ടാവുമെന്ന്
അറിയാതെ ഓർത്തുപോകും
ചിലപ്പോൾ ചില നേരങ്ങളിൽ
വരണ്ടുണങ്ങിയ
മരുഭൂമികൾ
പൂത്തുലയുകയും
ഒരു തോരാമഴ
വഴിതെറ്റി വരികയും ചെയ്യുമെന്ന്
വെറുതെ സ്വപ്നം കാണും
എത്രയെത്ര
സ്വപ്ന നേരങ്ങളുടെ
നേർത്ത നൂലിഴകൾകൊണ്ട്
മുറിവുകൾ തുന്നിയെടുത്താണ്
ജീവിതമിങ്ങനെ
ഭംഗിയായി
ചേർത്തു വയ്ക്കുന്നത് ..

By ivayana