വെള്ളിയാഴ്ച ആയതിനാൽ തലവഴി പുതച്ചു മൂടി കിടന്നു.. അലാറം ശല്യം ചെയ്യാതെ ആഴ്ചയിൽ ആകെ കിട്ടുന്ന ദിവസം,
ഉണർന്നാലും എഴുന്നേൽക്കാതെ പുതപ്പിനുള്ളിൽ ഒതുങ്ങിക്കൂടി കിടക്കുക നമ്മൾ പ്രവാസികളുടെ കൊച്ചു സന്തോഷത്തിന്റെ ഭാഗമാണ്!…
നേരം എത്രയായെന്നറിയില്ല, ഇപ്പോഴും ഇരുട്ടിനെ മുറിയിൽ തളച്ചിട്ടിരിക്കുകയാണ്…
കിച്ചണിൽ പാത്രങ്ങൾ കലഹിക്കുന്ന ശബ്ദം കേൾക്കാം.. മിക്കവാറും കുഞ്ഞിക്ക എഴുന്നേറ്റു കാണും.. ഇനിയിപ്പോ എല്ലാവർക്കും സുലൈമാനിയിട്ടിട്ട് വന്ന് തട്ടി ഉണർത്തും.. ചിലപ്പോൾ പുറത്ത് പോയി നമ്മുടെ നല്ല നാടൻ പലഹാരം വാങ്ങികൊണ്ട് വന്ന് ചായയൊക്കെ ഇട്ടിട്ടു വന്ന് വിളിക്കും… “എടാ സാബു എഴുന്നേൽക്ക്… സമയം എത്രയായെന്ന് അറിയോ?”..കുഞ്ഞിക്കയുടെ വിളി പ്രതീക്ഷിച്ചിരുന്നതിനാൽ ഞാൻ പറഞ്ഞു
“എണീറ്റ് ഇക്ക.. ഇതാ വന്നു “!.
പെട്ടെന്ന് എഴുന്നേറ്റു റൂമിൽ ലൈറ്റിട്ടു..
തലേദിവസം റമ്മി കളിച്ച ചീട്ടും, വിരിപ്പ് മെല്ലാം അവിടെ അനാഥമായി കിടപ്പുണ്ട്…
അതൊക്കെ ആര് ഒതുക്കി വെയ്ക്കാൻ…ഉറക്കം വന്നു തല നിവർന്നു നിൽക്കാതാവുമ്പോഴല്ലേ കളി നിർത്തുന്നത്, മിക്കവാറും ഇരുന്നിടത്തു തന്നെ വീണു കിടന്നുറങ്ങുന്ന ശീലമാണ്.. പിന്നെ ഉണരുമ്പോൾ കട്ടിലിൽ കയറി കിടക്കും…
ഞാൻറൂമിനു പുറത്തിറങ്ങുമ്പോൾ കുഞ്ഞിക്ക സുലൈമാനി കുടിച്ചു കൊണ്ട് ഹാളിൽ കാത്തിരുപ്പുണ്ട്!.
“വാ.. മോനെ ഇരിക്ക്…സുലൈമാനി തണുത്തു കാണും “.
“ഇല്ല അത്യാവശ്യം ചൂടുണ്ട്.. ഞാൻ ചായ ചുണ്ടോട് ചേർത്ത്… പറഞ്ഞപ്പോൾ കുഞ്ഞിക്കയ്ക്ക് സന്തോഷം…
കുഞ്ഞിക്ക ഞങ്ങളുടെ സ്പോൺസറുടെ തോട്ടത്തിലാണ് ജോലി.. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം ആകുമ്പോൾ ഇങ്ങെത്തും… ഇക്ക വന്നാൽ കിച്ചണിൽ വേറെ ആർക്കും പ്രവേശനം ഇല്ല….
തമാശകൾ കേട്ടാൽ പൊട്ടിച്ചിരിക്കുന്ന ഇക്ക,ഒരിക്കലും മിതഭാഷി ആയിരുന്നില്ല.. പഴയ സിനിമ പാട്ട് കേൾക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഇക്കയുടെ പാചകം ഒരു പ്രത്യേക രുചിക്കൂട്ട് ആണ്….
വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞാൽ ഒരു ഹോളിഡേ മൂഡ് ആയതിനാൽ സിറ്റിയിലൊക്കെ ഒന്ന് കറങ്ങിയിട്ടേ ഞങ്ങൾ റൂമിൽ കയറുള്ളൂ… അപ്പോഴേക്കും ഇക്ക ഫുഡ് റെഡിയാക്കി നമ്മളെയും കാത്തിരിക്കും.. ഇതുപോലെയുള്ള മനസ്സിനുടമകളെ നാട്ടിൽ കാണുവാൻ പ്രയാസമാണ്…ആരോടും അനിഷ്ടം ഇല്ലാത്ത സ്വഭാവം…
“ഇക്കാ ഇന്ന് കത്തൊന്നും എഴുതിയില്ലേ?”
ഞാൻ ചോദിച്ചു..
“ഇല്ല മോനെ… ഓൾക്ക് നല്ല സുഖമില്ല!അത് കാരണം മനസ്സിന് ഒരു സുഖോമില്ല “.
“ഇത്തയ്ക്ക് എന്താ അസുഖം?”ഞാൻ ചോദിച്ചപ്പോൾ ഇക്കയ്ക്ക് സങ്കടം വരുന്നത് പോലെ തോന്നി..
“ഇക്കയ്ക്ക് വിഷമം ആണെങ്കിൽ പറയണ്ടാ “.
“അതല്ല മോനെ.. എനിക്ക് ആകെ ഒരു ഭയം പോലെ.. അതാ.. ഓളുടെ വയറ്റിൽ എന്തോ മുഴ വളരുന്നൂന്ന്, അതുടനെ ഓപ്പറേഷൻ ചെയ്യാണോന്ന് ഡോക്ടർ പറയുന്നത് “.
“അതിനെന്താ ഇക്ക…
അതൊന്നും ഇപ്പോൾ പേടിക്കേണ്ട കാര്യമില്ല.. നമ്മുടെ നാട്ടിൽ എല്ലാ സൗകര്യവുമുള്ള ഹോസ്പിറ്റൽ ഉണ്ട്.. “
ഞാൻ ഇക്കയെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു…
ഇക്ക ഇവിടെ വന്നിട്ട് മുപ്പത്തിനാല് വർഷമായി.. ഇത്തയെ ജീവനാണ്… ഇന്ന് മൊബൈൽ ഒക്കെ എല്ലാവർക്കും ആയിട്ടും ഇത്തയും ഇക്കയും ഇപ്പോഴും കത്തുകൾ അയക്കുന്നത് കാണുമ്പോൾ നമ്മൾ കളിയാക്കും.. പ്രേമലേഖനം എഴുതുകയാണെന്ന്….
“ഇങ്ങക്ക് അറിയില്ല ഈ കത്തിന്റെ സുഖം.. നിങ്ങൾ ഇവിടെ വന്നപ്പോൾ വിളിയ്ക്കാം, കണ്ടു സംസാരിയ്ക്കാം!മോനെ ഇതൊന്നും ഇല്ലാതെ നാട്ടിലെ ഒരു കത്തിനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന ഗൾഫ് കാരെ നിങ്ങക്ക് അറിയില്ല മക്കളെ “..
“ഞാനും ഓളെ ഇപ്പോൾ എന്നും വിളിക്കും, എന്നാലും ഈ കത്തിലെ ഓരോ വാക്കിലും നമ്മുടെ ഖൽബിലെ തുടിപ്പുണ്ടാവും, അറിയോ നിങ്ങൾക്ക്? നാട്ടീന്നു ഒരു കത്ത് വന്ന് വായിക്കുമ്പോൾ മനസ്സിനൊരു സുഖമാ “.
ഇക്ക വളരെ വികാരധീനനായി പറയുമ്പോൾ ആരും ഒന്നും മറുപടി പറയില്ല.. നമുക്ക് ആ മനസ്സ് അപ്പോൾ കാണാൻ പറ്റും..
ശരിയായിരിക്കും,കത്ത് കാത്തിരിക്കുന്നത്,ഞങ്ങൾക്ക് അന്യമായ അനുഭവം ആയതിനാൽ വെറുതെ ചിരിക്കുകയെ ഉള്ളൂ..
ഇക്ക പറയും “ഓള് ആയത് കൊണ്ടാ എന്റെ കൂടെപ്പിറപ്പുകളെ കൂടി കരകയറ്റാൻ എനിക്ക് ആയത്, കുടുംബസ്നേഹം ഇല്ലാത്ത ആരെങ്കിലും ആണെങ്കിൽ ഒന്നിനും സമ്മതിക്കൂല “.
ഇത്തയെപ്പറ്റി പറയുമ്പോൾ ആ മുഖത്തു നിലാവുദിക്കുന്നപോലെയാണ്..
ഇക്കയ്ക്കു മൂസ്സയും, ഹംസയും എഴുന്നേറ്റു വരാത്തത് വിഷമം ഉണ്ടാക്കുന്നത് പോലെ തോന്നി..
“അവരൊന്നും എഴുന്നേറ്റില്ലല്ലോ ഞാൻ ചെന്ന് വിളിച്ചു കൊണ്ട് വരാം..” ഇക്ക പറഞ്ഞു..
“വേണ്ട ഇക്ക അവര് എഴുന്നേൽക്കും ജുമയ്ക്ക് പോകാനുള്ളതല്ലേ…”ഞാൻ പറഞ്ഞത് കേട്ട് ഇക്കഅവിടെയിരുന്നു..
“പുറത്ത് നല്ല തണുപ്പുണ്ട്..മോനെ തോട്ടത്തിൽ നമ്മള് താങ്ങാത്ത തണുപ്പാ…”
“ഇന്ന് ജുമയ്ക്ക് പോയിട്ട് ഞാനും ഹംസയും കൂടി കഫീലിന്റെ(സ്പോൺസർ ) വീട് വരെ ഒന്നുപോകും.. എനിക്ക് ഒന്ന് നാട്ടിൽ പോകണം മോനെ “…
“മക്കളൊക്കെ വലുതായി അവർക്ക് കുടുംബമൊക്കെ ആയപ്പോൾ നമ്മൾ തനിച്ചയാത് പോലെ തോന്നുന്നൂന്ന് ഓള് എപ്പോഴും പറയും “.
“ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ അടുത്തു വേണമെന്ന് ഓള് നിർബന്ധം പിടിക്കുന്നു… എനിക്ക് പോകാതെ പറ്റില്ല..” പുതുതായി നാട്ടിൽ നിന്നും വന്ന ആൾക്കാരെ പോലുള്ള ആവലാതികൾ ഇക്കയെ ഇപ്പോഴും അലട്ടാറുണ്ടെന്ന് ചിലപ്പോൾ തോന്നും…
“അതിന് ഇക്ക എന്തിനാ വിഷമിക്കുന്നത്.. കാര്യം പറഞ്ഞാൽ മനസ്സിലാകുന്ന ആളാണല്ലോ കഫീൽ, അതുമല്ല ഇക്കയുടെ കൂട്ടുകാരനെ പോലെയല്ലേ കഫീൽ… “ഞാൻ പറഞ്ഞത് കേട്ട് ഇക്ക പറഞ്ഞു..
“നിനക്കറിയില്ലേ അവിടെ തോട്ടത്തിലെ ജോലിക്കാരിൽ കൂടുതലും ഇപ്പോൾ നാട്ടിൽ പോയിരിക്കയാണ് !അതാ ഒരു പ്രശ്നം “.
“അതൊന്നും ഒരു പ്രശ്നവുമില്ല….ഇക്ക കാര്യം പറഞ്ഞാൽ ഇന്ന് രാത്രിയിൽ തന്നെ പോകാനുള്ള ഏർപ്പാട് ചെയ്തു തരും എനിക്കുറപ്പുണ്ട്!”.
നമ്മൾ സംസാരിച്ചിരിക്കുമ്പോൾ മൂസയും, ഹംസയും എഴുന്നേറ്റു വന്നു..
തളർന്നിരിക്കുന്ന ഇക്കയെ കണ്ടപ്പോൾ ഹംസ ചോദിച്ചു.. “എന്താ ഇക്കാ വല്ലാണ്ടിരിക്കണ് “.
ഞാൻ കാര്യം പറഞ്ഞു… അപ്പോൾ മൂസ പറഞ്ഞു.. “
“എന്റെ സാബു കെട്ടിയോൾക്ക് ഒരു ജലദോഷം വന്നാൽ ഇങ്ങേര് ഇവിടെ നമ്മളെ കൂടി വട്ടാക്കും.. പിന്നെ ഇപ്പോൾ, ഇക്കാ ഇങ്ങള് ചോദിച്ചാ എന്തായാലും അറബി സമ്മതിക്കും, അതിന് വെറുതെ എന്തിനാ ബേജാറാവുന്നെ?”.
ഈ കടുത്ത തണുപ്പിലും ഇക്ക വിയർക്കുന്നുണ്ടായിരുന്നു… അദ്ദേഹത്തിന്റെ മനസ്സിലെരിയുന്ന അഗ്നിപർവതത്തിന്റെ ലാവ പോലെ അത് കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു…
എന്തോ എനിക്ക് ഇക്കയുടെ സങ്കടം എന്റെയും,– അല്ല നമ്മുടെയും സങ്കടം തന്നെന്നു തോന്നി…
അവരെല്ലാം പള്ളിയിൽ പോകാനിറങ്ങിയപ്പോൾ ഞാൻ ഇക്കയോട് പറഞ്ഞു
“ടെൻഷൻ ഒന്നും അടിക്കേണ്ട..ഇക്ക സമാധാനത്തോടെ പോയിട്ട് വാ “.
അവർ ഇറങ്ങുവാൻ വാതിൽ തുറന്നപ്പോൾ അകത്തു കയറുവാൻ കാത്തു നിന്നപോലെ തണുത്തകാറ്റു ഇടിച്ചു കയറി വന്നു….മുഖത്തു സൂചിമുനകൾ വന്ന് തറയുംപോലുള്ള തണുത്ത കാറ്റ്….
റോഡിൽ ജുമയ്ക്ക് പള്ളിയിൽ പോകുന്നവരുടെ തിരക്കുണ്ട്…
ഇനിയിപ്പോൾ പ്രാർത്ഥന കഴിഞ്ഞിട്ടേ ഷോപ്പുകൾ തുറക്കുള്ളൂ…അതിനാൽ ഇപ്പോൾ പുറത്തിറങ്ങിയിട്ട് ഒരു കാര്യവുമില്ല… ഞാൻ റൂമെല്ലാം ബ്രഷ് ചെയ്തു, ഒന്ന് കുളിച്ചു ഫ്രഷ് ആയി. ടി വി യും നോക്കിയിരുന്നു…
അപ്പോൾ എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു.. എടുത്തപ്പോൾ മൂസ്സയാണ് വിളിക്കുന്നത്..
“എന്താ മൂസ്സ..ഇതിനിടയിൽ നിങ്ങൾ കഫീലിന്റെ അടുത്ത് പോയോ?”.
“ഇല്ല സാബു… പള്ളിപിരിഞ്ഞിറങ്ങുമ്പോൾ ഇക്ക ശരീരം കുഴഞ്ഞു വീണു, ഉടനെ ആംബുലൻസിൽ ഇവിടെ ഹോസ്പിറ്റലിൽ എത്തിച്ചു… നീ വണ്ടിയെടുത്തു പെട്ടന്ന് ഇങ്ങു വാ “.
ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ മൂസ്സയും, ഹംസായും എന്നെ കണ്ട് ഓടി വന്നു.. അവരുടെ മുഖം കണ്ടപ്പോൾ എന്തോ പന്തികേട് പോലെ തോന്നി…
“എന്താടാ വല്ലാതെ… ഇക്കയ്ക്ക് എങ്ങനെയുണ്ട്?”.
“ഇക്കയെ ഐ സി യിൽ ആക്കി… പക്ഷെ അവിടെ ഒരു മലയാളി ഡോക്ടർ ഉണ്ട്,ഡോക്ടർ പറഞ്ഞത് ഇവിടെ കൊണ്ട് വരുമ്പോഴേ ബി പി യെല്ലാം ലോ ആയിരുന്നുവെന്നാ പറഞ്ഞത്,!”. മൂസ്സ പറഞ്ഞത് കേട്ട്, ഹംസ പറഞ്ഞു
“ഇല്ലെടാ നമ്മുടെ ഇക്ക സുഖമായി വരും “
ഞാൻ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു…
വീശിയടിക്കുന്ന തണുത്ത കാറ്റിനും ചൂടാണെന്നു തോന്നുന്നു…
ഐ സി യൂ വിൽ നിന്നറങ്ങി വന്ന സിസ്റ്റർ നമ്മളിൽ ഒരാളെ അകത്തു വിളിച്ചു…
ഹംസയും മൂസയും നിന്ന് പരുങ്ങിയപ്പോൾ ഞാൻ കയറി ചെന്നു..
“ഇരിക്കൂ “ഡോക്ടർ എന്നെ നോക്കി പ്പറഞ്ഞു…
ആ മുറിയിൽ നിറയെ മരണം നിറഞ്ഞ് നിൽക്കുന്ന ഒരു പ്രതീതി ആയിരുന്നു… മനം മടുക്കുന്ന മരുന്നുകളുടെയും, മറ്റും ഗന്ധം ശ്വാസനാളങ്ങളിൽ
തുളച്ചു കയറുന്ന പോലെ…
ഡോക്ടർ വളരെ സൗമ്യശീലക്കാരനാണെന്ന് കാഴ്ചയിൽ തന്നെ തോന്നുന്നു..
“ഇദ്ദേഹത്തിന്റെ ആരാണ് നിങ്ങൾ?ബന്ധുആണോ?.ഡോക്ടർ ചോദിച്ചു..
“അല്ല..ഞങ്ങൾ ഒരേ സ്പോൺസറുടെ കൂടെ വർക്ക് ചെയുന്നവരാണ്?”.ഞാൻ പറഞ്ഞു.”
“ഇതിന് മുൻപ് ഹാർട്ടിനു എന്തെങ്കിലും ട്രീറ്റ്മെന്റ് ഇദ്ദേഹം നടത്തിയിട്ടുള്ളതായി അറിയുമോ “..
“ഇല്ല ഡോക്ടർ.. എന്റെ അറിവിൽ അങ്ങനെ ഒന്നും ഇല്ല… എന്തെങ്കിലും ഉണ്ടെങ്കിൽ മറച്ചു വെയ്ക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ നമ്മളോട് പറയും “.
“എന്നാൽ കക്ഷി നേരത്തെ ഹാർട്ട് പേഷ്യന്റ് ആയിരുന്നു.. ഒരു പക്ഷെ ആരെയും അറിയിക്കാത്തതാവം, അതല്ലെങ്കിൽ അറിയാതെ കൊണ്ട് നടന്നതാവം…”
ഡോക്ടർ പറയുമ്പോൾ
എന്റെ മനസ്സിൽ വല്ലാത്തൊരു ഭയം കൂട് കൂട്ടുകയായിരുന്നു…ഞാൻ ജിജ്ഞാസയോടെ അദ്ദേഹത്തിന്റെ മുഖത്തു തന്നെ നോക്കിയിരുന്നു… അരുതാത്ത വാർത്തകൾ ഒന്നും വരരുതേയെന്നു മനസ്സിൽ പ്രാർത്ഥിച്ചു…
” പേഷ്യന്റിനെ ഇവിടെ കൊണ്ട് വരുമ്പോൾ തന്നെ വളരെ ക്രിട്ടിക്കൽ ആയിരുന്നു… എന്നിട്ടും
ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു… മരുന്ന്കളോട് ശരീരം പ്രതികരിയ്ക്കാതെ വന്ന് വീണ്ടും കാർഡിയക്റസ്റ്റ് ഉണ്ടായതാണ് കാര്യങ്ങൾ നമ്മുടെ കൈവിട്ട്പോയത്… “
എന്റെ മുഖത്തെ പരിഭ്രമംകണ്ട് ഡോക്ടർ പറഞ്ഞു…”വിഷമിച്ചിട്ടു കാര്യമില്ല,
ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ ഇവിടെ?. സ്പോൺസറെ വിളിച്ചു വിവരം പറയണം…”.
ഞാൻ ഒന്നും പറയാനാകാതെ എല്ലാം ഞാൻ യാന്ത്രികമായി കേൾക്കുകയായിരുന്നു… എന്താണോകേൾക്കരുതെന്നു ആഗ്രഹിച്ചത്.. അത് ഡോക്ടർ നല്ല മെയ്‌വഴക്കത്തോടെ പറഞ്ഞിരിക്കുന്നു..
ഇക്ക നമ്മളെ വിട്ടുപോയി എന്നുള്ള സത്യം ഉൾകൊള്ളാൻ കഴിയാതെ ഞാനിരുന്നു…
ഞാൻ ഇറങ്ങി വരുമ്പോൾ മൂസയും, ഹംസയും ചോദിച്ചു…
“ഡോക്ടർ എന്ത് പറഞ്ഞു?”.
“നമ്മുടെ ഇക്ക പോയി ” എന്റെ ശബ്ദം വല്ലാതെ പതറുന്നത് ഞാനറിഞ്ഞു…
അല്പനേരം ആരും ഒന്നും മിണ്ടിയില്ല..
ഞാൻ പറഞ്ഞു… “കഫീലിനെ വിളിച്ചു പറയ്..”
ഹംസ പ്പെട്ടെന്ന് ഫോണെടുത്തു കഫീലിനെ വിളിച്ചു…
അപ്പോൾ മൂസ്സയുടെ കയ്യിലിരുന്ന ഇക്കയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. നോക്കുമ്പോൾ ഇത്തയുടെ കാൾ ആണ് വരുന്നത്?.
അവൻ പ്പെട്ടെന്നു ഫോൺ എനിക്ക് നേരെ നീട്ടി..”
“നീ എന്തെങ്കിലും പറയ് സാബു “മൂസ്സ പറഞ്ഞു..
ഞാൻ ഫോൺ എടുക്കുമ്പോൾ തന്നെ ഇത്ത ചോദിച്ചു “ങ്ങളെന്താ ഫോൺ എടുക്കാൻ താമസം?”ബേജാറാവണ്ട കേട്ടോ.. ഇന്ന് മോൻ എന്നെ വേറെ ഡോക്ടറെ കൊണ്ട് കാണിച്ചു.. ഒരു കുഴപ്പോം ഇല്ല.. ഓപ്പറേഷൻ ഒന്നും വേണ്ട.. മരുന്ന് കഴിച്ചാ മതീന്ന് “..
ഒറ്റശ്വാസത്തിൽ ഇത്ത പറഞ്ഞപ്പോൾ ഒന്നും പറയാനാകാതെ എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി പ്പോയി…
“സന്തോഷം ആയില്ലേ…പിന്നെന്താ നിങ്ങള് മുണ്ടാട്ടം മുട്ടി നിക്കണത്?”..
എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ പകച്ചു നിന്നപ്പോൾ മൂസ്സ എന്റേന്ന് ഫോൺ വാങ്ങി അറ്റൻഡ് ചെയ്തു..
“ഇത്ത….ഇക്ക ഫോൺ ഇവിടെ വെച്ചിട്ട് പുറത്ത് പോയി.. വരുമ്പോൾ പറയാം “.
“ആര് മൂസ്സ ആണോ… മോനെ മൂപ്പര് പേടിച്ചു നിക്കേണ്.. അതാ ഫോണൊക്കെ മറന്ന് വെച്ച് പോയത്..മോനൊന്ന് കണ്ട് പറയ് എനിക്ക് ഒരു കുഴപ്പോം ഇല്ലെന്ന് “.
“ഓക്കേ….. ശരി ഇത്ത “.. മൂസ്സ ഫോൺ പെട്ടെന്ന് കട്ട് ചെയ്തു രക്ഷപെട്ടു…
ഈ അവസ്ഥയിൽ എന്താ പറയേണ്ടതെന്ന് ആർക്കും ഒരു പിടുത്തവും ഇല്ലായിരുന്നു…
“നാട്ടിൽ അറിയിക്കാതെ പറ്റില്ലല്ലോ..നമുക്ക് ഇക്കയുടെ മോനെ വിളിച്ചു കാര്യം പറയാം “ഞാൻ പറഞ്ഞപ്പോൾ ഹംസ ഇക്കയുടെ ഫോണിൽ നിന്നും മകന്റെ നമ്പർ എടുത്ത് തന്നു… അവൻ പറഞ്ഞു..”നീ തന്നെ വിളിച്ചു പറയ് “.
ഒരുപിടി കനൽ വാരി കൈയിൽ വെച്ചു തന്ന പോലെയാണ് ആ നമ്പർ കുറിച്ച പേപ്പർ തന്നപ്പോൾ തോന്നിയത്!. എന്റെ ഫോണിൽ നിന്ന് ഞാൻ ഇക്കയുടെ മോനെ വിളിച്ചു…
“ഹലോ ആരാണ്?..”അവിടെ നിന്നുള്ള ചോദ്യം വന്നു..
,”റാഫി അല്ലെ…,”ഞാൻ ചോദിച്ചു..
“അതെ..”
“റാഫി ഞാൻ സാബു.. ഇക്കയുടെ കൂട്ടുകാരൻ “…
“ഇക്കയ്ക്ക് ഒരു നെഞ്ച് വേദന.. ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. ഒന്നും പറയാൻ ആവില്ലെന്നു ഡോക്ടർ പറയുന്നു…. ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല.. റാഫി തന്നെ തരം പോലെ പറയ്”..
ഞാൻ പറഞ്ഞു..
“ബാപ്പയെ എങ്ങനെ യെങ്കിലും നാട്ടിൽ എത്തിക്കാൻ നോക്ക് സാബു “..
“നോക്കട്ടെ ഞാൻ പിന്നെ വിളിക്കാം “…ഞാൻ ഫോൺ കട്ട് ചെയ്തിട്ട് മൂസ്സയോട് പറഞ്ഞു.. “ഇതിപ്പോൾ എത്ര നേരം മറച്ചു പിടിയ്ക്കാൻ നമുക്കാവും?അവരോട് സത്യം തുറന്നു പറയണം.. അല്ലെങ്കിൽ ഇക്കയുടെ ആത്മാവ് പൊറുക്കില്ല…”
വെള്ളിയാഴ്ച ആയതിനാൽ ഹോസ്പിറ്റലിൽ വിസിറ്റേഴ്സ് കൂടുതൽ ആയിരുന്നു… ഇടനാഴിയിൽ അത്യാവശ്യം തിരക്കുണ്ട്…
ഇക്കയുടെ ബോഡി മോർച്ചറിയിൽ മാറ്റുന്നതിനു മുൻപ് ഞങ്ങളോട് കാണണമെങ്കിൽ കയറി കണ്ടോളാൻ സിസ്റ്റർ വന്ന് പറഞ്ഞു.
ഇക്കയുടെ ബോഡി കണ്ടപ്പോൾ ഹംസയുടെ നിയന്ത്രണം വിട്ടു കരഞ്ഞു പോയി…
ഞാൻ അവനെ ചേർത്ത് പിടിച്ചു..
ഇക്കയുടെ മുഖത്തു അപ്പോഴും മങ്ങാത്ത
ഒരു പുഞ്ചിരി നിറഞ്ഞിരുന്നോ?… പാവം ഈ ഉള്ള് നിറയെ ഇത്തയോടുള്ള അടങ്ങാത്ത സ്നേഹമാണെന്ന് നമുക്കറിയാം… ആരെയും വെറുക്കാൻ കഴിയാത്ത ഒരു മനസ്സ് ഇക്കയ്ക്കുണ്ടായിരുന്നു… കൂടുതൽ നേരം അവിടെ കണ്ട് നില്കാൻ കഴിയാതെ ഞങ്ങൾ പുറത്തിറങ്ങി…
“സാബു നിന്റെ ഫോണിൽ നിന്നും റാഫിയെ ഒന്ന് വിളിച്ചു താ…”മൂസ്സ പറഞ്ഞപ്പോൾ ഞാൻ റാഫിയെ വിളിച്ചു കൊടുത്തു..
“റാഫി… ഇത് മൂസ്സയാ… പിന്നെ നീ സമാധാനമായിട്ട് കൈകാര്യം ചെയ്യണം.. ഇക്ക നമ്മെ വിട്ടു പോയി…
ബോഡി ഇവിടെ മറവ് ചെയണോ, നാട്ടിൽ കൊണ്ട് വരണോ എന്നൊക്കെ ആലോചിച്ചു പറയ്.. നമ്മൾ പിന്നെ വിളിയ്ക്കാം.”
റാഫി ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിൽക്കുയാണെന്ന് മനസ്സിലായി…
റൂമിൽ എത്തും വരെ നിറഞ്ഞ മൗനത്തെ നമ്മൾ അറിയാതെ പുണർന്നിരുന്നു… അവധിദിവസത്തിന്റെ തിരക്ക് റോഡിൽ ഉണ്ടായിരുന്നെങ്കിലും മനസ്സിന്റെ ഭാരത്തോളം വരില്ലായിരുന്നു മറ്റൊന്നും….
ഞങ്ങൾ തിരികെ റൂമിൽ എത്തുമ്പോൾ ഇക്കയുടെ ഫോണിൽ ഇത്തയുടെ കാൾ വന്ന് റിങ് ചെയ്തു കൊണ്ടിരുന്നു… ആർക്കും അതെടുത്തു എന്തെങ്കിലും മറുപടി പറയുവാനുള്ള ശക്തിയില്ലാതെ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു…
മോഹൻദാസ് എവർഷൈൻ