നിങ്ങളവരുടെ
തണുപ്പിന്റെ മുള്ളുകൾ
കുത്തിപ്പറിച്ചുചോരയിറ്റുന്ന
വരണ്ടുപൊട്ടിയ ചുണ്ടുകൾ
കാണുന്നില്ലേ ..?
പൊതിഞ്ഞുപിടിച്ചിരിക്കുന്ന
കരിമ്പടച്ചൂടിൽ നിന്നും
കൈനീട്ടിയെടുത്തുമോന്തുന്ന
ചായക്കോപ്പകളിൽ
പ്രഭാതങ്ങളെപ്പണയപ്പെടുത്തി
വിയർപ്പുവാറ്റിയെടുത്തിറ്റിച്ച
അവരുടെ ഉന്മേഷങ്ങളുടെ
നഷ്ടനിശ്വാസച്ചൂര്
നീ അറിയുന്നില്ലേ ?
നിങ്ങളവരുടെ
നൊമ്പരംപൊള്ളിത്തിണർത്ത
മെല്ലിച്ചകൈകളിലെ
ഞരമ്പുപൊട്ടിയൊഴുകിയുണങ്ങിയ
കറുത്ത തീത്തഴമ്പുകൾ കാണുന്നില്ലേ …?
നിന്റെ തീൻ മേശമേലെത്തുന്ന
സമൃദ്ധവിഭവങ്ങളിൽ
അലിഞ്ഞുചേർന്നിരിക്കുന്ന
അവരുടെ ജീവന്റെ തുള്ളികളെ
നിനക്ക് രുചിക്കാൻ കഴിയുന്നില്ലേ ?
നിങ്ങളവരുടെ
ദുരിതം ചാലുകീറിയ
കറുത്തിരുണ്ട മുഖത്തെ
നിസ്സഹായദീനതയിലും
കീഴടങ്ങില്ലെന്നലറുന്ന
തീവ്രാഭിമാനത്തിന്റെ
പ്രായം തളർത്താത്ത
അഗ്നിസ്ഫുരണങ്ങൾ കാണുന്നില്ലേ ?
കാലം കലിയോടെ
പകയുടെ തീത്തെയ്യമാടിയ
ഇന്നലെകളുടെ നരകനേരങ്ങളിൽ
നിന്റെ അന്നപ്പുരകൾക്കു
രാപ്പകൽ കാവൽനിന്നു
കരിഞ്ഞുപോയവരുടെ
സങ്കടക്കരച്ചിലുകൾ
ദുരമൂത്തുമൂടിയ
ബധിരകർണ്ണങ്ങളിൽ
ഇനിയും പതിയാത്തതെന്തേ ?
ധാർഷ്ട്യംപുകയുന്ന
തോക്കിൻകുഴലിനുമുന്നിൽ
തോറ്റുതരില്ല ഞങ്ങളെന്ന്
ഉച്ചത്തിൽ വിളിച്ചുപറയുന്ന
ജ്വലിക്കുന്ന കണ്ണുകളിലെ
വെള്ളിടിത്തിളക്കങ്ങൾ
അഹങ്കാരം മൂർച്ഛിച്ച
തിമിരാന്ധകാലത്തിലും
നേരിലേക്കുതുറക്കുന്ന
വഴിവെട്ടങ്ങളായി
നിന്റെ കണ്ണുകളിൽ
ഇനിയും നിറയാത്തതെന്തേ ?
അഹന്ത കൂർപ്പിച്ച
ലാത്തിമുനകൊണ്ട്
ശുഷ്കദേഹംമുറിഞ്ഞ്
ജീവന്റെ അവസാനതുള്ളിയും
ഇറ്റുതീരുമ്പോഴും
ഉരുകിവീഴുന്ന പകലിന്റെ
വെയിൽത്തിരകളെ മുറിച്ചുനീന്തിയവർ
ഉയിരുമരവിക്കുന്ന മഞ്ഞുകാലങ്ങളെ
ഉള്ളുകത്തിച്ചു കുറുകെ നടന്നവർ
മരണം മുടിനാരുപോൽ തൃണമെന്ന്
പുച്ഛിച്ചുപുഞ്ചിരിക്കുന്നതുകാണുമ്പോൾ
നിനക്ക് ലജ്ജ തോന്നുന്നില്ലേ ?
നീ
ഒന്നുമാത്രമറിയുക,
നീയെന്നത്
അധികാരം മോന്തി വീർത്തുപോയ
അധമന്റെ മറുപേരാണ് .,
കമ്മട്ടം കൈയ്യിലുള്ളവന്
രാജ്യം പണയപ്പെടുത്തിയ
ഒറ്റുകാരനായ ചതിയനാണ് .,
ഞങ്ങളെന്നതിന്ന്
തോറ്റുപോകാത്ത
ഭാരതത്തിന്റെ ഒറ്റപ്പേരാണ്.
പ്രവീൺ സുപ്രഭ