കോഴിക്കോട്ടെ സായാഹ്നങ്ങളിൽ പതിവായി കാണാറുണ്ടായിരുന്ന ഒരുമുഖം – യു ഏ ഖാദർ. കല്ലായി റോഡിൽ അപ്സര തിയറ്ററിനടുത്ത് ‘പഞ്ചവടി ‘എന്ന ഹോട്ടൽ തുറന്നതോടെ കോഴിക്കോട്ടെ സാഹിത്യകാരന്മാരിൽ പലരേയും അടുത്ത് കാണാൻ അവസരമൊരുങ്ങി.
തണുപ്പ് കാലത്ത് തെരുവുകളിൽ കമ്പിളി വസ്ത്രങ്ങൾ വിൽക്കുവാൻ ഉത്തരേന്ത്യൻ നാടോടികളെത്തും. അവരുടെ മുഖഛായയുള്ള ഒരാൾ കമ്മത്ത് ലൈനിലൂടെ മിഠായിത്തെരുവിലേക്ക് നടന്ന് പോകുന്നത് കാണാം.”അറിയില്ലേ, സാഹിത്യകാരൻ യു ഏ ഖാദർ..”ശശിയേട്ടൻ പറഞ്ഞു. ഗായിക മച്ചാട്ട് വാസന്തിയുടെ ആങ്ങളയാണ് ശശിയേട്ടൻ. ചേച്ചി ആകാശവാണിയിലെ ആർട്ടിസ്റ്റായിരുന്നതു കൊണ്ട് അവിടത്തെ കലാകാരന്മാരും സാഹിത്യകാരന്മാരുമായി ശശിയേട്ടന് അടുപ്പമുണ്ട്.
പുതിയ കലാകൗമുദിവാരിക ഉയർത്തിക്കാട്ടി കുഞ്ഞുണ്ണി മാഷ് പറഞ്ഞു:”യു ഏ ഖാദറിന്റെ കഥ ഗംഭീരം.നമ്പൂതിരീടെ വരേം കേമം.. ” തൃക്കോട്ടൂർ കഥകൾ വാരികകളിൽ വന്നു തുടങ്ങുന്നേയുള്ളു.വടക്കൻ പാട്ടിന്റെ വായ്ത്താരിപോലെയുള്ള മനോഹരമായ ഗദ്യം .കഥയിൽ അതൊരു മികച്ച പരീക്ഷണമായിരുന്നു. എഴുത്തിൽ ദേശത്തെ കൊണ്ട് വന്നതോടെ യു ഏ ഖാദറിന്റെ കഥകൾക്ക് അന്യാദൃശമായ സൗന്ദര്യം കൈവന്നു.ഖാദർക്ക ഗൾഫിൽ വന്നപ്പോൾ കണ്ട് സംസാരിക്കാൻ അവസരമുണ്ടായി.
കഥാകൃത്ത് ടി.വി. കൊച്ചുബാവ അന്ന് അവിടെയുണ്ട്. ബാവയിലൂടെയാണ് സാഹിത്യകാരന്മാരുടെ വരവറിയുന്നത്.ഒരു സംഘടന ഖാദർക്കയോട് ഒരാവശ്യമുന്നയിച്ചു. മലയാള കഥാ സാഹിത്യത്തിന്റെ വളർച്ചയെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കാമോ?അദ്ദേഹം വല്ലാതായി. അവർക്ക് മറുപടി കൊടുത്തത് ടി.വി. കൊച്ചുബാവ.അവരെക്കൊണ്ട് നല്ലൊരു സ്വീകരണം ഏർപ്പെടുത്തിച്ചു.
കഥപോലെ മനോഹരമായ ഒരു പ്രസംഗം ചെയ്ത് സദസ്സിനോട് സംവദിച്ചു പ്രിയ കഥാകൃത്ത്.
ഓർമ്മകൾക്ക് അറുതിയില്ല.ഓർക്കാപ്പുറത്തുളള ഈ വിടവാങ്ങൽ ഹൃദയ ഭേദകം ..